ആലപ്പുഴ: കാറപകടത്തില്‍ മരിച്ച വണ്ടാനം ഗവ.മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ മെഡിസിന്‍ പഠനത്തിനെത്തിയ 5 കൂട്ടുകാര്‍ക്കും സഹപാഠികള്‍ കണ്ണീരോടെ അന്ത്യയാത്ര നല്‍കി. ആശുപത്രി പരിസരത്ത് ദുഃഖം തളം കെട്ടി.ദേശീയപാതയില്‍ കളര്‍കോട് ചങ്ങനാശേരിമുക്ക് ജംക്ഷനില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച 5 വിദ്യാര്‍ഥികളെ കാണാന്‍ നാട് ഒഴുകിയെത്തി. രാവിലെ 9 മണിയോടെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ രാവിലെ തന്നെ ആശുപത്രിയിലെത്തി. ഇന്നലെയും സംസാരിച്ചവര്‍ വേര്‍പിരിഞ്ഞു പോയതിന്റെ വേദനയിലായിരുന്നു ബന്ധുക്കള്‍. ഇന്നലെ രാത്രി 9.20ന് അപകടം നടന്നയുടനെ മെഡിക്കല്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടതെന്ന് വാര്‍ത്ത പരന്നു. അതിനു സ്ഥിരീകരണം ഉണ്ടായതോടെ കോളജ് ഹോസ്റ്റലിലെ വിദ്യാര്‍ഥികളും നാട്ടുകാരും ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു മുന്നിലേക്ക് ഓടിയെത്തി.
രാവിലെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പ് കലക്ടര്‍ അലക്‌സ് വര്‍ഗീസ് ആശുപത്രിയിലെത്തി. പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, സംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, കൃഷി മന്ത്രി പി.പ്രസാദ് എന്നിവരും മറ്റ് ജനപ്രതിനിധികളുമെത്തി. ആശുപത്രിയിലെത്തിയ മാതാപിതാക്കളും ബന്ധുക്കളും കൂട്ടുകാരും പൊട്ടിക്കരഞ്ഞു.
98% മാര്‍ക്കുമായി ആദ്യ അവസരത്തില്‍ തന്നെ എന്‍ട്രന്‍സ് പരീക്ഷ പാസായി എത്തിയതാണ് ലക്ഷദ്വീപ് സ്വദേശിയായ പി.പി.മുഹമ്മദ് ഇബ്രാഹിം. ഇബ്രാഹിമിന്റെ മരണത്തില്‍ മാതാപിതാക്കളും ബന്ധുക്കളും മാത്രമല്ല, ആ ദ്വീപ് ഒന്നാകെ വേദനയിലാണ്. ഒരു നാടിന്റെ മുഴുവന്‍ പ്രതീക്ഷയായിരുന്നു അവന്‍. ഒരു മാസമേയായുള്ളൂ അവന്‍ പഠിക്കാനെത്തിയിട്ട്.” ഇബ്രാഹിമിന്റെ കുടുംബസുഹൃത്ത് പറഞ്ഞു. സ്വന്തം മണ്ണിലേക്ക് തിരിച്ചു പോകാന്‍ മുഹമ്മദ് ഇബ്രാഹിമിന് കഴിഞ്ഞില്ല. എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദിലാണ് ഖബറടക്കം.
പാലക്കാട് ശേഖരീപുരം ശ്രീവിഹാറില്‍ ശ്രീദേവ് വല്‍സന്‍ (19), കോട്ടയം ചേന്നാട് കരിങ്കുഴിക്കല്‍ ആയുഷ് ഷാജി (19), ലക്ഷദ്വീപ് ആന്ത്രോത്ത് പക്രിച്ചിയപ്പുര പി.പി.മുഹമ്മദ് ഇബ്രാഹിം (19), കണ്ണൂര്‍ വെങ്ങര പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ (19) എന്നിവരുടെ മൃതദേഹങ്ങളാണ് പോസ്റ്റുമോര്‍ട്ടത്തിനുശേഷം ആദ്യം പുറത്തിറക്കിയത്. മലപ്പുറം കോട്ടയ്ക്കല്‍ ശ്രീവര്‍ഷത്തില്‍ ദേവനന്ദന്റെ മൃതദേഹമാണ് അവസാനം പുറത്തിറക്കിയത്. ആശുപത്രിയിലെത്തിയ ദേവനന്ദന്റെ അമ്മ പൊട്ടിക്കരഞ്ഞു.
ദേവനന്ദ് ഇന്നലെ സിനിമയ്ക്കായി പോകുന്നതിനു മുന്‍പ് അമ്മയെ വിളിച്ചിരുന്നു. നല്ല മഴയായതിനാല്‍ പിന്നീട് പോകാമെന്ന് അമ്മ പറഞ്ഞിരുന്നു. കൂട്ടുകാര്‍ പോകുന്നതിനാല്‍ കൂടെ പോകുന്നു എന്നാണ് ദേവനന്ദന്‍ പറഞ്ഞത്. സിനിമ കാണാന്‍ കൂട്ടുകാരുമായുള്ള കാര്‍ യാത്ര അവസാന യാത്രയായി. 12 മണിക്ക് പൊതുദര്‍ശനം ആരംഭിച്ചു. മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ 5 ആംബുലന്‍സുകള്‍ സജ്ജമാക്കിയിരുന്നു. പൊതു ദര്‍ശനത്തിനുശേഷം വിവിധ സ്ഥലങ്ങളിലേക്ക് സുഹൃത്തുക്കള്‍ അന്ത്യയാത്ര ആരംഭിച്ചു.
സ്വപനങ്ങള്‍ ബാക്കിയാക്കി
5 കൂട്ടുകാരും മടങ്ങുന്നു