ദേശീയ ചെങ്കടല്‍ സുസ്ഥിര പദ്ധതിക്കു തുടക്കമിട്ട് സഊദി
റിയാദ്: സമുദ്ര സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് സഊദി അറേബ്യ ദേശീയ ചെങ്കടല്‍ സുസ്ഥിര പദ്ധതിക്കു തുടക്കമിട്ടു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനാണ് പദ്ധതിക്ക് തുടക്കമിട്ടതായി പ്രഖ്യാപിച്ചത്. ചെങ്കടലിനെ സംരക്ഷിക്കുക, പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കുക, സമുദ്ര സമ്പദ്വ്യവസ്ഥക്ക് കരുത്തു പകരുക, സൗദി വിഷന്‍ 2030, ഗവേഷണം, വികസനം, നൂതന സാങ്കേതിക വിദ്യകളുടെ വികസനം എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സുസ്ഥിരതയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടി പോരാടുന്ന സഊദി അറേബ്യയുടെ വിപുലമായ സാമ്പത്തിക, ഭൂമിശാസ്ത്ര, സാംസ്കാരിക സാധ്യതകള്‍ തുറക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് ചടങ്ങില്‍ കിരീടാവകാശി പറഞ്ഞു. രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന സമ്പദ്വ്യവസ്ഥയുടെ പ്രധാന ഘടകമായി സമുദ്ര-മത്സ്യ സമ്പദ്വ്യവസ്ഥയെ മാറ്റുന്നതില്‍ ഈ പദ്ധതി നിര്‍ണായകമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ചെങ്കടല്‍ മേഖലയെ പ്രമുഖ സമുദ്ര സമ്പദ്വ്യവസ്ഥ പ്രവര്‍ത്തനങ്ങളുടെ ആഗോള കേന്ദ്രമായി മാറ്റാന്‍ രാജ്യം ആഗ്രഹിക്കുന്നു. ചെങ്കടലിന്റെ തീരങ്ങളേയും സമൂഹങ്ങളേയും സംരക്ഷിക്കുന്നതിനുള്ള കൂട്ടായ ശ്രമങ്ങള്‍ക്ക് അദ്ദേഹം ആഹ്വാനം ചെയ്തു. 186,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ചെങ്കടല്‍, 1,800 കിലോമീറ്റര്‍ നീളമുള്ള തീരപ്രദേശം, ലോകത്തിലെ ഏറ്റവും ജൈവവൈവിധ്യമുള്ള പ്രദേശങ്ങളിലൊന്നാണ്. നാലാമത്തെ വലിയ ബാരിയര്‍ പവിഴപ്പുറ്റും, ആഗോള പവിഴപ്പുറ്റുകളുടെ 6.2%വും നൂറുകണക്കിന് ദ്വീപുകളും ഇവിടെയുണ്ട്. ഭാവി തലമുറകള്‍ക്ക് അവയുടെ ആസ്വാദനവും സുസ്ഥിരതയും ഉറപ്പാക്കിക്കൊണ്ട് ഈ പ്രകൃതി നിധികളെ സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള സമഗ്രമായ ചട്ടക്കൂടാണ് പദ്ധതി രൂപപ്പെടുത്തുന്നത്.