ന്യൂഡല്‍ഹി: വയനാട് ദുരന്തത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് നിയുക്ത വയനാട് എം.പി പ്രിയങ്കാ ഗാന്ധി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ പ്രതീക്ഷയോടെയാണ് വയനാട്ടിലെ ജനം നോക്കിക്കാണുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഒഴിവുകഴിവുകള്‍ പറയുകയല്ല വേണ്ടത്. വയനാട്ടിലെ ജനങ്ങളുടെ ജീവിതം പുനര്‍നിര്‍മിക്കാന്‍ ആവശ്യമായ അടിയന്തരസഹായങ്ങളാണ് ഉണ്ടാകേണ്ടതെന്നും പ്രിയങ്ക ഗാന്ധി എക്സില്‍ കുറിച്ചു.
രാഷ്ട്രീയത്തിനതീതമായി മനുഷ്യത്വത്തിനും കാരുണ്യത്തിനുമായിരിക്കണം മുന്‍ഗണന. ദുരന്തബാധിതര്‍ വലിയ പ്രതീക്ഷകളോടെയാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ കാണുന്നത്. അവരുടെ ജീവിതം പുനര്‍നിര്‍മിക്കാന്‍ അവര്‍ക്ക് വേണ്ടത് അടിയന്തര സഹായമാണ്. അല്ലാതെ ഒഴിവുകഴിവുകളല്ലെന്ന് പ്രിയങ്ക എക്സില്‍ കുറിച്ചു.
വയനാട് ദുരന്തസഹായം വൈകുന്നതില്‍ പ്രിയങ്ക ഗാന്ധി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരിട്ടുകണ്ട് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാനം വിശദമായ നിവേദനം നല്‍കിയത് നവംബര്‍ 13നാണെന്നായിരുന്നു അമിത് ഷായുടെ മറുപടി.വയനാട് ദുരന്തത്തില്‍ റിപ്പോര്‍ട്ട് നല്‍കുന്നതില്‍ കേരളം വലിയ കാലതാമസം വരുത്തി. പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടും മൂന്നരമാസം വൈകിപ്പിച്ചു. ദുരന്ത സമയത്ത് കേരളത്തിന് എല്ലാ സഹായവും നല്‍കി. നിരന്തരം മുഖ്യമന്ത്രിയുമായി സംസാരിക്കുകയും സേനകളെ നല്‍കുകയും ചെയ്തു. കേരളത്തിന് ഉചിതമായ സഹായം നല്‍കുമെന്നും നിവേദനം സെക്രട്ടറിമാരുടെ സമിതി പരിശോധിക്കുകയാണെന്നും അമിത് ഷായുടെ കുറിപ്പില്‍ പറയുന്നു.