എഡിറ്റോറിയല്‍
ഓരോ ഭാരതീയന്റെയും അഭിമാനമായ, ലോകത്തിന് മാതൃകയായ ഇന്ത്യന്‍ ഭരണഘടനയ്ക്ക് എഴുപത്തിയഞ്ച് തികയുകയാണ്. ബ്രിട്ടീഷ് അടിമത്തത്തില്‍ നിന്ന് ഐതിഹാസികമായ പോരാട്ടത്തിലൂടെ നമ്മുടെ മഹാന്മാരായ നേതാക്കള്‍ നേടിത്തന്നതാണ് നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം. അന്ന് സ്വജീവന്‍ നഷ്ടപ്പെടുത്തിയും ത്യാഗനിര്‍ഭരമായ ജീവിതം സഹിച്ചും ഇന്ത്യയിലെ ജനകോടികള്‍ നടത്തിയ വിവരണാതീതമായ പോരാട്ടത്തിന്റെ ഫലമാണ് നാമിന്നനുഭവിക്കുന്ന സ്വാതന്ത്ര്യം. മഹാത്മജിയും, പ്രഥമ പ്രധാനമന്ത്രിയും രാഷ്ട്ര ശില്‍പ്പിയുമായ ജവഹര്‍ലാല്‍ നെഹ്രുവും ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍.അംബേദ്കറും, ഡോ.രാജേന്ദ്ര പ്രസാദും, സര്‍ദാര്‍ വല്ലഭായ് പട്ടേലും, അബ്ദുല്‍ കലാം ആസാദും, സരോജിനി നായിഡുവും, സി.രാജഗോപാലാചാരിയെയും പോലുള്ള പ്രഗല്‍ഭമതികള്‍ രൂപകല്‍പ്പന ചെയ്ത ഭരണഘടന കഴിഞ്ഞ 75 വര്‍ഷമായി സൂര്യ തോജസുപോലെ നമ്മളെ നയിക്കുകയാണ്. ഇത്ര ബൃഹത്തായ, എഴുതപ്പെട്ട ഒരു ഭരണഘടന മറ്റൊരു രാജ്യത്തിനും ഇല്ലെന്നതും കൂട്ടിച്ചേര്‍ത്ത് വായിക്കുമ്പോള്‍ മഹാന്മാരായ നേതാക്കന്മാര്‍ രാജ്യത്തിന് സമ്മാനിച്ച ഭരണഘടനയെ എക്കാലവും നമുക്ക് മാറോടണയ്ക്കാം.
ഭരണഘടനയുടെ അന്തഃസത്ത ചോദ്യം ചെയ്ത് ബല്‍റാംസിങ്, ബിജെപി മുന്‍ രാജ്യ സഭാംഗം സുബ്രഹ്‌മണ്യന്‍ സ്വാമി, അശ്വനി കുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയതും ഇന്നലെയാണ്. മതനിരപേക്ഷം സോഷ്യലിസ്റ്റ് എന്നീ വിശേഷണങ്ങള്‍ നീക്കണമെന്ന ഹര്‍ജികളാണ് സുപ്രീംകോടതി തള്ളിയത്. പരമോന്നത നീതിപീഠവും, വിവിധ ഹൈക്കോടതികളും ഭരണഘടനയെ ദുര്‍ബലപ്പെടുത്താന്‍ പല കാലങ്ങളിലുണ്ടായ നടപടികളെ നഖശിഖാന്തം എതിര്‍ക്കുകയും ഭരണഘടനയുടെ അന്തഃസത്ത ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തിട്ടുണ്ട്. ഭരണഘടന രൂപപ്പെടുത്തുന്നതില്‍ പണ്ഡിറ്റ് നെഹ്രു അടക്കമുള്ള രാഷ്ട്രീയ നേതൃത്വം കൈക്കൊണ്ട വിശാലമായ സമീപനം തന്നെ എത്ര മനോഹരമാണ്. രാഷ്ട്രീയമായി വ്യത്യസ്ത അഭിപ്രായമുണ്ടായിട്ടും ഡോ.ബി.ആര്‍.അംബേദ്കറെയാണ് ഭറണഘടന സമിതിയുടെ അധ്യക്ഷനാക്കിയത്.
