ആയമാര്‍ കുഞ്ഞുങ്ങളുടെ ജനനേന്ദ്രിയത്തില്‍ ഉപദ്രവിക്കുന്നത് പതിവ് കാഴ്ചയാണ്; വെളിപ്പെടുത്തലുമായി മുന്‍ജീവനക്കാരി

ആയമാര്‍ കുഞ്ഞുങ്ങളുടെ ജനനേന്ദ്രിയത്തില്‍ ഉപദ്രവിക്കുന്നത് പതിവ് കാഴ്ചയാണ്; വെളിപ്പെടുത്തലുമായി മുന്‍ജീവനക്കാരി

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസുകാരിക്ക് നേരെയുള്ള ശാരീരിക പീഡനത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ആയ. ഉറക്കത്തില്‍ മൂത്രം ഒഴിക്കുന്ന കുഞ്ഞുങ്ങളുടെ ജനനേന്ദ്രിയത്തില്‍ ആയമാര്‍ ഉപദ്രവിക്കുന്നത് പതിവ് കാഴ്ചയാണെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുന്‍ ആയ പറഞ്ഞു. പരാതി പറയുന്ന ആയമാര്‍ ഒറ്റപ്പെടുന്ന അവസ്ഥയാണെന്നും അധികാരികളോട് പ്രശ്നം പറഞ്ഞിട്ടും തിരിഞ്ഞുനോക്കിയില്ലെന്നും അവര്‍ പറഞ്ഞു. മുന്‍പും ഇത്തരം കുറ്റം ചെയ്തവരാണ് ഇപ്പോള്‍ പ്രതികളായവരെന്നും അവര്‍ വ്യക്തമാക്കി.

ക്രൂര കൃത്യം ആയമാര്‍ അധികൃതരെ അറിയിക്കാതെ മറച്ച് വച്ചത് ഒരാഴ്ചയാണ്. കിടക്കയില്‍ മൂത്രമൊഴിക്കുന്നത് പതിവാക്കിയിരുന്ന കുഞ്ഞിന് ഒരു പണി കൊടുത്തുവെന്ന രീതിയിലാണ് ആയമാര്‍ പലയിടത്തും വെച്ച് സംസാരിച്ചത്. അറസ്റ്റിലായ ആയമാര്‍ നേരത്തെയും കുട്ടികളോട് മോശമായി പെരുമാറിയെങ്കിലും ഇടത് രാഷ്ട്രീയബന്ധം കാരണം ജോലിയില്‍ തുടരുകയായിരുന്നു.

ശിശുക്ഷേമ സമിതിയിലെ രണ്ടര വയസ്സുകാരിക്ക് നേരിട്ട ക്രൂരതയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലെത്തിയ കുട്ടിയോട് അറസ്റ്റിലായ ആയമാര്‍ പെരുമാറിയത് അതി ക്രൂരമായിട്ടാണ്. കിടക്കയില്‍ പതിവായി മൂത്രം ഒഴിക്കുന്ന കുട്ടിയെ കാര്യമായി കൈകാര്യം ചെയ്തിട്ടുണ്ടെന്ന് പ്രധാന പ്രതി അജിത ഒപ്പമുണ്ടായിരുന്നവരോട് പറയുന്നത് കഴിഞ്ഞ മാസം 24 ന് ഒരു വിവാഹ വേദിയില്‍ വച്ചാണ്. കുട്ടിയെ ഉപദ്രവിച്ചെന്ന് വ്യക്തമായിട്ടും അത് കേട്ട് സന്തോഷിച്ചതല്ലാതെ ഉപദ്രവം തടയാനോ റിപ്പോര്‍ട്ട് ചെയ്യാനോ ഒപ്പമുണ്ടായിരുന്ന സിന്ധുവും മഹേശ്വരിയും തയ്യാറായില്ല. ഒരാഴ്ചയോളം വിവരം ഇവര്‍ മറച്ചുവെച്ചു. ഇതിനിടെ കുട്ടിയെ കുളിപ്പിച്ചതെല്ലാം പ്രതികളായിരുന്നത് കൊണ്ട് വിവരം പുറത്തുവരാന്‍ വൈകി. വേദനകൊണ്ട് കുട്ടി കരഞ്ഞുവെങ്കിലും പ്രതികള്‍ അനങ്ങിയില്ല. ആഴ്ച ഡ്യൂട്ടി മാറി പുതിയ ആയയാണ് കുളിപ്പിക്കുമ്പോള്‍ കുട്ടി നിലവിളിക്കുന്നത് ശ്രദ്ധിച്ചതാണ് നിര്‍ണ്ണായകമായത്.

സ്വകാര്യ ഭാഗത്തെ മുറിവുകള്‍ അടക്കം അധികൃതരോട് റിപ്പോര്‍ട്ട് ചെയ്യുന്നതും ഈ ആയയാണ്. അപ്പോഴേക്കും ഒരാഴ്ച പിന്നിട്ടിരുന്നു. പിന്‍ഭാഗത്തും കൈക്കും സ്വകാര്യഭാഗത്തും മുറിവുകളോടെയാണ് തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച കുഞ്ഞിനെ ചികിത്സക്കായി കൊണ്ടുപോയത്. ക്രൂരമായി മുറിവുകള്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്ന ഡോക്ടറും അറിയിച്ചതിന് പിന്നാലെയാണ് ശിശുക്ഷേമ സമിതി അധികരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് തുടര്‍ നടപടി എടുത്തത്. സംഭവത്തില്‍ 70 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
കുട്ടികളെ കൈകൊണ്ട് അടിച്ചതിന് നേരത്തെയും ഇതേ പ്രതികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചുവെങ്കിലും ഇടതുരാഷ്ട്രീയ ബന്ധമുള്ള മൂന്നുപേരെയും വീണ്ടും ജോലിയിലെടുക്കുകയായിരുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. വിശദ വിവരങ്ങള്‍ നല്‍കാന്‍ മ്യൂസിയം പൊലീസ് ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെട്ടു.

 

 

ആയമാര്‍ കുഞ്ഞുങ്ങളുടെ ജനനേന്ദ്രിയത്തില്‍ ഉപദ്രവിക്കുന്നത്
പതിവ് കാഴ്ചയാണ്; വെളിപ്പെടുത്തലുമായി മുന്‍ജീവനക്കാരി

Share

Leave a Reply

Your email address will not be published. Required fields are marked *