കോഴിക്കോട്:നാടിനെ നടുക്കിയ ഒരു വാര്‍ത്തയാണ് ഇന്നലെ തിരുനന്തപുരം ശിശുക്ഷേമ സമിതിയില്‍ നിന്ന് പുറത്തു വന്നത്. രണ്ടര വയസ്സുള്ള കുട്ടിയോട് ആയമാര്‍ ചെയ്ത കൊടും ക്രൂരത പുറം ലോകത്തെത്തിച്ചത് മനുഷ്യത്വമുള്ള മറ്റൊരു വനിതാ ജീവനക്കാരി തന്നെയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് കുട്ടിയെ ശിശുക്ഷേമ സമിതിയിലെ താല്‍ക്കാലിക ജീവനക്കാരായ ആണ്ടൂര്‍ കോണം സ്വദേശി അജിത (44), അയിരൂപ്പാറ സ്വദേശി മഹേശ്വരി(49), കല്ലമ്പലം നാവായിക്കുളം മുല്ലനെല്ലൂര്‍ സ്വദേശി സിന്ധു(47) എന്നിവരെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് അജിത കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവേല്‍പ്പിച്ചത്. കുട്ടി വേദനകൊണ്ട് കരയുകയും പ്രയാസപ്പെടുകയും ചെയ്തിട്ടും മുറിവ് കണ്ടിട്ടും അത് മറച്ച് വെച്ചതിനാണ് സിന്ധു, മഹേശ്വരി എന്നിവര്‍ക്കെതിരെ കേസെടുത്തത്. അച്ഛനും അമ്മയും മരിച്ചതിനെ തുടര്‍ന്നാണ് രണ്ടര വയസുകാരിയായ കുട്ടിയും, സഹോദരി അഞ്ച് വയസുകാരിയും ശിശുക്ഷേമ സമിതിയില്‍ എത്തിയത്.
പാവപ്പെട്ട, നിരാലംബരായ ഈ പിഞ്ചു പൈതലിനെ ഉപദ്രവിച്ചവരെ കര്‍ശനമായ ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കണം. കുട്ടിയെ ആയമാര്‍ ഉപദ്രവിച്ചതായി ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
നിഷ്‌ക്കളങ്കരായ പിഞ്ചു പൈതങ്ങളെ ഉപദ്രവിക്കുന്ന ഇത്തരം വ്യക്തികളുടെ മനോഗതിയില്‍ ലജ്ജിച്ച് തല താഴ്ത്തുകയാണ്. സ്വന്തം മക്കളെ അല്ലെങ്കില്‍ ബന്ധുമിത്രാദിതകളെ ഈ സ്ത്രീകള്‍ ഇങ്ങനെ ഉപദ്രവിക്കുമോ?
ഇവര്‍ മുന്‍കാലത്ത് നടത്തിയ എല്ലാ കാര്യങ്ങളും പൊലീസ് അന്വേഷിച്ച് നിയമത്തിന്റെ എല്ലാവഴികളും ഉപയോഗിച്ച് കഠിന ശിക്ഷ ഉറപ്പാക്കാന്‍ ശ്രമിക്കണം. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനിടവരരുത്.
ആരോരുമില്ലാത്ത കുട്ടികളാണ് ശിശുക്ഷേമ സമിതിയില്‍ എത്തുന്നത്. അവരെ പൊന്നുപോലെ സംരക്ഷിക്കേണ്ടതാണ്. ബാല്യത്തില്‍ അച്ഛനുമമ്മയും പകര്‍ന്ന് നല്‍കേണ്ട സ്‌നേഹം ലഭിക്കാതെ വളരേണ്ടി വരുന്ന കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന ഇത്തരമാളുകള്‍ നാടിന് തന്നെ അപമാനമാണ്.
ഈയൊരു സംഭവം സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കണം. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ സമൂഹമാകെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.