കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് 32 വര്‍ഷം തികയുന്ന ഡിസംബര്‍ 6 ഫാഷിസ്റ്റ് വിരുദ്ധദിനമായി ആചരിക്കുമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റി. ‘ഓര്‍മയില്‍ ജ്വലിക്കുന്നു; ഇന്നും ബാബരി മസ്ജിദ് ‘ എന്ന പ്രമേയവുമായി അന്നേ ദിവസം വൈകീട്ട് സംസ്ഥാന വ്യാപകമായി മണ്ഡലം തലങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കും. രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും. ബാബരി മസ്ജിദ് വിഷയത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചനയാണ് ന്യൂനപക്ഷങ്ങളോട് രാജ്യത്തെ വ്യവസ്ഥിതി ചെയ്തതെന്നും അക്കാര്യം മറവിയിലേക്ക് തള്ളുന്നത് മഹാപാതകമാവുമെന്നും പാര്‍ട്ടി സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു. ബാബരി മസ്ജിദിനെ സംരക്ഷിക്കാന്‍ ഐ.എന്‍.എല്‍ സ്ഥാപക നേതാവ് ഇബ്രാഹീം സുലൈമാന്‍ സേട്ടിനെ പോലെ രാജ്യത്ത് മറ്റൊരു നേതാവും പരിശ്രമിക്കുകയോ ത്യാഗങ്ങള്‍ സഹിക്കുകയോ ചെയ്തിട്ടില്ലെന്നും ഐ.എന്‍.എല്ലിന്റെ രൂപീകരണത്തിന് നിമിത്തമായത് ബാബരി വിഷയത്തില്‍ സുലൈമാന്‍ സേട്ട് സ്വീകരിച്ച തത്ത്വാധിഷ്ഠിത നിലപാടും ആദര്‍ശധീരതയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ 6 ഫാഷിസ്റ്റ്
വിരുദ്ധദിനമായി
ആചരിക്കും- ഐ.എന്‍.എല്‍