വിഭാഗീയത; കരുനാഗപ്പള്ളി സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു
കൊല്ലം: കരുനാഗപ്പള്ളിയിലെ വിഭാഗീയതയില്‍ കടുത്ത നടപടിയുമായി സി.പി.എം സംസ്ഥാന നേതൃത്വം. നിലവിലെ ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു. പകരം ഏഴംഗ അഡ്ഹോക്ക് കമ്മിറ്റിയെ ചുമതലപ്പെടുത്തി. സംസ്ഥാന സമ്മേളനം കഴിഞ്ഞ ശേഷമായിരിക്കും ഏരിയ സമ്മേളനം നടക്കുക. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗങ്ങളിലാണ് തീരുമാനം. ലോക്കല്‍ കമ്മിറ്റികളില്‍ പ്രശ്രനങ്ങള്‍ ഉണ്ടായെന്നും തെറ്റായ ഒരു പ്രവണതയും അംഗീകരിക്കാന്‍ കഴിയില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പറഞ്ഞു.
വിഭാഗീയത ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റിലും ഭിന്നാഭിപ്രായങ്ങളുമായി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. അച്ചടക്ക നടപടി ഉടന്‍ വേണമെന്ന് ഒരുപക്ഷം നിലപാടെടുത്തപ്പോള്‍ വിമതര്‍ക്ക് പറയാനുള്ളത് കേള്‍ക്കണം എന്നും ആവശ്യം ഉയര്‍ന്നു.
‘സേവ് സി.പി.എം’ എന്ന പ്ലക്കാര്‍ഡുകളുമേന്തി കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയതിനു പിന്നാലെയായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടല്‍. നേരത്തെ നേതൃത്വത്തിനെതിരെ ‘സേവ് സി.പി.എം’ എന്ന പോസ്റ്റര്‍ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിന് പുറത്തടക്കം പതിച്ചിരുന്നു. ജില്ലാ കമ്മിറ്റി അംഗം പി.ആര് വസന്തനെതിരെയും ആരോപണമുണ്ട്.