വയസ് 13, വിലയിട്ടത് ഒരുകോടി; വൈഭവ് തന്നെ താരം
ജിദ്ദ: ജിദ്ദയില്‍ രണ്ടുദിനങ്ങളിലായി നടന്ന ഐ.പി.എല്‍ ലേലത്തില്‍ കോടിപതികളും റെക്കോര്‍ഡ് തുക നേടിയവരുമൊക്കെ ഉണ്ടായിട്ടും ലേലം കൊടിയിറങ്ങിയപ്പോള്‍ താരമായത് വൈഭവ് സൂര്യവംശിയെന്ന 13 വയസ്സുകാരനാണ്. 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ബിഹാര്‍ താരത്തെ രാജസ്ഥാന്‍ റോയല്‍സ് ഒരു കോടി പത്ത് ലക്ഷം രൂപക്കാണ് സ്വന്തമാക്കിയത്. ഡല്‍ഹി ക്യാപിറ്റല്‍സും താരത്തിനായി സജീവമായി രംഗത്തെത്തിയിരുന്നു.
12ാം വയസ്സില്‍ വിനു മങ്കാദ് ട്രോഫിയില്‍ ബിഹാറിനായി അരങ്ങേറിയതോടെയാണ് വൈഭവ് ശ്രദ്ധിക്കപ്പെടുന്നത്. മുതിര്‍ന്ന ഒട്ടേറെ താരങ്ങള്‍ കളിച്ച പരമ്പരയില്‍ വെറും അഞ്ചുമത്സരങ്ങളില്‍ നിന്നും 400 റണ്‍സാണ് വൈഭവ് നേടിയത്.
കൂടാതെ ഇന്ത്യ ബി ടീമിന്റെ അണ്ടര്‍ 19 ടീമിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ചെന്നൈയില്‍ വെച്ച് നടന്ന ഇന്ത്യ-ആസ്‌ട്രേലിയ അണ്ടര്‍ 19 മത്സരത്തില്‍ 62 പന്തുകളില്‍ നിന്നും 104 റണ്‍സ് നേടുകയും ചെയ്തിരുന്നു. 2024 ജനുവരിയില്‍ ബിഹാറിനായി രഞ്ജി ട്രോഫിയിലും അരങ്ങേറി. ഇതോടെ രഞ്ജി ട്രോഫിയില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളിലൊരാളായും വൈഭവ് മാറിയിരുന്നു.
എന്നാല്‍ വൈഭവിന് 15 വയസ്സെങ്കിലും ആയിട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങങ്ങളില്‍ ചിലര്‍ വിമര്‍ശനമുയര്‍ത്തുന്നുണ്ട്. വൈഭവിന്റെ വയസ്സ് പരിശോധനക്ക് തയ്യാറാണെന്നും എട്ടാം വയസ്സില്‍ എല്ലുകളുടെ പരിശോധനയിലൂടെ ബി.സി.സി.ഐ വയസ്സ് പരിശോധിച്ചതാണെന്നും വൈഭവിന്റെ പിതാവ് സഞ്ജീവ് സൂര്യവംന്‍ശി പ്രതികരിച്ചു.