മുംബൈ: മത്സര പോരാട്ടത്തിനൊടുവില്‍ മഹാരാഷ്ട്രയില്‍ ഇന്നു 9 കോടി വോട്ടര്‍മാര്‍ വിധിയെഴുതും.രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് പോളിങ്.സംസ്ഥാനത്ത് ആകെയുള്ള ഒരു ലക്ഷം പോളിങ് ബൂത്തുകളില്‍ പതിനായിരവും മുംബൈയില്‍ തന്നെ.
പല പ്രമുഖ വ്യക്തികളും രാവിലെ തന്നെ സംസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തി. ഗവര്‍ണര്‍ സി.പി രാധാകൃഷ്ണന്, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍, ലോക്സഭാംഗം സുപ്രിയെ സുലെ, ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്, നടന് അക്ഷയ് കുമാര്‍, ക്രിക്കറ്റ് താരം സച്ചിന് തെന്‍ഡുല്‍ക്കറും കുടുംബവും എന്നിവരാണ് രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി മടങ്ങിയത്.
അധികാരത്തുടര്‍ച്ചയ്ക്കായി ഷിന്‍ഡെ സര്‍ക്കാര്‍ നിരവധി ക്ഷേമ പദ്ധതികളാണ് നടപ്പില്‍ വരുത്തിയത്.അതേസമയം, മറാഠ സംവരണവിഷയം, ദലിത്ന്യൂനപക്ഷ വോട്ടുകള്‍ എംവിഎയിലേക്കു ചായാനുള്ള സാധ്യത എന്നിവ എന്‍ഡിഎക്ക് വെല്ലുവിളിയാണ്. കാര്‍ഷികമേഖലയിലെ തകര്‍ച്ച, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവ ഗ്രാമീണ മേഖലയിലെ ജനഹിതം പ്രതിപക്ഷത്തിന് അനുകൂലമാകാന്‍ കാരണമായേക്കും.
അശാസ്ത്രീയമായ കെട്ടിടനിര്‍മാണം, അറുതിയില്ലാത്ത ഗതാഗത പ്രശ്നങ്ങള്‍, അനധികൃത മരംമുറി, വായുമലിനീകരണം, ശബ്ദമലിനീകരണം, ശുദ്ധജല ദൗര്‍ലഭ്യം, പരിസ്ഥിതി പ്രശ്നങ്ങള്‍, ആരോഗ്യരംഗത്തെ അടിസ്ഥാനപ്രശ്നങ്ങള്‍, മെച്ചപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവം, ലഹരിവസ്തുക്കളുടെ വ്യാപനം, കുറ്റകൃത്യങ്ങളുടെ വ്യാപനം എന്നിങ്ങനെ സാധാരണക്കാരെ ബാധിക്കുന്ന ഒട്ടേറെ പ്രശ്നങ്ങള്‍ വേറെയുമുണ്ട്. മോഹനവാഗ്ദാനങ്ങള്‍ വേണ്ടെന്നും തങ്ങളുടെ പ്രധാന പ്രശ്നങ്ങള്‍ ഇനിയെങ്കിലും പരിഹരിക്കണമെന്നുമാണ് വോട്ടര്‍മാര്‍ ആവശ്യപ്പെടുന്നത്.
മത്സര പോരാട്ടത്തിനൊടുവില്‍
മഹാരാഷ്ട്രയില്‍ ഇന്നു വോട്ടെടുപ്പ്
.