ന്യൂഡല്‍ഹി: സംസ്ഥാനഘടകങ്ങളിലെ ബലഹീനതകളും പോരായ്മകളും തിരുത്താന്‍ ബൂത്തുതലംവരെ അഴിച്ചുപണി നടത്താന്‍ ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ് കമ്മിറ്റികള്‍ പിരിച്ചുവിട്ട് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സംസ്ഥാന ഘടകങ്ങളടക്കം എല്ലാ കമ്മിറ്റികളും അതില്‍പ്പെടും. പ്രദേശ്, ജില്ലാ, സിറ്റി, ബ്ലോക്ക് കമ്മിറ്റികളാണ് പിരിച്ചുവിട്ടത്. സംസ്ഥാന കമ്മിറ്റിയുടെ പുനഃസംഘടനയും താഴേത്തട്ടില്‍മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് സൂചന.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. പിന്നാലെ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കാനായിരുന്നു തീരുമാനം. അജയ് റായിയാണ് നിലവിലെ പ്രദേശ് കമ്മിറ്റി പ്രസിഡന്റ്. കഴിഞ്ഞയാഴ്ച ചേര്‍ന്ന പ്രവര്‍ത്തക സമിതിയിലാണ് ഖര്‍ഗെ പിരിച്ചുവിടല്‍ തീരുമാനം എടുത്തത്. സംഘടനയുടെ ബലഹീനതകളും പോരായ്മകളും തിരുത്താന്‍ കടുത്ത തീരുമാനങ്ങള്‍ വേണ്ടിവരുമെന്നും ഖാര്‍ഗെ അഭിപ്രായപ്പെട്ടിരുന്നു.