കോഴിക്കോട്: വയനാട് മുണ്ടക്കൈ ദുരന്തം നടന്നിട്ട് നാല് മാസം കഴിഞ്ഞിട്ടും ദുരിതാശ്വാസ പാക്കേജ് അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ഐഎന്‍എല്‍ ജില്ലാ പ്രസിഡണ്ട് ശോഭ അബൂബക്കര്‍ഹാജി പറഞ്ഞു. കേരളം ഇന്ത്യയുടെ ഭാഗമല്ലേയെന്ന മുദ്രാവാക്യമുയര്‍ത്തി ഇടതുപക്ഷ ജനാധിപത്യ ജില്ലാകമ്മറ്റി ആദായ നികുതി ഓഫീസിന് മുമ്പില്‍ നടത്തിയ പ്രതിഷേധ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരന്ത സ്ഥലം പ്രധാനമന്ത്രി സന്ദര്‍ശിക്കുകയും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പണം ഒരു തടസ്സമാകരുതെന്നും പുനരധിവാസ പാക്കേജടക്കം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയും സംസ്ഥാനം പാക്കേജ് കേന്ദ്രത്തിന് നല്‍കിയിട്ടും ഒരു ചില്ലികാശുപോലും കേന്ദ്രം നല്‍കാത്തത് സംസ്ഥാനത്തോട് മാത്രമല്ല ഫെഡറല്‍ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യായമായ ഈ ആവശ്യം നേടിയെടുക്കാന്‍ ഇടതു മുന്നണി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ഐഎന്‍എല്‍ ന്റെ പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു.
മുണ്ടക്കൈ ദുരന്തം കേന്ദ്ര സഹായം നല്‍കാത്തത് പ്രതിഷേധാര്‍ഹം; ശോഭ അബൂബക്കര്‍ഹാജി