വഖഫ് നിയമ ഭേദഗതി ബില്ലിനെ ചെറുത്ത് തോല്‍പ്പിക്കണം; കാസിം ഇരിക്കൂര്‍

വഖഫ് നിയമ ഭേദഗതി ബില്ലിനെ ചെറുത്ത് തോല്‍പ്പിക്കണം; കാസിം ഇരിക്കൂര്‍

മതേതരത്വം, സുപ്രീംകോടതിവിധി കാലിക പ്രധാന്യമുള്ളത്

 

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന വഖഫ് നിയമ ഭേദഗതി ബില്ലിലൂടെ കോടിക്കണക്കിന് രൂപ വില വരുന്ന വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാനുള്ള ഗൂഢ ലക്ഷ്യമാണുള്ളതെന്നും ഈ ബില്ലിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മതേതര ജനാധിപത്യ കക്ഷികള്‍ സര്‍വ്വ ശക്തിയുമുപയോഗിച്ച് പോരാടണമെന്നും ഐഎന്‍എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ പറഞ്ഞു. മതേതരത്വത്തിനും സോഷ്യലി സത്തിനും പുതിയ നിര്‍വചനങ്ങള്‍ നല്‍കിക്കൊണ്ട് ചീഫ് ജസ്റ്റിസ് സഞ്ജയ് ഗന്നയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് കഴിഞ്ഞദിവസം പുറപ്പെടുവിച്ച വിധി കാലിക പ്രധാന്യമുള്ളതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഐഎന്‍എല്‍ കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച വഖഫ് സംരക്ഷണ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്ത് ഒരു രാഷ്ട്രത്തിലും ഇല്ലാത്ത നടപടികളാണ് വഖഫ് സ്വത്ത് കൈവശപ്പെടുത്താനുള്ള നടപടികളിലൂടെ ഉണ്ടാവുന്നത്. പാര്‍ലമെന്റില്‍ ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത സ്ഥിതിക്ക് മതേതര ജനാധിപത്യ ചേരി എല്ലാ വരേയും കൂട്ടുപിടിച്ച് മോദി സര്‍ക്കാരിന്റെ വഖഫ് ബില്ലിനെ തകര്‍ക്കാന്‍ രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ വലിയ അക്രമണമാണ് നടക്കുന്നത്. ഉത്തര്‍ പ്രദേശില്‍ 500 വര്‍ഷം പഴക്കമുള്ളതും ഇപ്പോള്‍ ആരാധന നടക്കുന്നതുമായ പള്ളിക്കടിയില്‍ ക്ഷേത്രമുണ്ടെന്ന ആരോപണം ഉന്നയിക്കുകയും ഭരണകൂടത്തിന്റെ ഒത്താശയോടുകൂടി പള്ളി സംരക്ഷിക്കാന്‍ രംഗത്തിറങ്ങിയവരെ അക്രമിക്കുകയും കൊലപ്പെടുത്തുകയുമാണ്. പള്ളിയുടെ ചെയര്‍മാനെ സെക്യൂരിറ്റി നിയമപ്രകാരം അറസ്റ്റ്‌ചെയ്തിരിക്കുകയാണ്.

രാജ്യ രക്ഷാ നിയമങ്ങള്‍ ദുരുപയോഗം ചെയ്ത് നിരപരാധികളായ മനുഷ്യരെ തുറുങ്കിലടയ്ക്കുന്ന രീതിയാണ് മോദി ഭരണം നടപ്പാക്കുന്നത്. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തിരുന്ന് ഇന്ത്യയിലെ പള്ളികള്‍ പിടിച്ചെടുക്കാനുള്ള ലിസ്റ്റ് തയ്യാറാക്കി വരികയാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം രാജ്യത്താകെ പരത്തി ജനങ്ങള്‍ക്കിടയില്‍ വീഭാഗീയത സൃഷ്ടിക്കാനുള്ള കുടില രാഷ്ട്രീയ തന്ത്രങ്ങളാണ് പ്രയോഗിക്കുന്നത്. ഇതിനെതിരെ ഭാരതീയര്‍ ഒറ്റമനസ്സായി മുന്നോട്ടു വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ജില്ലാ പ്രസിഡന്റ് ശോഭ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എം പ്രദീപ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി
സി എച്ച് ഹമീദ് മാസ്റ്റര്‍,സമദ്‌നരിപ്പറ്റ,പി.എന്‍.കെ.അബ്ദുള്ള, ഡോ:സെമീന അബ്ദുള്ള, ഖദീജ ടീച്ചര്‍, എയര്‍ലൈന്‍സ് അസീസ്, പി .കുഞ്ഞാത,യു.പി .അബൂബക്കര്‍, മറിയം ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഒ.പി.അബ്ദുറഹിമാന്‍ സ്വാഗതവും നാസര്‍ കൈതപ്പൊയില്‍ നന്ദിയും പറഞ്ഞു

 

 

 

വഖഫ് നിയമ ഭേദഗതി ബില്ലിനെ
ചെറുത്ത് തോല്‍പ്പിക്കണം; കാസിം ഇരിക്കൂര്‍

Share

Leave a Reply

Your email address will not be published. Required fields are marked *