വൈദ്യുതി നിരക്ക് വര്‍ധന പകല്‍ക്കൊള്ള; ചെന്നിത്തല

വൈദ്യുതി നിരക്ക് വര്‍ധന പകല്‍ക്കൊള്ള; ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ദ്ധനയ്ക്ക് കാരണം പകല്‍ക്കൊള്ളയാണെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വൈദ്യുത ഉല്പാദക കമ്പനികളുമായി ചേര്‍ന്നുള്ള കള്ളക്കളികളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കുറഞ്ഞ നിരക്കില്‍ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള കരാര്‍ റദ്ദാക്കി പകരം അതിന്റെ ഇരട്ടിയിലധികം തുകയ്ക്ക് വൈദ്യുതി വാങ്ങുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കും വില വര്‍ദ്ധനവിനും കാരണമായത്.

യൂണിറ്റിന് 4.15 രൂപ മുതല്‍ 4.29 രൂപ വരെയുള്ള ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കി, പകരം 10.25 രൂപമുതല്‍ 14.30 രൂപ വരെ നല്‍കിയാണ് ഇപ്പോള്‍ വൈദ്യുതി വാങ്ങുന്നത്. കോടികളുടെ നഷ്ടമാണ് ഇത് മൂലം വൈദ്യുത ബോര്‍ഡിന് സംഭവിക്കുന്നത്. ആ ഭാരം ജനങ്ങളുടെ തലയില്‍ കെട്ടിവെക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

2016-ല്‍ ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ 25 വര്‍ഷത്തേക്കുള്ള കരാറായിരുന്നു ഒപ്പിട്ടത്. 465 മെഗാവാട്ടിന്റെ നാലുകരാറുകള്‍ സര്‍ക്കാര്‍ 2023-ല്‍ റദ്ദാക്കി. നിസ്സാരകാര്യം പറഞ്ഞാണ് റെഗുലേറ്ററി കമ്മീഷന്‍ കരാര്‍ റദ്ദാക്കിയത്. വൈദ്യുതി മന്ത്രിയായിരുന്ന എം.എം. മണിയുടെ പ്രൈവറ്റ് സെക്രട്ടറി വില്‍സണ്‍, സിപിഎമ്മിന്റെ ഓഫീസേഴ്സ് സംഘടനയുടെ ജനറല്‍ സെക്രട്ടറി പ്രദീപ് എന്നിവരാണ് റെഗുലേറ്ററി കമ്മിറ്റിയിലെ അംഗങ്ങള്‍. ഈ റെഗുലേറ്ററി കമ്മിറ്റിയുടേതാണ് പുതിയ തീരുമാനം.

ഏറ്റവും വലിയ ഗുണഭോക്താവ് അദാനിയാണ് .പിണറായി സര്‍ക്കാരിന്റെ കാലത്ത് മാത്രമേ ഇത്രയും വലിയ അഴിമതി നടക്കുകയുള്ളൂ. അദാനി പവറിന് കേരളത്തിന്റെ പവര്‍ പര്‍ച്ചേസില്‍ വരണമെങ്കില്‍ യു.ഡി.എഫ് കാലത്തെ കുറഞ്ഞ വിലയ്ക്കുള്ള കരാറുകള്‍ റദ്ദാക്കിയേ മതിയാകുകയായിരുന്നുള്ളൂ . അത് സാദ്ധ്യമാക്കാന്‍ഏതൊക്കെ തലത്തിലുള്ള ഗൂഢാലോചനകളാണ് നടന്നതെന്ന് സര്‍ക്കാര്‍ തന്നെ വെളിപ്പെടത്തം. ആരൊക്കെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 

 

വൈദ്യുതി നിരക്ക് വര്‍ധന പകല്‍ക്കൊള്ള; ചെന്നിത്തല

 

 

Share

Leave a Reply

Your email address will not be published. Required fields are marked *