കാന്തപുരം ഉസ്താദിന്റെ ബുഖാരി വ്യാഖ്യാനം പ്രകാശനം ചെയ്തു

കാന്തപുരം ഉസ്താദിന്റെ ബുഖാരി വ്യാഖ്യാനം പ്രകാശനം ചെയ്തു

മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്റാഹീം
ആദ്യപ്രതി സ്വീകരിച്ചു

ക്വാലലംപൂര്‍: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ. പി അബൂബക്കര്‍ മുസ്ലിയാര്‍ വിഖ്യാത ഇസ്ലാമിക ഹദീസ് ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിക്ക് എഴുതിയ വ്യാഖ്യാനം ‘തദ്കീറുല്‍ ഖാരി’ ആദ്യ വാള്യം പ്രകാശനം ചെയ്തു. മലേഷ്യയുടെ ഭരണതലസ്ഥാനമായ പുത്രജയയിലെ മസ്ജിദ് പുത്രയില്‍ നടന്ന അന്താരാഷ്ട്ര സ്വഹീഹുല്‍ ബുഖാരി പാരായണ സദസ്സിന്റെ സമാപന സംഗമത്തിലാണ് പ്രധാനമന്ത്രി അന്‍വര്‍ ഇബ്റാഹീമിന് നല്‍കി ഗ്രന്ഥം പ്രകാശനം ചെയ്തത്.

ഒരു ഹദീസ് പണ്ഡിതന്‍ എന്ന നിലയില്‍ ശൈഖ് അബൂബക്കര്‍ അഹ്‌മദിന്റെ ആഴത്തിലുള്ള പഠനവും അധ്യാപനവും ഇടപെടലുകളും ഇസ്ലാമിക വൈജ്ഞാനിക ലോകത്ത് ഏറെ വിലമതിക്കുന്ന സംഭാവനയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

20 വാള്യങ്ങളിലായി പുറത്തിറങ്ങുന്ന ഗ്രന്ഥത്തിന്റെ പദ്ധതി പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. ലോകപ്രശസ്തരായ ഇരുപത് പണ്ഡിതര്‍ ചേര്‍ന്ന് ഇരുപത് വാള്യങ്ങളുടെയും കവര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. സ്വഹീഹുല്‍ ബുഖാരി അധ്യാപന കാലത്തെ തന്റെ പഠനങ്ങളും ആലോചനകളും ചര്‍ച്ചകളും ആസ്പദമാക്കി വിവിധ വ്യാഖ്യാന ഗ്രന്ഥങ്ങളെയും പണ്ഡിതരെയും അവലംബിച്ചാണ് ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്. വിവിധ പണ്ഡിതരുടെ സനദുകളുടെ കൈമാറ്റവും സംഗമത്തില്‍ നടന്നു. ഉപപ്രധാനമന്ത്രിമാരായ അഹ്‌മദ് സാഹിദ് ബിന്‍ ഹാമിദി, ഫാദില്ലാഹ് ബിന്‍ യൂസുഫ്, മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നഈം ബിന്‍ മുഖ്താര്‍, മലേഷ്യന്‍ മുഫ്തി ഡോ. ലുഖ്മാന്‍ ബിന്‍ അബ്ദുല്ല, വിവിധ രാജ്യങ്ങളിലെ പണ്ഡിതരായ ശൈഖ് മുഹമ്മദ് അബ്ദുല്‍ ഹുദ അല്‍ യഅ്ഖൂബി സിറിയ, അല്‍ ഹബീബ് ഉമര്‍ ജല്ലാനി മലേഷ്യ, ശൈഖ് അഫീഫുദ്ദീന്‍ ജീലാനി ബാഗ്ദാദ്, ഡോ. ജമാല്‍ ഫാറൂഖ് ഈജിപ്ത്, ശൈഖ് ഇസ്മാഈല്‍ മുഹമ്മദ് സ്വാദിഖ് ഉസ്ബസ്‌കിസ്താന്‍, അലീ സൈനുല്‍ ആബിദീന്‍ ബിന്‍ അബൂബക്കര്‍ ഹാമിദ് തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. മര്‍കസ് നോളജ് സിറ്റിയിലെ മലൈബാര്‍ പ്രസ്സ് ആണ് ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.

 

 

കാന്തപുരം ഉസ്താദിന്റെ ബുഖാരി
വ്യാഖ്യാനം പ്രകാശനം ചെയ്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *