ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംഭാലില്‍ സന്ദര്‍ശനം നടത്താനുള്ള നീക്കത്തില്‍ നിന്നും തന്നെയും സംഘത്തെയും തടഞ്ഞതില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. ഒന്നര മണിക്കൂറോളം നീണ്ട പ്രതിഷേധത്തിന് ഒടുവിലാണ് രാഹുല്‍ഗാന്ധിയും സംഘവും സംഭാലിലേക്ക് പോകാതെ ഡല്‍ഹിയിലേക്ക് മടങ്ങിയത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ സംഭാലിലേക്ക് പോവുക എന്നത് തന്റെ ഭരണഘടനാ അവകാശമാണെന്നും എന്നാല്‍ അത് നിഷേധിക്കപ്പെട്ടെന്നും രാഹുല്‍ ആക്ഷേപിച്ചു. ഇതാണ് പുതിയ ഇന്ത്യയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.സംഭാലില്‍ പോയി, ജനങ്ങളെ കാണണം. അവിടെ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്നറിയണം അതെന്റെ ആവശ്യമാണ്.
പൊലീസിന് ഒപ്പം പോകാന്‍ സമ്മതം അറിയിച്ചെങ്കിലും അതിനുള്ള അവസരവും നിഷേധിച്ചു. രാഹുലും പ്രിയങ്കയും അടക്കം അഞ്ചുപേരുടെ സംഘത്തെയെങ്കിലും സംഭാലിലേക്ക് പോകാന്‍ അനുമതി നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതും പൊലീസ് അനുവദിച്ചില്ല. ഒറ്റയ്ക്ക് സംഭാലില്‍ പോകാമെന്ന നിര്‍ദേശവും അംഗീകരിച്ചില്ലെന്നും രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരോട് പറഞ്ഞു.
ഭരണഘടനയുടെ ചെറുപതിപ്പ് ഉയര്‍ത്തിക്കാട്ടിയായിരുന്നു രാഹുല്‍ മാധ്യമങ്ങളോട് സംസാരിച്ചത്. സംഭലില്‍ സംഭവിച്ചത് എന്തായിരുന്നാലും അത് തെറ്റായിരുന്നുവെന്ന് പ്രിയങ്കാഗാന്ധിയും പറഞ്ഞു. അവിടെയുള്ള ജനങ്ങളെ കാണേണ്ടത് ഒരു പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാഹുല്‍ഗാന്ധിയുടെ അവകാശമാണ്. അതാണ് ലംഘിക്കപ്പെട്ടത്. ഒരിഞ്ച് പോലും പിന്നോട്ടില്ല. പോരാട്ടം തുടരുമെന്നും പ്രിയങ്കാഗാന്ധി പറഞ്ഞു.
തന്റെ ഭരണഘടനാ അവകാശം നിഷേധിക്കപ്പെട്ടു
ഇതാണ് പുതിയ ഇന്ത്യ; സംഭാലില്‍ പൊലീസ്
തടഞ്ഞതില്‍ പ്രതിഷേധിച്ച് രാഹുല്‍ഗാന്ധി