സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് സപ്ലൈകോയ്ക്ക് കിട്ടാനുള്ളത് കോടികള്‍
തിരുവനന്തപുരം: സപ്ലൈകോക്ക് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്ന് ലഭിക്കാനുള്ളത് കോടികള്‍. 2908.77 കോടി രൂപ സപ്ലൈകോയ്ക്ക് കിട്ടാനുണ്ട്. 2024 ജൂലൈ 31 വരെയുള്ള സപ്ലൈകോയുടെ ബാധ്യത 2490 കോടി രൂപ വരും. ലഭിക്കാനുള്ളതിന്റെ മൂന്നിലൊന്നെങ്കിലും കിട്ടിയാലേ സപ്ലൈകോയ്ക്ക് പിടിച്ചു നില്‍ക്കാനാകൂ.
ഭക്ഷ്യപൊതുവിതരണ വകുപ്പ്, വിദ്യാഭ്യാസം, റവന്യൂ, ഫിഷറീസ് – തദ്ദേശ സ്വയംഭരണം തുടങ്ങി വിവിധ വകുപ്പുകളില്‍ നിന്നാണ് കോടിക്കണക്കിന് രൂപ സപ്ലൈക്കോയ്ക്ക് ലഭിക്കാനുള്ളത്. ഇതില്‍ 2,748.46 കോടി രൂപ സിവില്‍ സപ്ലൈസ് വകുപ്പ് നല്‍കാനുള്ളതാണ്. ഇതില്‍ 1300 കോടിയോളം രൂപ വിപണി ഇടപെടലിനു വേണ്ടി സപ്ലൈകോ ചിലവഴിച്ചു. ബാക്കി തുക നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കുടിശ്ശിക.
വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ലഭിക്കാനുള്ളത് 125.58 കോടി. റവന്യൂ വകുപ്പില്‍ നിന്ന് 11.17 കോടിയും. ഫിഷറീസ് – തദ്ദേശ വകുപ്പില്‍ നിന്ന് 18 കോടിയോളവും ലഭിക്കാനുണ്ട്. കോവിഡ് സമയത്തെ കമ്മ്യൂണിറ്റി കിച്ചന് വേണ്ടി 5.45 കോടി രൂപ രൂപ സപ്ലൈകോ ചിലവഴിച്ചു. ആകെ കിട്ടാനുള്ളത് 2908.77 കോടി രൂപ. ഇതിന് പുറമെയാണ് സപ്ലൈകോയുടെ കടം.
വിവിധ ബാങ്കുകളില്‍ നിന്നായി വായ്പയെടുത്തതില്‍ 2490 കോടി രൂപയാണ് ബാധ്യത. ഇത് തിരിച്ചടക്കാന്‍ പോലും സപ്ലൈകോയ്ക്ക് കഴിഞ്ഞിട്ടില്ല. വിവിധ വകുപ്പുകളില്‍ നിന്ന് കിട്ടാനുള്ളത് യഥാസമയത്ത് ലഭിക്കാത്തത് സപ്ലൈകോയുടെ പ്രതിസന്ധിക്ക് ആക്കം കൂട്ടി. ധനവകുപ്പ് അവഗണന കാണിക്കുന്നില്ല എന്ന് മന്ത്രി ജി.ആര്‍ അനില്‍ പറയുന്നുണ്ടെങ്കിലും വകുപ്പില്‍നിന്ന് അര്‍ഹമായ പണം ലഭിക്കുന്നില്ല. പൊതുവിതരണ വകുപ്പിന് ധനവകുപ്പ് നല്‍കാനുള്ള തുക നല്‍കിയാലേ സപ്ലൈകോയുടെ പ്രതിസന്ധി നീങ്ങൂ.