ക്ഷേമപെന്ഷന് വാങ്ങുന്നവരില്‍ കോളജ് അധ്യാപകരും ഗസറ്റഡ് ഉദ്യോഗസ്ഥരും; കൊള്ളയില്‍ 1458 ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം: സര്‍ക്കാറിന്റെ സാമൂഹിക ക്ഷേമപെന്ഷന് വാങ്ങുന്നവരില്‍ കോളജ് അധ്യാപകര്‍ ഉള്‍പ്പെടെ അയിരത്തിലേറെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹിക ക്ഷേമ പെന്ഷന് വാങ്ങുന്നുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. ധനവകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്റെ പരിശോധനയിലാണ് വിവരങ്ങള്‍ പുറത്തുവന്നത്.
ഗസറ്റഡ് ഉദ്യോഗസ്ഥര്‍, കോളജ് അധ്യാപകര്‍, ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ തുടങ്ങിയവര്‍ ക്ഷേമപെന്ഷന് നിയമവിരുദ്ധമായി കൈപ്പറ്റുന്നതായാണ് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തയത് നേരത്തതെന്ന സര്‍ക്കാര്‍ അനര്‍ഹമായവര്‍ സാമൂഹിക ക്ഷേമ പെന്ഷന് കൈപ്പറ്റുന്നതായി മനസ്സിലാക്കിയിരുന്നു. തുടര്‍ന്നാണ് ധനവകുപ്പ് പരിശോധന നടത്തിയത്.
പാലക്കാട്, തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ കോളജ് അധ്യാപകരാണ് സാമൂഹികക്ഷേമ പെന്ഷന് വാങ്ങുന്നതായി കണ്ടെത്തിയത്. ഹയര്‍സെക്കന്‍ഡറി അധ്യാപകരായ മൂന്നു പേര് പെന്ഷന് വാങ്ങുന്നു. ആരോഗ്യവകുപ്പിലെ 373 പേരും പൊതുവിദ്യാഭ്യാസവകുപ്പിലെ 224 പേരും നിയമവിരുദ്ധമായി സാമൂഹിക ക്ഷേമപെന്ഷന് കൈപ്പറ്റുന്നതായാണ് കണക്കുകള്‍. ഇവരില്‍ നിന്ന് പലിശ അടക്കം തിരിച്ചുപിടിക്കാനാണ് സര്‍ക്കാര്‍ നീക്കം.