സൊമാറ്റോയില്‍ ജോലിതരും, ശമ്പളം ആദ്യവര്‍ഷം തരില്ല, ഫീസ് അടയ്‌ക്കേണ്ടത് 20 ലക്ഷം
ഭക്ഷ്യവിതരണ ശൃംഖലയായ സൊമാറ്റോയില്‍ ജോലി ഒഴിവുണ്ടെന്ന് സിഇഒ ദീപിന്ദര്‍ ഗോയല്‍. തന്റെ സ്റ്റാഫുകള്‍ക്കൊരു തലവനെ വേണമെന്ന് ചൂണ്ടിക്കാട്ടി ദീപിന്ദര്‍ ഗോയല്‍ ചെയ്ത പരസ്യം ഒറ്റനോട്ടത്തില്‍ അതിവിചിത്രമാണ്. ആദ്യ വര്‍ഷം ശമ്പളമില്ല. ‘ചീഫ് ഓഫ് സ്റ്റാഫ്’ ജോലി കിട്ടണമെങ്കില്‍ സൊമാറ്റോയ്ക്ക് 20 ലക്ഷം രൂപ ഫീസായി നല്‍കുകയും വേണം.
സൊമാറ്റോയുടെ ഗുരുഗ്രാമിലെ ഓഫിസിലേക്കാണ് നിയമനമെന്ന് പരസ്യത്തില്‍ പറയുന്നു. പഠിക്കാനും വളരാനും അദമ്യമായ ആഗ്രഹമുള്ളവര്‍ക്ക് മാത്രം അപേക്ഷിക്കാമെന്നാണ് ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ ദീപിന്ദര്‍ പറയുന്നത്. ‘വിശപ്പും, സഹാനുഭൂതിയും സാമാന്യബുദ്ധിയുമുള്ളവരാകണം അപേക്ഷിക്കേണ്ടത്. സാമ്പത്തിക നേട്ടവും, കരിയര്‍ വളര്‍ച്ചയും ലക്ഷ്യമിടുന്നവരെയല്ല താന്‍ പ്രതീക്ഷിക്കുന്നതെന്നും’ പഠിക്കാനും സൊമാറ്റോയുടെ ഭാവി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കാന്‍ കഴിയുന്ന ഒരാളെയാണ് താന്‍ കാത്തിരിക്കുന്നതെന്നും ദീപിന്ദര്‍ കൂട്ടിച്ചേര്‍ക്കുന്നു. വിനയമുള്ള ആളായിരിക്കേണമെന്നും മികച്ച ആശയ വിനിമയ ശേഷിയുണ്ടാകണമെന്നും നിബന്ധനയുണ്ട്.
ജോലിക്കായി തിരഞ്ഞെടുക്കപ്പെടുന്നയാള്‍ 20 ലക്ഷം രൂപ സൊമാറ്റോയുടെ സന്നദ്ധ സംഘടനയായ ഫീഡിങ് ഇന്ത്യയ്ക്ക് സംഭാവനയായി നല്‍കണം. പണം ലക്ഷ്യമിട്ടാണോ വരവ് അതോ ആഗ്രഹം കൊണ്ടാണോ എന്ന് ഉറപ്പാക്കുന്നതിനായാണ് ഈ നിബന്ധനയെന്ന് ദീപിന്ദര്‍ വിശദീകരിക്കുന്നു. ആദ്യ വര്‍ഷം ശമ്പളമില്ലെങ്കിലും ശമ്പളത്തിന് സമാനമായ 50 ലക്ഷം രൂപ ‘ചീഫ് ഓഫ് സ്റ്റാഫിന്റെ താല്‍പര്യമനുസരിച്ചുള്ള സന്നദ്ധ സംഘടനയ്ക്ക് സംഭാവനയായി സൊമാറ്റോ നല്‍കും. രണ്ടാം വര്‍ഷം മുതല്‍ 50 ലക്ഷത്തില്‍ കൂടുതല്‍ രൂപ ശമ്പളമായും നല്‍കും. അതിവേഗത്തില്‍ കാര്യങ്ങള്‍ പഠിക്കാനുള്ള ഒരവസരമാണിതെന്നും ദീപിന്ദര്‍കൂട്ടിച്ചേര്‍ക്കുന്നു. താല്‍പര്യമുള്ളവര്‍ 200 വാക്കില്‍ കുറയാത്ത കവറിങ് ലെറ്റര്‍ തന്റെ ഇമെയിലിലേക്ക് അയയ്ക്കണമെന്നും സിവി വേണ്ടെന്നും സിഇഒ കുറിച്ചിട്ടുണ്ട്.