കോഴിക്കോട് : വിദേശ ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു ദൗത്യ സംഘത്തെ ലോക പര്യടനത്തിനായി നിയോഗിച്ച് വിദേശ രാജ്യത്തെ ഭരണാധികാരികളെ സന്ദര്‍ശിച്ച് ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള അഭ്യര്‍ത്ഥന നടത്തണം എന്നാവശ്യപ്പെട്ട് തടവുകാരുടെ ബന്ധുക്കള്‍ കേരളത്തിലെ ലോക്സഭാ – രാജ്യസഭാ അംഗങ്ങളെയും വിദേശ കാര്യമന്ത്രാലയത്തിന്റെ കമ്മിറ്റി ചെയര്മാന് കൂടിയായ ശശി തരൂര്‍ എം പി യെ ദില്ലിയില്‍ നേരിട്ട് സന്ദര്‍ശിച്ച് നിവേദനം നല്കി.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വിദേശജയിലുകളില്‍ ഇന്ത്യക്കാരുടെ എണ്ണം പതിനായിരത്തോളമായി വര്‍ദ്ധിച്ചിട്ടുണ്ട്. ജയിലുകളില്‍ ഇന്ത്യക്കാരുടെ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ലോക്സഭാ – രാജ്യസഭാ അംഗങ്ങളുടെ സംയുക്ത പിന്തുണയോടെ ഒപ്പ് വെച്ച ഭീമഹര്‍ജി പാര്‍ലമെന്റിന് മുന്‍പാകെ സമര്‍പ്പിക്കുമെന്ന് യു ഡി എഫ് ലോക്സഭാ കണ്‍വീനര്‍ ആന്റോ ആന്റണി എം പി അറിയിച്ചതായി ഇന്ത്യന്‍ പ്രവാസി മൂവ്മെന്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2023 ല്‍ ഇന്ത്യന്‍ പ്രവാസി മൂവ്മെന്റ് പ്രധാനമന്ത്രി മുന്‍പാകെ ഖത്തറിലെ ഇന്ത്യന്‍ തടവുകാരെ 2015 ല്‍ ഒപ്പ് വെച്ച ദ്വിരാഷ്ട്ര ഉടമ്പടി പ്രകാരം സ്വദേശത്തേക്ക് മാറ്റണം എന്നവിശ്യപ്പെട്ട് നൂറിലധികം അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നു.
ഖത്തറിലെ ഇന്ത്യന്‍ എംബസ്സിയുടെ നിര്‍ദേശപ്രകാരം അത്തരമൊരു ഉടമ്പടി നിലവിലില്ല എന്നും പറഞ്ഞ് നടപടിയെടുത്തില്ല. 2024 ഓഗസ്റ്റില്‍ കൊടിക്കുന്നില്‍ സുരേഷ് എം പി യുടെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്ദ്ധന് സിംഗിന്റെ മറുപടിയില്‍ 2015 മുതല്‍ അത്തരമൊരു ഉടമ്പടി ഖത്തറുമായി നിലനില്ക്കുന്നു എന്ന് കൃത്യമായി വെളിപ്പെടുത്തിയിരുന്നു . വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ എംബസ്സികളുടെ ഇത്തരം മനോഭാവം പാവപ്പെട്ട ഇന്ത്യന്‍ പ്രവാസികളെ വളരെയധികം ദോഷകരമായി ബാധിക്കുന്നതായി ഇന്ത്യന്‍ പ്രവാസി മൂവ്മെന്റ് പ്രസിഡന്റ് ആര് സജിത്ത് പറഞ്ഞു.
ഇന്ത്യന്‍ പ്രവാസി മൂവ്മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ ദൗത്യത്തിന് എം പിമാരായ കെ സി വേണുഗോപാല്‍, ബെന്നി ബെഹനാന്,
കെ രാധാകൃഷ്ണന്, എന്‍ കെ പ്രേമചന്ദ്രന്, ഇ ടി മുഹമ്മദ് ബഷീര്‍, കെ സുധാകരന്, രാജ്മോഹന്‍ ഉണ്ണിത്താന്, കൊടിക്കുന്നില്‍ സുരേഷ്, ഹാരിസ് ബീരാന്, ജെബി മേത്തര്‍ എന്നിവരെ കെ പി സി സി ജനറല്‍ സെക്രട്ടറിയും ഇന്ത്യന്‍ പ്രവാസി മൂവ്മെന്റ് രക്ഷാധികാരിയമായ അഡ്വ പി എം നിയാസ് പ്രസിഡന്റ് ആര് ജെ സജിത്ത്,ജനറല്‍ സെക്രട്ടറി ഇറീന ഭാസ്കരന് എന്നിവരുടെ നേതൃത്വത്തില്‍ തടവുകാരുടെ ബന്ധുക്കളും ദില്ലിയില്‍ എം പിമാരെ സന്ദര്‍ശിച്ചു.
വാര്‍ത്ത സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രവാസി മൂവ്മെന്റ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ആര് ജെ സജിത്ത്, സലീന അബു , കെ അബൂബക്കര്‍ മുക്കം, എസ് സമീമ എന്നിവര്‍ ഉള്‍പ്പെട്ട തടവുകാരുടെ ബന്ധുക്കളും പങ്കെടുത്തു.
ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുവാന്‍
കേന്ദ്ര സര്‍ക്കാര്‍ ദൗത്യ സംഘത്തെ നിയോഗിക്കണം