തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്ത് വന്ന വാര്‍ത്ത മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. രണ്ടര വയസുകാരിയെ ആയമാര്‍ ക്രൂരമായി പീഡിപ്പിച്ച വാര്‍ത്തയാണത്. കിടക്കയില്‍ മൂത്രമൊഴിച്ചതിന് കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ മുറിവ് വരുത്തുകയാണ് ആയ ചെയ്തത്. ഈ ക്രൂര കൃത്യം ചെയ്ത ആയമാരെ പോക്‌സോ കേസ് പ്രകാരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തതും വാര്‍ത്തയായിട്ടുണ്ട്.
അച്ഛനുമമ്മയും നഷ്ടപ്പെട്ട ഒരു പിഞ്ചോമനയോട് എങ്ങനെ ഇത്ര ക്രൂരമായി സ്ത്രീകള്‍ക്ക് പെരുമാറാന്‍ കഴിയുന്നു എന്നത് സമൂഹം ചോദിക്കേണ്ട ഒരു ചോദ്യമാണ്. നിരാലംബയും നിസ്സഹായയുമായ ഒരു പിഞ്ച് പൈതലിനെ ദ്രോഹിക്കുന്ന ഇവരുടെ മനോഗതി എത്ര ക്രൂരമാണ്. ഈ കുട്ടിയെ ദ്രോഹിച്ചതിന് ശേഷം ആയയായ അജിത ഇത് സംബന്ധിച്ച് വീമ്പു പറയുകയും ചെയ്തു.പീഡനമറ്റേ കുട്ടി വേദനകൊണ്ട് നിലവിളിക്കുകയും, കഷ്ടപ്പെടുകയും ചെയ്തപ്പോള്‍ ആ വിവരം മറച്ചു വെച്ചതിനാണ് അജിതയുടെ സഹ പ്രവര്‍ത്തകരായ മറ്റ് രണ്ട് വനിതകളെയും കേസില്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്തത്.
പോക്‌സോ കേസില്‍പ്പെട്ട ഈ മൂന്ന് പേര്‍ക്കും പരമാവധി ശിക്ഷ നല്‍കാന്‍ നടപടികളുണ്ടാവണം. ഇനി ഒരാളും കുട്ടികളെ ദ്രോഹിക്കരുത്. കുറ്റവാളികള്‍ക്ക് കര്‍ശനമായ ശിക്ഷ ലഭിക്കുമ്പോള്‍ അത് സമൂഹത്തില്‍ ഇത്തരം മൃഗീയ ചിന്താഗതി വെച്ചുപുലര്‍ത്തുന്നവരുണ്ടെങ്കില്‍ ആവര്‍ക്കിത് മുന്നറിയിപ്പായിരിക്കും.
ശിശുക്ഷേമ സമിതികള്‍ ഉള്‍പ്പെടെ കുട്ടികള്‍ വസിക്കുന്ന ഇടങ്ങളിലെല്ലാം സമൂഹത്തിന്റെ ജാഗ്രതയുണ്ടാവണമെന്ന കാര്യമാണ് ഈ സംഭവത്തിലൂടെ വ്യക്തമാവുന്നത്. കുട്ടികളാണ് നമ്മുടെ നാടിന്റെ ഭാവിവാഗ്ദാനങ്ങള്‍. ശൈശവത്തിലും, കുട്ടിത്തത്തിലും അവര്‍ക്ക് ജീവിത കാലത്ത് ഒരു മോശപ്പെട്ട അനുഭവങ്ങളും ഉണ്ടാവരുത്. കുട്ടികള്‍ സമാധാനത്തിലും സന്തോഷത്തിലും വളരട്ടെ. അക്കാര്യത്തില്‍ സര്‍ക്കാരുകള്‍ക്കും, പൊതുജനങ്ങള്‍ക്കും വലിയ ഉത്തരവാദിത്തമുണ്ട്. ആ ദിശയില്‍ ജാഗ്രത പുലര്‍ത്തുന്ന ഒരു സമൂഹമായി നമുക്ക് മാറാം.