പരസ്യവും ട്രോളിയും ഏല്‍ക്കാതെ പാലക്കാടന്‍ ജയം
കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ചര്‍ച്ചയായത് ട്രോളി വിവാദവും രണ്ട് മുസ്ലിം പത്രങ്ങളില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി നല്‍കിയ പരസ്യവുമായിരുന്നു. നവംബര്‍ ആറിന് അര്‍ധരാത്രിയോടെയാണ് പാലക്കാട് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ പൊലീസ് റെയ്ഡ് നടത്തിയത്. രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും അടക്കമുള്ളവര്‍ താമസിക്കുന്ന ഹോട്ടലിലെത്തിയ പൊലീസ് നേതാക്കളുടെ മുറി പരിശോധിക്കുകയായിരുന്നു.
ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ തുടങ്ങിയ വനിതാ നേതാക്കളുടെ മുറിയില്‍ പുരുഷ പൊലീസുകാര്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ വലിയ പ്രതിഷേധമുയര്‍ത്തി. ഇതിനിടെ ഷാഫി പറമ്പില്‍, വി.കെ ശ്രീകണ്ഠന്‍, അബിന്‍ വര്‍ക്കി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും എ.എ റഹീം, വി. വസീഫ്, വി.കെ സനോജ്, പ്രഫുല്‍ കൃഷ്ണ തുടങ്ങിയ ഡിവൈഎഫ്ഐ, ബിജെപി നേതാക്കളും പ്രവര്‍ത്തകരും ഹോട്ടലിലെത്തി. സിഐ അടക്കമുള്ള പൊലീസുകാര്‍ യൂണിഫോം ധരിക്കാതെ എത്തിയത് കോണ്‍ഗ്രസ് നേതാക്കള്‍ ചോദ്യം ചെയ്തപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളെ ഹോട്ടലില്‍നിന്ന് മാറ്റി മുറികള്‍ റെയ്ഡ് ചെയ്യണമെന്ന് സിപിഎം, ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹോട്ടലിലുണ്ട് എന്നായിരുന്നു ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷന്‍ എ.എ റഹീമിന്റെ ആരോപണം. പണം കടത്താന്‍ മാധ്യമപ്രവര്‍ത്തകരും സഹായിച്ചെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ആരോപിച്ചു.
അതിനിടെ താന്‍ കോഴിക്കോടാണെന്ന് വിശദീകരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്ക് ലൈവിലെത്തി. കാന്തപുരത്തെ കാണാനാണ് കോഴിക്കോട് വന്നതെന്നും നേരത്തെ തീരുമാനിച്ച പ്രോഗ്രാം ആണെന്നും രാഹുല്‍ പറഞ്ഞു. രാഹുലിന്റെ വിശ്വസ്തനായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫെനി നൈനാന്‍ ട്രോളി ബാഗില്‍ കള്ളപ്പണവുമായി എത്തിയെന്നായിരുന്നു സിപിഎം ആരോപണം. കള്ളപ്പണമുണ്ടെന്ന് വിവരം ലഭിച്ചാണ് തങ്ങള്‍ എത്തിയതാണെന്നാണ് പൊലീസ് ആദ്യം പറഞ്ഞിരുന്നത്. റെയ്ഡ് വിവാദമായതോടെ പതിവ് പരിശോധനയുടെ ഭാഗമാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തിരുത്തി. ഹോട്ടലിലെ സിസിടിവി പരിശോധനയില്‍ ഫെനി ട്രോളി ബാഗുമായി എത്തുന്ന ദൃശ്യങ്ങള്‍ കണ്ടെങ്കിലും അത് തന്റെ വസ്ത്രങ്ങളാണെന്നായിരുന്നു രാഹുലിന്റെ വിശദീകരണം.
വനിതാ നേതാക്കളുടെ മുറിയില്‍ പൊലീസ് അതിക്രമിച്ചുകയറാന്‍ ശ്രമിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസ് പിന്നീട് എസ്പി ഓഫീസ് മാര്‍ച്ച് നടത്തി. റെയ്ഡിനിടെ സിപിഎം, ബിജെപി നേതാക്കള്‍ ഒരുമിച്ച് ഹോട്ടലിലെത്തിയത് ഇരു പാര്‍ട്ടികളും തമ്മിലുള്ള ഡീലിന്റെ ഭാഗമാണെന്ന് യുഡിഎഫ് ആരോപിച്ചു. ട്രോളി പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെയും എ.എ റഹീം അടക്കമുള്ള നേതാക്കളെയും പരിഹസിക്കാനുള്ള മാര്‍ഗമായി യുഡിഎഫ് ഉപയോഗിച്ചു. അബിന്‍ വര്‍ക്കി, പി.കെ ഫിറോസ് തുടങ്ങിയ യുവനേതാക്കള്‍ ട്രോളി ബാഗ് പിടിച്ച ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. സിപിഎം നേതാക്കളുടെ അമിതാവേശമാണ് ട്രോളി വിവാദം പാളാനുള്ള കാരണമെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടത്.
തെരഞ്ഞെടുപ്പില്‍ പരസ്യപ്രചാരണം അവസാനിച്ചതിന് പിന്നാലെ മുസ്ലിം മാനേജ്മെന്റിന് കീഴിലുള്ള സിറാജ്, സുപ്രഭാതം പത്രങ്ങളില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി നല്‍കിയ പരസ്യമാണ പാലക്കാട് ആളിക്കത്തിയ മറ്റൊരു വിവാദം. അടുത്തിടെ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ നേരത്തെ നടത്തിയ വിദ്വേഷ പ്രസ്താവനകള്‍ വാര്‍ത്തയാക്കി കൊടുത്ത പരസ്യം ന്യൂനപക്ഷ വോട്ടര്‍മാരെ ലക്ഷ്യമിട്ടായിരുന്നു. ‘ഈ വിഷനാവിനെ സ്വീകരിക്കുകയോ ഹാ കഷ്ടം!’ എന്ന തലക്കെട്ടില്‍ ആര്‍എസ്എസ് യൂണിഫോമില്‍ നില്‍ക്കുന്ന ഫോട്ടോ, കശ്മീരികളെ കൂട്ടക്കൊല ചെയ്യണമെന്ന സന്ദീപിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ്, സിഎഎ നടപ്പാക്കുമെന്ന ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങിയവയാണ് പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.