വിറ്റാമിന്‍ ഡി; ഇളം വെയില്‍ കൊള്ളേണ്ടത് രാവിലെയോ വൈകീട്ടോ അല്ലെന്ന് പഠനം
വിറ്റാമിന്‍ ഡി നമ്മുടെ ശരീരത്തില്‍ ഒരേ സമയം പോഷകമായും ഹോര്‍മോണ്‍ ആയും പ്രവര്‍ത്തിക്കുന്നു. എല്ലുകള്‍ക്കും പല്ലുകള്‍ക്കും ആവശ്യമായ കാല്‍സ്യം, ഫോസ്ഫറസ് എന്നിവയുടെ ആഗിരണത്തിന് ശരീരത്തില്‍ വിറ്റാമിന്‍ ഡി അനിവാര്യമാണ്. രോഗപ്രതിരോധ പ്രവര്‍ത്തനം, പേശികളുടെ ആരോഗ്യം, വീക്കം, മാനസികാവസ്ഥ എന്നിവയുടെ പരിപാലനത്തിനും ഇവ നിര്‍ണായക പങ്ക് വഹിക്കുന്നു.
സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് ബി (യുവിബി) രശ്മികള്‍ ചര്‍മത്തിലേല്‍ക്കുമ്പോളാണ് വിറ്റാമിന്‍ ഡി ഉല്‍പാദിപ്പിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇതിനെ ‘സണ്‍ഷൈന്‍ വിറ്റാമിന്‍’ എന്നും വിളിക്കാറുണ്ട്.
വിറ്റാമിന്‍ ഡി ഉല്‍പാദിപ്പിക്കാനുള്ള നല്ല സമയം
രാവിലെയും വൈകുന്നേരവുമുള്ള ഇളം വെയില്‍ കൊള്ളുന്നതാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉല്‍പാദിപ്പിക്കാനുള്ള ഏറ്റവും മികച്ച സമയമെന്നാണ് കാലങ്ങളായി നമ്മള്‍ കരുതിയിരുന്നത്. എന്നാല്‍ ഇത് ഒരു അബദ്ധധാരണയാണെന്ന് പുതിയ കണ്ടെത്തലുകള്‍ ചൂണ്ടിക്കാണിക്കുന്നു.
ശരീരത്തിന് വിറ്റാമിന്‍ ഡി ഉല്‍പാദിപ്പിക്കണമെങ്കില്‍ യുവി സൂചിക മൂന്നില്‍ കൂടുതലായിരിക്കണം. ഇത് സാധാരണയായി രാവിലെ 10 നും ഉച്ചയ്ക്ക് 12 മണിക്കും ഇടയിലുള്ള സമയത്താണ് സംഭവിക്കാറ്. വര്‍ഷം, ലാറ്റിറ്റൂഡ്, കാലാവസ്ഥ, വായു മലിനീകരണം, ഭൂമിശാസ്ത്രപരമായ സ്ഥാനം എന്നിവയെ ആശ്രയിച്ച് യുവി സൂചികയില്‍ മാറ്റം വരാം.
പുലര്‍ച്ചയും വൈകുന്നേരവുമുള്ള സമയം യുവിഎ രശ്മികളാണ് സൂര്യനില്‍ നിന്ന് വരുന്നത്. ഇത് ശരീരത്തില്‍ നൈട്രിക് ഓക്‌സൈഡ് ഉണ്ടാവാന്‍ നല്ലതാണ്. എന്നാല്‍ വിറ്റാമിന്‍ ഡി ഉല്‍പാദനത്തിന് ഇത് ഉപകരിക്കില്ല.
സമയം എങ്ങനെ തിരിച്ചറിയാം
സൂര്യപ്രകാശത്തിന് കീഴില്‍ നില്‍ക്കുമ്പോള്‍ നിഴലിന്റെ വലിപ്പം ശ്രദ്ധിക്കുക. നിങ്ങളുടെ ഉയരത്തെക്കാള്‍ നിഴല്‍ ചെറുതാണെങ്കില്‍ അതാണ് കൃത്യസമയം. ഈ സമയം യുവിബി രശ്മികള്‍ ചര്‍മത്തില്‍ എത്തുന്നത് വിറ്റാമിന്‍ ഡി മികച്ച രീതിയില്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കും.
ആവശ്യത്തിന് സൂര്യപ്രകാശം ലഭിച്ചാലും ഇരുണ്ട ചര്‍മുള്ളവരില്‍, അതായത് ഉയര്‍ന്ന അളവില്‍ മെലാനില്‍ ഉള്ളവരില്‍ ആവശ്യത്തിന് വിറ്റാമിന്‍ ഡി ഉല്‍പാദിപ്പിക്കാന്‍ പ്രയാസമാണ്. കൂടാതെ പ്രായം കൂടുന്നതനുസരിച്ച് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉല്‍പാദനം കുറയും. പൊണ്ണത്തടി, ദഹനസംബന്ധമായ തകരാറുകള്‍, വൃക്കരോഗങ്ങള്‍ എന്നിവ നേരിടുന്ന പ്രായമായവരിലും വിറ്റാമിന്‍ ഡി പ്രോസസ് ചെയ്യാന്‍ കഴിയില്ല.
സാല്‍മണ്‍, അയല, ട്യൂണ, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളില്‍ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. സൂര്യപ്രകാശം ഏല്‍ക്കുന്ന കോഴികളില്‍ നിന്നുള്ള മുട്ടകളും വിറ്റാമിന്‍ ഡിയുടെ നല്ല ഉറവിടമാണ്. ഫോര്‍ട്ടിഫൈഡ് പാല്‍, ഓറഞ്ച് ജ്യൂസ്, ചീസ്, തൈര് തുടങ്ങിയവയിലും ചെറിയ അളവില്‍ വിറ്റാമിന്‍ അടങ്ങിയിട്ടുണ്ട്. അള്‍ട്രാവയലറ്റ് രശ്മികളുടെ സഹായത്താല്‍ വളരുന്ന മൈടേക്ക്, ഷിറ്റേക്ക് തുടങ്ങിയ കൂണു ഇനങ്ങളിലും വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്.
ഈ തണുപ്പുകാലത്ത് തേന്‍ ചേര്‍ത്ത ഇഞ്ചി ചായയാണ് ബെസ്റ്റ്! പ്രതിരോധം ശക്തമാക്കാം
മുതിര്‍ന്നവരില്‍ ഒരു ദിവസം 600 മുതല്‍ 800 ഐയു (ഇന്റര്‍നാഷണല്‍ യൂണിറ്റ്) വരെ വിറ്റാമിന്‍ ഡി ആവശ്യമാണ്. പ്രായമായവരില്‍ അത് 800 മുതല്‍ 1000 ഐയു വരെയും കുട്ടികളില്‍ അത് 400 മുതല്‍ 600 ഐയു വരെയുമാണ്.