കൂട്ടുകൂടാനില്ല; നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് എഎപി
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. ആരുമായും സഖ്യത്തിനില്ലെന്ന് എഎപി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. അടുത്ത വര്‍ഷം ആദ്യത്തിലാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്.
എഎപി സര്‍ക്കാരിന്റെ വിലയിരുത്തലാവുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മറ്റാരുടെയും പിന്തുണ ആവശ്യമില്ലെന്നാണ് കെജ്‌രിവാളിന്റെ നിലപാട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എഎപിയും ഒരുമിച്ച് മത്സരിച്ചെങ്കിലും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. മുഴുവന്‍ സീറ്റുകളും ബിജെപി തൂത്തുവാരുകയായിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ കോണ്‍ഗ്രസുമായി എഎപി സഖ്യത്തിന് തയ്യാറായിരുന്നില്ല. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപി കോണ്‍ഗ്രസിനോട് മുഖം തിരിക്കുകയായിരുന്നു.
നിലവില്‍ 70 അംഗ ഡല്‍ഹി നിയമസഭയില്‍ എഎപിക്ക് 62 സീറ്റുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 11 സ്ഥാനാര്‍ഥികളെ അടുത്തിടെ എഎപി പ്രഖ്യാപിച്ചിരുന്നു. ഇവരില്‍ ആറുപേര്‍ കോണ്‍ഗ്രസില്‍നിന്നും ബിജെപിയില്‍നിന്നും എത്തിയവരാണ്.