ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംഭലിലേക്ക് യാത്ര പുറപ്പെട്ട രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും അതിര്‍ത്തിയില്‍ തടഞ്ഞ് പൊലീസ്. ഡല്‍ഹി-മീററ്റ് എക്‌സ്പ്രസ്‌വേയില്‍ ഗാസിപൂര്‍ അതിര്‍ത്തിയാണ് പൊലീസ് രാഹുലിനെയും സംഘത്തെയും തടഞ്ഞത്.
സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കിയ അഭിഭാഷക സര്‍വേ നടന്ന ചന്ദൗസി സന്ദര്‍ശിക്കാനെത്തിയതായിരുന്നു സംഘം. ബാരിക്കേഡുകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
പൊലീസ് വാഹനങ്ങള്‍ റോഡിനു കുറുകേയിട്ട് പ്രവര്‍ത്തകരെ തടയാനും ശ്രമമുണ്ടായി. ഡല്‍ഹിമീററ്റ് റോഡ് ഭാഗികമായി അടച്ചു. യുപി അതിര്‍ത്തിയായ ഗാസിപുരിലേക്ക് രാഹുലും സംഘവും 11 മണിക്കാണ് പുറപ്പെട്ടത്. പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും യുപിയിലെ കോണ്‍ഗ്രസ് എംപിമാരും സംഘത്തിലുണ്ട്.
രാഹുല്‍ഗാന്ധിയെ തടയാനാകില്ലെന്നും അദ്ദേഹം സംഭല്‍ ഉറപ്പായും സന്ദര്‍ശിക്കുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് യുപി അതിര്‍ത്തിയിലേക്ക് എത്തുന്നത്. രാഹുലിന്റെ യാത്രയ്ക്ക് ജില്ലാ ഭരണകൂടം അനുമതി നല്‍കിയിട്ടില്ല.