വ്യവസായിക്ക് മറുപടി കിട്ടാന്‍ 3 വര്‍ഷമെടുത്തു; അപ്പോഴേക്കും ഫാക്ടറി ജപ്തി ചെയ്തു
കൊല്ലം: കൊവിഡില്‍ പ്രതിസന്ധിയിലായ കശുവണ്ടി വ്യവസായി സഹായം അഭ്യര്‍ഥിച്ച് സര്‍ക്കാരിനു നല്‍കിയ അപേക്ഷ വ്യവസായ വകുപ്പ് പൊടി തട്ടിയെടുത്തത് 3 വര്‍ഷങ്ങള്‍ക്കു ശേഷം. വായ്പയുടെ തിരിച്ചടവില്‍ കുടിശിക പെരുകി അപ്പോഴേക്കും വ്യവസായിയുടെ ഫാക്ടറി ബാങ്ക് ജപ്തി ചെയ്തു. കശുവണ്ടി വ്യവസായികളുടെ ബാങ്ക് വായ്പ പുനഃക്രമീകരിക്കുന്നത് ഉള്‍പ്പെടെ എല്ലാ സഹായവും നല്‍കുമെന്നു സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണു വ്യവസായി നല്‍കിയ അപേക്ഷ വര്‍ഷങ്ങളോളം സര്‍ക്കാര്‍ ഫയലില്‍ തന്നെനിന്നത്.
കേരളപുരത്ത് ആദിത്യ കാഷ്യൂ ഇന്‍ഡസ്ട്രീസ് നടത്തിയിരുന്ന ഡി. ജയചന്ദ്രന്‍ 2021 ഓഗസ്റ്റ് 31 നു വ്യവസായ മന്ത്രി പി. രാജീവിനു നല്‍കിയ പരാതിയിലാണ് നടപടിയില്ലാതെയായത്. പോര്‍ട്ടല്‍ വഴി മുഖ്യമന്ത്രി പിണറായി വിജയനും പരാതി നല്‍കിയിരുന്നു. തോട്ടണ്ടി സംഭരിച്ചു തമിഴ്‌നാട്ടിലെ സംസ്‌കരണ കേന്ദ്രത്തില്‍ പരിപ്പാക്കി കൊല്ലത്തു കൊണ്ടുവന്നു തരംതിരിച്ചു വിപണിയിലെത്തിച്ചിരുന്ന കേരളപുരം പൂട്ടാണിമുക്ക് പ്രിന്‍സി ഭവനില്‍ ജയചന്ദ്രന്‍ വീടും ഫാക്ടറിയും പണയപ്പെടുത്തി ബാങ്കില്‍ നിന്ന് 1.5 കോടി രൂപ വായ്പയെടുത്തിരുന്നു. 15 വര്‍ഷത്തോളം വ്യവസായം ലാഭകരമായി നടത്തി. കൊവിഡ് കാലത്തു വ്യവസായം പ്രതിസന്ധിയിലായി.
മഹാരാഷ്ട്രയിലേക്ക് ഉള്‍പ്പെടെ കയറ്റി അയച്ച പരിപ്പ് കെട്ടിക്കിടന്നു. അവിടെ നിന്നു കിട്ടാനുള്ള തുകയും മുടങ്ങി. ഇതോടെ ബാങ്കിലെ തിരിച്ചടവും കുടിശികയായി. തുടര്‍ന്നാണു സഹായം ആവശ്യപ്പെട്ടു സര്‍ക്കാരിനെ സമീപിച്ചത്. 50 ലക്ഷം രൂപ കൂടി ബാങ്കില്‍ നിന്നു പ്രവര്‍ത്തന മൂലധന വായ്പയായി നല്‍കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നായിരുന്നു ജയചന്ദ്രന്റെ അപേക്ഷ. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നടപടിയൊന്നും ഉണ്ടായില്ല. ഒരു വര്‍ഷം മുന്‍പ് ജയചന്ദ്രന്റെ ഫാക്ടറി ബാങ്ക് ജപ്തി ചെയ്തു.
കഴിഞ്ഞയാഴ്ച വ്യവസായ വകുപ്പിന്റെ ഓഫിസില്‍ നിന്നു ജയചന്ദ്രനെ ഫോണില്‍ ബന്ധപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു പോര്‍ട്ടല്‍ വഴി പരാതി കൊടുത്തിരുന്നോ എന്നു ചോദിച്ചായിരുന്നു ഫോണ്‍. ഫാക്ടറി എവിടെയാണ് എന്നായിരുന്നു ചോദ്യം. 3 വര്‍ഷം കഴിഞ്ഞിട്ട് ഇനി എന്തിനാണെന്നു ജയചന്ദ്രന്‍ തിരിച്ചു ചോദിച്ചപ്പോള്‍ ഫാക്ടറിയില്‍ വരാനാണെന്നായിരുന്നു മറുപടി. ‘ഫാക്ടറി ഇനി നിങ്ങള്‍ കണ്ടുപിടിക്കൂ’ എന്നു പറഞ്ഞു ജയചന്ദ്രന്‍ ഫോണ്‍ വയ്ക്കുന്ന മൊബൈല്‍ ഫോണ്‍ സംഭാഷണവും പുറത്തുവന്നു.
തമിഴ്‌നാട്ടിലെ കടലൂരിലെ ചെറുകിട യൂണിറ്റില്‍ തോട്ടണ്ടി എത്തിച്ചു സംസ്‌കരിച്ചു പരിപ്പാക്കി കൊണ്ടുവന്നിരുന്ന ജയചന്ദ്രന്‍, കടം കയറി വ്യവസായം നിര്‍ത്തിയതോടെ കടലൂരിലെ യൂണിറ്റില്‍ ഡ്രൈവര്‍ ജോലി ഉള്‍പ്പെടെ ചെയ്തു സഹായിയായി കൂടിയിരിക്കുകയാണ് ഇപ്പോള്‍. അവിടെ ആവശ്യത്തിനു ബാങ്ക് വായ്പ കിട്ടുന്നതിനാല്‍ കടലൂരില്‍ തമിഴ്‌നാട് സ്വദേശികള്‍ നടത്തി വരുന്ന ഈ യൂണിറ്റ് വളര്‍ന്നു പന്തലിച്ചുവെന്നും ജയചന്ദ്രന്‍ പറയുന്നു.