‘ജാവഡേക്കര്‍ വിളിച്ചാല്‍ പോലും ഫോണ്‍ എടുക്കില്ല’; സുരേന്ദ്രനെതിരെ സന്ദീപ് വാര്യര്‍
കൊച്ചി: ബി.ജെ.പി ദേശീയ നേതൃത്വത്തിന് കേരളത്തിലെ ബി.ജെ.പിയെ കുറിച്ച് ഗൗരവതരമായ സമീപനമില്ലെന്ന് സന്ദീപ് വാര്യര്‍. പാലക്കാട് സി കൃഷ്ണകുമാറിനെ പോലുള്ള സ്ഥാനാര്‍ഥിയെ കൊണ്ടുവന്നത് ഇതിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു സന്ദീപ് വാര്യര്‍
‘പെളിറ്റിറ്റിക്കല്‍ റിട്ടര്‍മെന്റ് കൊടുത്ത ജാവഡേക്കറെ പോലുള്ള ഒരാളെ കേരളത്തില്‍ വന്നിട്ട് ചിപ്‌സും കൊടുത്ത് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കാന്‍ വിട്ടിരിക്കുകയാണ്. മൂപ്പര്‍ക്ക് ഇവിടത്തെ രാഷ്ട്രീയത്തെ കുറിച്ച് ധാരണയില്ല. ജാവഡേക്കര്‍ ഫോണ്‍ വിളിച്ചാല്‍ കെ സുരേന്ദ്രന്‍ എടുക്കാറില്ല. ഞങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോള്‍ ഞാന്‍ കണ്ടിട്ടുള്ളതാണ്. ഒരു വാല്യുവും ജാവഡേക്കര്‍ക്ക് കൊടുക്കുന്നില്ല’ സന്ദീപ് വാര്യര്‍ പറഞ്ഞു.
‘എതിരാളികള്‍ പികെ കൃഷ്ണദാസും എംടി രമേശും ഒക്കെ ആണെന്നുള്ളതാണ് സുരേന്ദ്രനെ ശക്തനാക്കുന്നത്. ഈ നേതാക്കള്‍ ബിജെപി യോഗങ്ങളില്‍ നിന്ന് വിട്ടുനിന്നാണ് സുരേന്ദ്രനെതിരെ പ്രതിഷേധിക്കുന്നത്. അതുകൊണ്ട് എന്ത് കാര്യം. സുരേന്ദ്രന് അപ്പുറത്ത് നില്‍ക്കുന്ന ആളുകള്‍ക്ക് യോഗങ്ങളില്‍ പോയി പ്രതിഷേധം അറിയിക്കാനുള്ള ഉള്‍ക്കരുത്ത് ഇല്ല. അടുത്ത തലമുറയില്‍ നിന്ന് ആരെങ്കിലും വളര്‍ന്നു വരാന്‍ ഇവരാരും സമ്മതിക്കില്ല.’ സന്ദീപ് വാര്യര്‍ പറഞ്ഞു.
പുതുതായി എത്തുന്നവര്‍ക്ക് ബിജെപിയില്‍ ഒരു ബഹുമാനവും കൊടുക്കുന്നില്ല. അവര്‍ നിരാശരാണ്, വളരെ നല്ല പദവികളില്‍ ഇരിക്കുന്ന ആളുകളെ പാര്‍ട്ടിയില്‍ കൊണ്ടുവന്ന് അപമാനിച്ച് അയക്കുന്ന സമീപനമാണ് ബിജെപി സ്വീകരിക്കുന്നത്. സ്വന്തം പാര്‍ട്ടിയുടെ ഇലക്ഷന്‍ ഫണ്ട് ആ പാര്‍ട്ടി തന്നെ അടിച്ച് മാറ്റുന്ന വേറെ ഏതൊരു പാര്‍ട്ടിയാണ് ലോകത്തുണ്ടാകുക.ബിജെപി നന്നാവണമെന്ന് എനിക്ക് ഒരാഗ്രഹവുമില്ല. അത് എങ്ങനെയെങ്കിലും പൊക്കോട്ടെ. ഞാന്‍ പാര്‍ട്ടിവിട്ടു വന്നയാളാണ്, ഇപ്പോള്‍ പറയാന്‍ സ്വതന്ത്ര്യമുണ്ട് അതുകൊണ്ട് പറയുന്നു. സുരേന്ദ്രന്‍ പോയി നാളെ രമേശ് വന്നാലും ഇത് തന്നെയാകും ബിജെപിയുടെ അവസ്ഥ. പാര്‍ട്ടിയിലെ നേതൃമാറ്റമല്ല ആവശ്യപ്പെട്ടത്, പാര്‍ട്ടികക്കെത്തെ വെറുപ്പും വിദ്വേഷവും സഹജീവി സ്‌നേഹമില്ലായ്മയും മനുഷ്യത്വമില്ലായ്മയും കാരണമാണ് പാര്‍ട്ടി വിട്ടതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.