പ്രധാനമന്ത്രിക്ക് കത്തെഴുതിയ 17 പേര്‍ പ്രതിഫലിപ്പിച്ചത് ജനവികാരം (എഡിറ്റോറിയല്‍)

പ്രധാനമന്ത്രിക്ക് കത്തെഴുതിയ 17 പേര്‍ പ്രതിഫലിപ്പിച്ചത് ജനവികാരം (എഡിറ്റോറിയല്‍)

               ഇന്ത്യ എല്ലാവരുടേതുമാണെന്ന അടിസ്ഥാന സങ്കല്‍പ്പത്തിന് കോട്ടം തട്ടുന്ന നടപടികളാണ് 2014 മുതല്‍ രാജ്യത്ത് ഭരണം നടത്തുന്ന ബിജെപിയില്‍നിന്നുണ്ടാകുന്നതെന്ന അഭിപ്രായം രാജ്യത്തിനകത്ത് നിന്ന് മാത്രമല്ല, രാഷ്ട്രത്തലവന്മാരില്‍ നിന്നടക്കം ഉണ്ടായിരുന്നു എന്ന വാര്‍ത്തയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജര്‍മന്‍ ചാന്‍സലറായിരുന്ന അംഗലമെര്‍ക്കര്‍ അവരുടെ ആത്മകഥയായ ഫ്രീഡംമെമ്വസ് 1951-2021 എന്ന പുസ്തകത്തില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. മോദി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്ന നടപടികള്‍ രാജ്യത്തെ മത ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്ന നടപടികളാണെന്നാണ്. രാജ്യത്ത് സര്‍വ്വീസ് മേഖലകളില്‍ ഉന്നതസ്ഥാനം വഹിച്ചിരുന്ന 17 വ്യക്തിത്വങ്ങള്‍ ചേര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരിക്കുന്നത്. മത സൗഹാര്‍ദ്ദവും, സാഹോദര്യവും തിരിച്ചുപിടിക്കണമെന്ന് അവര്‍ കത്തിലൂടെ മോദിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആസൂത്രണ കമ്മീഷന്‍ മുന്‍ സെക്രട്ടറി എന്‍.സി.സക്‌സേന, ഡല്‍ഹി മുന്‍ ലഫ്.ഗവര്‍ണര്‍ നജീബ് ജങ്, മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ.ഖുറേഷി, കരസേന മുന്‍ ഉപമേധാവി ലഫ്.ജനറല്‍ സമറുദ്ദീന്‍ഷാ, ബ്രിട്ടനിലെ മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ശിവ് മുഖര്‍ജിയടക്കമുള്ളവരാണ് കത്തെഴുതിയിരിക്കുന്നത്.
ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം പല ഉന്നത ബിജെപി നേതാക്കളുടെ വാക്കുകളും, നമ്മുടെ മഹത്തായ മതസൗഹാര്‍ദ്ദ പാരമ്പര്യത്തിന് ക്ഷതമേല്‍ക്കുന്നതായിരുന്നു. ഹിന്ദുവും, മുസല്‍മാനും, ക്രിസ്ത്യാനിയും, മറ്റെല്ലാവരും ഏകോദരസഹോദരന്മാരായി കഴിയുകയും, പടുത്തുയര്‍ത്തുകയും ചെയ്ത മഹത്തായ രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ഇന്നീ കാണുന്ന വളര്‍ച്ചയ്ക്ക് പിന്നില്‍ ഇന്ത്യക്കാരായ എല്ലാവരുമുണ്ട്. ഇതൊക്കെ മറന്നാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും, സംഘ്പരിവാര്‍ സംഘടനകളുടെയും ചില നേതാക്കള്‍ വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നത്.
ആള്‍ക്കൂട്ടക്കൊലകള്‍, ജെസിബി ആക്രമണം, മുസ്ലിം വിരുദ്ധ പ്രസംഗങ്ങള്‍ മുസ്ലിം-ക്രൈസ്തവ വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഇതെല്ലാംകൊണ്ട് കോടിക്കണക്കിന് വരുന്ന മുസ്ലിം-ക്രസ്തവ ജന വിഭാഗങ്ങള്‍ ദുഃഖിതരാണെന്നും അവര്‍ക്കുണ്ടായ പ്രയാസം പരിഹരിക്കാന്‍ പ്രധാനമന്ത്രി ഒരു വാക്ക് പോലും ഉരിയാടുന്നില്ല എന്നതും ഖേദകരം തന്നെയാണ്. രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരാണെന്നും, മതത്തിന്റെയും ജാതിയുടെയും മറ്റും പേരില്‍ ആര്‍ക്കെതിരെയും വിദ്വേഷ വിവേചനം പാടില്ലെന്നും പ്രധാനമന്ത്രി പ്രഖ്യാപിക്കണമായിരുന്നു. രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കുന്നവര്‍ ആരായാലും കര്‍ശന നടപടിയുണ്ടാവണമായിരുന്നു. ഇതുവഴി വര്‍ഗ്ഗീയ വിദ്വേഷ പ്രചരണങ്ങള്‍ക്ക് തടയിടാനാവുമായിരുന്നു.
പ്രധാന മന്ത്രിക്ക് കത്തെഴുതിയ പ്രമുഖര്‍ ഒരു കാര്യം കൂടി ആവശ്യപ്പെട്ടിട്ടുണ്ട്.പ്രധാനമന്ത്രി മുന്‍കൈയ്യെടുത്ത് സര്‍വ്വമത സമ്മേളനം വിളിക്കണമെന്ന്. തീര്‍ച്ചയായും അതിനായി പ്രധാനമന്ത്രി മുന്നോട്ട് വരുമെന്ന് പ്രത്യാശിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും അധികാരത്തിന് വേണ്ടി വര്‍ഗ്ഗീയ വിഷം തളിക്കുമ്പോള്‍ തകരുന്നത് ഭാരതമാണെന്നും അന്താരാഷ്ട്ര തലത്തില്‍പോലും ഇതിന്റെ അനുരണനം ഉണ്ടാകുന്നുണ്ടെന്ന് അധികാരത്തിലിരിക്കുന്നവരും, കേന്ദ്ര സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന ബിജെപിയും തിരിച്ചറിയണമെന്നും മുറിവുകള്‍ ഉണക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും പ്രതീക്ഷിക്കാം.

പ്രധാനമന്ത്രിക്ക് കത്തെഴുതിയ 17 പേര്‍ പ്രതിഫലിപ്പിച്ചത് ജനവികാരം (എഡിറ്റോറിയല്‍)

Share

Leave a Reply

Your email address will not be published. Required fields are marked *