രാജ്യത്ത് എല്ലാവര്‍ക്കും തുല്ല്യത, ക്ഷേമം എന്നിവയെല്ലാം ഭരണഘടന ഉറപ്പു നല്‍കുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഭരണഘടനയെ ആക്രമിക്കാന്‍ ചില കോണുകളില്‍ നിന്നുണ്ടാവുന്ന ശ്രമങ്ങളെ ഇന്ത്യന്‍ ജനത ചെറുത്ത് തോല്‍പ്പിക്കുക തന്നെ ചെയ്യും. ഇന്ത്യയിലെ ഹിന്ദുവും, മുസല്‍മാനും, ക്രിസ്ത്യാനിയും എല്ലാവരും ഏകോദരസഹോദരന്മാരാണെന്ന അടിസ്ഥാന ശിലയാണ് നമ്മുടെ ഭരണഘടനയുടേത്.
രാജ്യത്തെ ജനങ്ങളെ മതത്തിന്റെയും, ജാതിയുടെയും പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയ ശക്തികളുടെ പിണിയാളുകളാണ് ഭരണഘടനയുടെ അന്തഃസത്ത അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ചെറുത്ത് തോല്‍പ്പിച്ച ഇന്ത്യന്‍ ജനത, പൂര്‍വ്വസൂരികളായ മഹത്തുക്കള്‍ നേടിത്തന്ന ഭാരത സ്വാതന്ത്ര്യവും നമ്മുടെ മതേതര ഭരണഘടനയും നെഞ്ചോട് ചേര്‍ത്ത് പിടിക്കുമെന്നും അതിന് പോറലേല്‍പ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം.
രാജ്യത്ത് ദളിത്കള്‍ക്കും, ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ ചില കേന്ദ്രങ്ങള്‍ അക്രമണം അഴിച്ചുവിടുമ്പോള്‍ ഭാരത മക്കളെ സംരക്ഷിക്കാന്‍ നമ്മുടെ ഭരണഘടന നെടുങ്കോട്ട സൃഷ്ടിക്കും. ലോകത്ത് ഒരു രാജ്യത്തിനും അവകാശപ്പെടാനില്ലാത്തതും, മഹത്തായ ജനാധിപത്യ പ്രക്രിയ സുഗമമായി നടക്കുന്ന രാജ്യമായി ഇന്ത്യ നിലനില്‍ക്കുന്നത് നമ്മുടെ ഭരണഘടനയുടെ അടിത്തറയിലാണ്. മതത്തിന്റെ പേരില്‍ രാജ്യങ്ങളുണ്ടാക്കിയവരുടെ കഥകള്‍ നാം കേള്‍ക്കുന്നുണ്ട്. അവിടെ വല്ല സമാധാനവുമുണ്ടോ? എത്രയോ പ്രയാസപ്പെടുത്തുന്ന വാര്‍ത്തകളാണ് അവിടങ്ങളില്‍ നിന്ന് പുറത്ത് വരുന്നത്. നമുക്ക് അത്തരം വാര്‍ത്തകളെല്ലാം അപ്രാപ്യമാവുന്നത് മതേതര കാഴ്ചപ്പാടോടെ ഈ രാജ്യത്തെ സൃഷ്ടിച്ച മഹത്തുക്കളായ നേതാക്കളാണ്.
ഇന്ത്യ ബഹുസ്വര രാജ്യമാണ്. എല്ലാവരും ചേര്‍ന്ന് നില്‍ക്കുന്ന മനോഹരമായ പൂന്തോട്ടമാണ് ഭാരതം. എല്ലാവരും ചേര്‍ന്ന് സമാധാനത്തോടെ സന്തോഷത്തോടെ കഴിയാനാണ് ഭരണഘടന ഉദ്‌ഘോഷിക്കുന്നത്. ഭരണഘടനയുടെ 75-ാം വാര്‍ഷിക ദിനത്തില്‍ ഭരണഘടന വിഭാവനം ചെയ്ത ജനാധിപത്യ സ്വഭാവം വ്യക്തികളിലൂടെയും പാര്‍ട്ടികളിലൂടെയും മനോഹരമായ നമ്മുടെ രാഷ്ട്രത്തില്‍ പടരട്ടെ. ഭാരത ജനതയുടെ അഭിമാനസ്തംഭമായ ഭരണഘടനയെ മാറോടണച്ച് ഓരോ ഭാരതീയനും തുടര്‍ന്നും ചരിക്കാം.