താമരശ്ശേരി: വിദ്യാര്‍ത്ഥികളിലൂടെ മാലിന്യ സംസ്‌കരണത്തിന്റെ പുതു ഗാഥകള്‍ രചിക്കാന്‍, ജില്ലാ വിദ്യാഭ്യാസ വകുപ്പും പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷനും ചേര്‍ന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്‌മെന്റിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ‘ഹരിത ഭവനം’ പദ്ധതിയില്‍ പതിനായിരം ഹരിതഭവനങ്ങള്‍ പൂര്‍ത്തിയായി. പതിനായിരം ഹരിതഭവനങ്ങളുടെ പ്രഖ്യാപനം കൂടത്തായി സെന്റ്‌മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് നിര്‍വഹിച്ചു. കൂടുതല്‍ ഹരിത ഭവനങ്ങള്‍ തീര്‍ത്ത് ഒന്നാം സ്ഥാനം നേടിയ ഈങ്ങാപ്പുഴ എം ജി എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, രണ്ടാം സ്ഥാനം നേടിയ തിരുവമ്പാടി ഇന്‍ഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മൂന്നാം സ്ഥാനം നേടിയ കൂടത്തായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളും ജില്ലയിലെ ഏറ്റവും മികച്ച ഹരിത ഭവനം സ്‌കൂള്‍ കോഡിനേറ്റര്‍ ആയ ഈങ്ങാപ്പുഴ എംജിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പാര്‍വതി രാധാകൃഷ്ണനും ഉള്ള പുരസ്‌കാരവും ചടങ്ങില്‍ വിതരണം ചെയ്തു. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ ഗംഗാധരന്‍ അധ്യക്ഷനായി. പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷന്‍ പ്രസിഡണ്ട് വടയക്കണ്ടി നാരായണന്‍ പദ്ധതി വിശദീകരിച്ചു. സെക്രട്ടറി സെഡ് എ സല്‍മാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂള്‍ ഹരിത ഭവനം സമിതിക്കുള്ള ഔഷധ വൃക്ഷത്തൈകള്‍ കെ കെ ബിനീഷ് കുമാര്‍ പിടിഎ പ്രതിനിധി സത്താര്‍ പുറായിയിലിന് കൈമാറി. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ കരുണാകരന്‍, വാര്‍ഡ് മെമ്പര്‍ ഷീജ ബാബു, നിറവ് ഡയറക്ടര്‍ ബാബു പറമ്പത്ത്, ഫൗണ്ടേഷന്‍ രക്ഷാധികാരി ദീപേഷ് കരിമ്പുംകര, എച്ച് എം ഫോറം കണ്‍വീനര്‍ സജി ജോണ്‍, ദേശീയ കര്‍ഷക പുരസ്‌കാര ജേതാവ് കെ ബി ആര്‍ കണ്ണന്‍, ഹാഫിസ് പൊന്നേരി, സി എം ഐ മാനേജര്‍ റവ. ഫാദര്‍ ബിബിന്‍ ജോസ്, പ്രിന്‍സിപ്പല്‍ റവ. ഫാദര്‍ സിബി പൊന്‍പാറ, ഹെഡ്മാസ്റ്റര്‍ തോമസ് അഗസ്റ്റിന്‍, സെഞ്ചു സെബാസ്റ്റ്യന്‍, നിഷ ആന്റണി, ലത്തീഫ് കുറ്റിപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.
മാലിന്യ സംസ്‌കരണം, ഊര്‍ജ്ജ സംരക്ഷണം, ജലസംരക്ഷണം, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളില്‍ സ്വയം പര്യാപ്തമായ ഘടകങ്ങള്‍ ആക്കി നമ്മുടെ വീടുകളെ മാറ്റുന്ന പദ്ധതിയാണ് ഹരിത ഭവനം. ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും വീടുകള്‍ ഹരിത ഭവനങ്ങളും സ്‌കൂളുകള്‍ ഹരിത വിദ്യാലയങ്ങളും ആക്കി മാറ്റുകയാണ് ചെയ്യുന്നത്. രണ്ടു മാസങ്ങള്‍ കൊണ്ടാണ് പതിനായിരം ഹരിത ഭവനങ്ങള്‍ തീര്‍ത്തത്. നേരത്തെ ആയിരം ഹരിതഭവനങ്ങളുടെ പ്രഖ്യാപനം കോഴിക്കോട് ജില്ലാ കലക്ടര്‍ ആയിരുന്നു നിര്‍വഹിച്ചത്.
പതിനായിരം ഹരിതഭവനങ്ങള്‍ പൂര്‍ത്തിയാക്കി
‘ഹരിത ഭവനം’ പദ്ധതി