ന്യൂഡല്‍ഹി: രാജ്യത്ത് അതിരുകടക്കുന്ന വര്‍ഗ്ഗീയ സംഘര്‍ഷങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിയും പരിഹാര നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 17 പ്രമുഖ വ്യക്തികള്‍ കത്തെഴുതി.
മുസ്ലിംകള്‍, ക്രിസ്ത്യാനികള്‍, ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ രാജ്യത്ത് അനുഭവിക്കുന്ന അരക്ഷിതാവസ്ഥയും, പീഢനങ്ങളും ചൂണ്ടിക്കാട്ടുന്നതാണ് കത്ത്. കഴിഞ്ഞ 10 വര്‍ഷത്തെ മോദി ഭരണത്തില്‍ ഹിന്ദു-മുസ്ലിം ബന്ധം അങ്ങേയറ്റം മോശമാവുകയും മുസ്ലിംകള്‍ക്കെതിരായ അക്രമണങ്ങളും വേര്‍തിരിവും ചില സംസ്ഥാന സര്‍ക്കാരുകളുടെയും ഏജന്‍സികളുടെയും ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. സര്‍ക്കാരുകള്‍ ഒരു വിഭാഗത്തിനെതിരെ നില്‍ക്കുകയും അവരെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന നടപടി രാജ്യ ചരിത്രത്തിലുണ്ടായിട്ടില്ലെന്നും കത്തില്‍ പറയുന്നു.
മുസ്ലിംകളുടെ വീടുകള്‍, സ്ഥാപനങ്ങള്‍ ജെസിബി ഉപയോഗിച്ച് തകര്‍ക്കല്‍, ബീഫിന്റെ പേരിലുണ്ടായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഇസ്ലാം വിരുദ്ധ പ്രസംഗങ്ങള്‍ എന്നിവയും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 22% വരുന്ന രാജ്യത്തെ മുസ്ലിംകളുടെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണം നാടിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചക്ക് തിരിച്ചടിയാവും. പുരാതന മുസ്ലിം പള്ളികള്‍, ദര്‍ഗകള്‍, സ്വത്തുക്കള്‍ വീണ്ടും സര്‍വ്വേ ചെയ്യണമെന്ന ആവശ്യം ഇന്ത്യയുടെ ബഹുസ്വരത തകര്‍ക്കും. ആരാധനാലയ സംരക്ഷണ നിയമം നിലനില്‍ക്കെ ചില കോടതികള്‍ ഇത്തരം ആവശ്യങ്ങള്‍ അനുവദിക്കാന്‍ അനാവശ്യമായ ധൃതി കാണിക്കുകയാണ്. മുഴുവന്‍ സംസ്ഥാന സര്‍ക്കാരുകളും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ഉറപ്പാക്കണം.
രാജ്യത്തിന്റെ മതസൗഹാര്‍ദ്ദം സംരക്ഷിക്കാന്‍ സര്‍വ്വമത സമ്മേളനം വിളിക്കണം. ആസൂത്രണ കമ്മീഷന്‍ മുന്‍ സെക്രട്ടറി എന്‍.സി.സക്‌സേന, മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ.ഖുറേഷി, ഡല്‍ഹി മുന്‍ ലഫ്.ഗവര്‍ണര്‍ നജീബ് ജങ്,കരസേന മുന്‍ ഉപമേധാവി ലഫ്. ജനറല്‍ സമീറുദ്ദീന്‍ ഷാ തുടങ്ങിയവര്‍ കത്തെഴുതിയവരില്‍ ഉള്‍പ്പെടുന്നു.