ന്യൂഡല്‍ഹി:ദില്ലിയിലെ മലിനീകരണത്തില്‍ നടപടി കര്‍ശനമാക്കി സുപ്രീം കോടതി. ദില്ലിയിലെയും 4 സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരോട് വ്യാഴാഴ്ച കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചു. യുപി, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കാണ് സമന്‍സ് അയച്ചിരിക്കുന്നത്. ക്ഷമയ്ക്ക് പരിധിയുണ്ടെന്നും സുപ്രീം കോടതി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.
മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ദില്ലിയിലെ പകുതി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയിരുന്നു. ദില്ലി സര്‍ക്കാരിന് കീഴിലെ ഓഫീസുകളിലാണ് നിയന്ത്രണം കടുപ്പിച്ചത്. ദില്ലിയില്‍ വായുമലിനീകരണം ഗുരുതരാവസ്ഥയില്‍ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. നഗരത്തിന്റെ പല ഭാഗങ്ങളിലും വായുഗുണനിലവാര സൂചിക 500നും മുകളിലാണ്. മലിനീകരണ തോത് കൂടിയതോടെ കൃത്രിമ മഴ പെയ്യിക്കുന്നതടക്കമുള്ള നടപടികള്‍ എടുക്കണം എന്നാവശ്യപ്പെട്ട് ദില്ലി സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്.