മുനമ്പത്തേത് രാജ്യം കണ്ട ഏറ്റവും വലിയ വഖഫ് അഴിമതി

മുനമ്പത്തേത് രാജ്യം കണ്ട ഏറ്റവും വലിയ വഖഫ് അഴിമതി

കോഴിക്കോട്: പറവൂര്‍ മുന്‍സിപ്പല്‍ കോടതിയും, സബ്‌കോടതിയും 2023ല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് വിധിച്ചിട്ടും അത് തിരിച്ചു പിടിക്കാന്‍ ശ്രമിക്കാതെ, ഭൂമി തട്ടിപ്പ് നടത്തിയവരെ വെള്ളപൂശാന്‍ പാണക്കാട് സാദിക്കലി തങ്ങളും, പി.കെ.കുഞ്ഞാലിക്കുട്ടിയും നടത്തുന്ന ശ്രമങ്ങള്‍ കോലീബി സഖ്യത്തെ ശക്തിപ്പെടുത്താനാണെന്ന് ഐഎന്‍എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും, ജഡ്ജ് നിസാര്‍ കമ്മീഷനും മുനമ്പം ഭൂമി വഖഫാണെന്ന് പ്രഖ്യാപിച്ചിട്ടും അഭിഭാഷകനായ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വ്യാജ പ്രചാരണം നടത്തുകയാണ്. മോദി സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന വഖഫ് നിയമ ഭേദഗതിക്ക് കുടപിടിക്കലാണ് ഇത്തരം നടപടികള്‍.

രാജ്യത്ത് നിലനില്‍ക്കുന്ന വഖഫ് നിയമത്തെ അട്ടിമറിക്കാനാണ് മോദി സര്‍ക്കാര്‍ വഖഫ് നിയമഭേദഗതി കൊണ്ടുവരുന്നത്. മുനമ്പത്ത് ഒരു സമുദായ സ്പര്‍ദ്ദയുമില്ല. അവിടെ താമസിക്കുന്ന പാവപ്പെട്ട 142 കുടുംബങ്ങളെ സംരക്ഷിക്കാന്‍ വഖഫ് നിയമത്തില്‍ തന്നെ വ്യവസ്ഥകളുണ്ട്. അവരെ സംരക്ഷിക്കുകയും അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയ വന്‍കിട റിസോര്‍ട്ട് ഉടമകളെയും ഹോംസ്‌റ്റേകള്‍ക്കെതിരെയും നടപടി സ്വീകരിക്കണം. വഖഫ് ഭൂമി അന്യാധീനപ്പെട്ട് പോകുന്നതിന് കാരണക്കാരായ ഫാറൂഖ് കോളേജ് മാനേജ്‌മെന്റിനെ ജനകീയ വിചാരണ ചെയ്യണം. കഴിഞ്ഞ 75 വര്‍ഷക്കാലത്തിനിടയ്ക്ക് ഭരണത്തിലിരുന്നുകൊണ്ട് ഏറ്റവുമധികം കാലം വഖഫ് കൈകാര്യം ചെയ്തത് മുസ്ലിം ലീഗാണ്. വഖഫ് സ്വത്തുക്കള്‍ നഷ്ടപ്പെട്ടതിന് മുസ്ലം ലീഗ് നേതൃത്വം മറുപടി പറയണം. മുനമ്പം വിഷയത്തില്‍ മുസ്ലിം ലീഗ് നേതാവും അഭിഭാഷകനുമായ വ്യക്തി പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടി നടത്തുന്ന ഇത്തരം നീക്കങ്ങളെ സമൂഹം തിരിച്ചറിയണം.

വഖഫ് നിയമഭേദഗതി സംബന്ധിച്ച് ജെപിസി ബാംഗ്ലൂരില്‍വെച്ച് സിറ്റിംഗ് നടത്തിയപ്പോള്‍ സമസ്തയും കേരള വഖഫ് ബോര്‍ഡുമാണ് പങ്കെടുത്തത്. സിറ്റിംഗില്‍ ക്രിസ്ത്യന്‍ സഭയെ പ്രതിനിധീകരിച്ച് രണ്ട് മെത്രാന്മാരും പങ്കെടുത്തു. ഇവര്‍ക്ക് ഈ യോഗത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് കോണ്‍ഗ്രസ് എം.പിയുടെ ശുപാര്‍ശകൊണ്ടാണെന്നാണ് മനസ്സിലാകുന്നത്. ജെപിസി മുന്‍പാകെ ഈ മെത്രാന്മാര്‍ ആവശ്യപ്പെട്ടത് വഖഫ് നിയമ ഭേദഗതി ബില്‍ നടപ്പാക്കണമെന്നാണ്. ശൃംഗേരി മഠത്തിനടക്കം ഭൂമി വഖഫ് ചെയ്യപ്പെട്ട് കിട്ടിയിട്ടുണ്ട്. ഇത് എല്ലാ മതത്തിലും നടന്ന കാര്യമാണ്. എന്നിട്ടും കേന്ദ്ര മന്ത്രി സുരേഷ് ഗോപി വഖഫിനെ കിരാതം എന്നാണ് വിളിച്ചത്.

പിണറായി സര്‍ക്കാര്‍ വഖഫ് നിയമനം പിഎസ്‌സിക്ക് വിടുമെന്ന് പറഞ്ഞപ്പോള്‍ ഇസ്ലാം അപകടത്തിലാണെന്ന് വിളിച്ചു കൂവിയ മുസ്ലിം ലീഗ് നേതൃത്വം ഇപ്പോള്‍ എവിടെയാണെന്ന് കാസിം ഇരിക്കൂര്‍ ചോദിച്ചു. ആര്‍എസ്എസും മെത്രാന്‍ സഭയും ഒരുക്കുന്ന നാടകത്തിന് തിരശ്ശീല ഉയര്‍ത്തുന്ന ജോലിയാണ് മുസ്ലിം ലീഗ് നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്നത്. മുനമ്പത്തെ കോടിക്കണക്കിന് രൂപ വിലവരുന്ന ഭൂമി കൈയ്യടക്കിയ മാഫിയകളുമായി അവിഹിത ബന്ധം മുസ്ലിം ലീഗ് നേതൃത്വത്തിനുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.വഖഫായി ഫാറൂഖ് കോളേജിന് കിട്ടിയ ആധാരത്തിന്റെ പകര്‍പ്പും 2023ലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവും കാസിം ഇരിക്കൂര്‍ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടി. 26ന്(ചൊവ്വ) വഖഫ് സംരക്ഷണ ദിനമായി കൊണ്ടാടാന്‍ ഐഎന്‍എല്‍ സംസ്ഥാനകമ്മറ്റി തീരുമാനിച്ചിട്ടുണ്ട്. 14 ജില്ലാ ആസ്ഥാനങ്ങളിലും വഖഫ് സംരക്ഷണ സംഗമങ്ങളും സദസ്സുകളും സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എച്ച് ഹമീദ് മാസ്റ്റര്‍, ജില്ലാ പ്രസിഡണ്ട് ശോഭ അബൂബക്കര്‍ ഹാജി, ജില്ലാ ജന.സെക്രട്ടറി ഒ.പി.അബ്ദുറഹിമാന്‍ എന്നിവര്‍ സംബന്ധിച്ചു.

 

 

മുനമ്പത്തേത് രാജ്യം കണ്ട ഏറ്റവും വലിയ വഖഫ് അഴിമതി

Share

Leave a Reply

Your email address will not be published. Required fields are marked *