പ്രവാസി വ്യവസായിയുടെ മരണം നിണായക വഴിത്തിരിവ്

പ്രവാസി വ്യവസായിയുടെ മരണം നിണായക വഴിത്തിരിവ്

കാസര്‍കോട്:ഏറെ കോളിളക്കം സൃഷ്ടിച്ചപൂച്ചക്കാട്ടെ പ്രവാസി വ്യവസായി ം.സി.അബ്ദുല്‍ ഗഫൂറിന്റെ മരണത്തില്‍ നിര്‍ണായക വഴിത്തിരിവ്. വീട്ടില്‍നിന്നു മൂന്നര കോടിയിലേറെ രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാതായെന്ന ആരോപണത്തിലും നിര്‍ണായക വഴിത്തിരിവ്. എം.സി.അബ്ദുല്‍ ഗഫൂറിന്റെ മരണവുമായി ബന്ധപ്പെട്ടു മന്ത്രവാദിനിയും ഭര്‍ത്താവും 2 സ്ത്രീകളും അടക്കം 4 പേരെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. സ്വര്‍ണം കൈക്കലാക്കിയ ഈ സംഘം ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. മരണത്തിനു പിന്നാലെ കാണാതായ 596 പവന്‍ ആഭരണങ്ങള്‍ വാങ്ങിയവരെ കണ്ടെത്താനുള്ള നടപടികള്‍ അന്വേഷണ സംഘം ആരംഭിച്ചു. ജില്ലയിലെ സ്വര്‍ണ വ്യാപാരികളില്‍നിന്ന് ആഴ്ചകള്‍ക്കുമുന്‍പ് ഇതുസംബന്ധിച്ച് മൊഴിയെടുത്തിരുന്നു.പിതാവിന്റെ മരണത്തിലും, ആഭരണങ്ങള്‍ കാണാതായതിനു പിന്നിലും ആഭിചാരക്രിയ നടത്തുന്ന ജിന്നുമ്മയുടെയും ഇവരുടെ ഭര്‍ത്താവായ യുവാവിനെയും സംശയമുണ്ടെന്നു ഗഫൂറിന്റെ മകന്‍ ബേക്കല്‍ പൊലീസിലും മുഖ്യമന്ത്രിക്കും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘത്തെ അന്വേഷണം ഏല്‍പിച്ചത്.

മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഒന്നാം പ്രതി ഉബൈദ് (38), രണ്ടാം പ്രതിയും ഉബൈദിന്റെ ഭാര്യയുമായ ജിന്നുമ്മയെന്ന് അറിയപ്പെടുന്ന ഷെമീമ (38), മൂന്നാം പ്രതി അസ്‌നീഫ (34), നാലാം പ്രതി വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആയിഷ (40) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പയുടെ നിര്‍ദേശ പ്രകാരം ഡിസിആര്‍ബി ഡിവൈഎസ്പി കെ.ജെ.ജോണ്‍സണ്‍, ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ജിന്നുമ്മയുടെ സഹായികളായി പ്രവര്‍ത്തിക്കുന്ന ചിലരുടെ ബാങ്ക് അക്കൗണ്ടുകളില്‍ വലിയ തുക നിക്ഷേപം വന്നതായി പൊലീസ് കണ്ടെത്തി. ഇതിനെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. ബാങ്കിലെ അക്കൗണ്ട് വിവരങ്ങളിലേക്ക് എത്തിയ പണമിടപാടുകളെക്കുറിച്ചു ചോദിച്ചപ്പോള്‍ ഇവര്‍ പരസ്പര വിരുദ്ധമായ മറുപടിയാണു നല്‍കിയിരുന്നത്. തുടര്‍ന്നു അക്കൗണ്ടിലെ മുഴുവന്‍ വിവരങ്ങളും ബാങ്കില്‍നിന്നു പൊലീസ് ശേഖരിച്ചു. തൊഴിലില്ലാത്ത സ്ത്രീകളായ ഇവര്‍ വാടക വീടുകളിലാണു താമസിക്കുന്നതെന്നും ആഡംബര കാറുകളിലാണു യാത്രകളൊന്നും വാഹനത്തിനു വായ്പ ഇല്ലെന്നും കണ്ടെത്തി. ഈ അക്കൗണ്ടിലേക്ക് എത്തിയ പണമിടപാടുകളെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷണം ആരംഭിച്ചു.

വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സഹായികളില്‍ ചിലര്‍ ഒറ്റ ദിവസം കൊണ്ട് ലക്ഷങ്ങള്‍ അടച്ച് വാഹന വായ്പ തീര്‍ത്തതും മന്ത്രവാദിനിയുടെ സംഘത്തിലുള്ള ചിലരുടെ ഫോണ്‍ ലൊക്കേഷന്‍ സംഭവ ദിവസം പൂച്ചക്കാട് പ്രദേശത്തു കണ്ടെത്തിയതും അടക്കമുള്ള തെളിവുകള്‍ ശേഖരിച്ചെന്നാണു സൂചന. മരിച്ചയാളും മന്ത്രവാദിനിയും തമ്മില്‍ കൈമാറിയ സമൂഹമാധ്യമ സന്ദേശങ്ങളും പൊലീസ് വീണ്ടെടുത്തു. മുന്‍പ് ഹണിട്രാപ്പില്‍പ്പെടുത്തി ആഭരണങ്ങളും പണവും തട്ടിയെടുത്ത കേസില്‍ 14 ദിവസം ജിന്നുമ്മയും ഭര്‍ത്താവും റിമാന്‍ഡിലായിരുന്നു. ജോലിക്കുനിന്ന വീട്ടില്‍നിന്നു സ്വര്‍ണം കവര്‍ന്ന കേസിലും ജിന്നുമ്മ നേരത്തേ റിമാന്‍ഡിലായിരുന്നു.

ഗള്‍ഫില്‍ നിരവധി സൂപ്പര്‍ മാര്‍ക്കറ്റുകളും സംരംഭങ്ങളും ഉള്ള ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്ന ഗഫൂര്‍ ഹാജിയെ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുണ്യ മാസത്തിലെ 25-ാം നാളിലെ മരണമായതിനാല്‍ മറ്റൊന്നും ചിന്തിക്കാതെ അന്നുതന്നെ മൃതദേഹം കബറടക്കി. പിറ്റേന്നു മുതല്‍ ഗഫൂര്‍ വായ്പ വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ അന്വേഷിച്ചു ബന്ധുക്കള്‍ വീട്ടിലേക്ക് എത്തിയപ്പോഴാണ് ആകെ 596 പവന്‍ നഷ്ടമായെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കുടുംബം തിരിച്ചറിയുന്നത്. മകന്റെ പരാതിക്കു പിന്നാലെ ഏപ്രില്‍ 27ന് കബറിടത്തില്‍നിന്നു മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തു. പിറ്റേന്നു നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. മേയ് 24ന് സി.എച്ച്.കുഞ്ഞമ്പു എംഎല്‍എയുടെ നേതൃത്വത്തില്‍ കര്‍മസമിതി പൂച്ചക്കാട് സദസ്സ് നടത്തി. ജൂണില്‍ 10000 പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കും ഡിജിപിക്കും നേരിട്ടു നല്‍കി.

 

 

പ്രവാസി വ്യവസായിയുടെ മരണം
നിണായക വഴിത്തിരിവ്

Share

Leave a Reply

Your email address will not be published. Required fields are marked *