കോഴിക്കോട് : ബബറി മസ്ജിദ് തകർക്കപ്പെട്ടതിൻ്റെ 32ാം വാർഷികത്തിൽ സംസ്ഥാനത്തുടനീളം ഐഎൻഎൽ ഫാസിസ്റ്റ് വിരുദ്ധ ദിനം ആചരിച്ചു. ഓർമ്മകളിൽ ഇന്നും ജ്വലിക്കുന്നു ബാബറി മസ്ജിദ് എന്ന മുദ്രാവാക്യവുമായി മണ്ഡലം, മേഖലാ തലങ്ങളിൽ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മകളും സദസ്സുകളും സംഘടിപ്പിച്ചു. ബാബറി യ്ക്ക് ശേഷം പൗരാണികങ്ങളായ മറ്റു പള്ളികൾക്കു നേരെയും സംഘപരിവാർ സംഘടനകൾ അവകാശവാദമുന്നയിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തവണ ബാബറി ദിനം ഫാസിസ്റ്റ് വിരുദ്ധ ദിനമായി ആചരിച്ചത്. കോഴിക്കോട് കൊയിലാണ്ടിയിലെ പ്രതിഷേധ സംഗമം ഐ എൻ എൽ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർകോവിൽ എം എൽ എ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ കായംകുളത്തു നടന്ന ഫാസിസ്റ്റ് വിരുദ്ധ സംഗമം ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ഉദ്ഘാടനം ചെയ്തു. തിരുനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തിന് മുന്നിലായിരുന്നു പരിപാടി. പാലക്കാട് മണ്ണാർക്കാട് വെച്ച് നടന്ന പ്രതിഷേധ സംഗമം പ്രമുഖ സാംസ്കാരിക പ്രവർത്തകൻ ജി പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കസർഗോഡ് നാലിടങ്ങളിലും കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിൽ മൂന്ന് മേഖലകളിലായി മതേതര സദസ്സുകൾ സംഘടിപ്പിച്ചു. കോഴിക്കോട് പത്തനം തിട്ട നഗരങ്ങളിലടക്കം പ്രതിഷേധ സംഗമങ്ങൾ നടന്നു.