വാര്‍ഡ് വിഭജനം കരട് പ്രസിദ്ധീകരിച്ചു; ഫീല്‍ഡില്‍ പോകാതെ നടത്തിയ വിഭജനമെന്ന് കോണ്‍ഗ്രസ്
കോഴിക്കോട്: കോര്‍പറേഷനില്‍ വാര്‍ഡ് വിഭജനം നടത്തിയതിന്റെ കരട് റിപ്പോര്‍ട്ട് രാത്രിയോടെ സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മിഷന്‍ പ്രസിദ്ധീകരിച്ചു. വാര്‍ഡുകള്‍ 75ല്‍നിന്ന് 76 ആയതാണു പ്രധാന മാറ്റങ്ങളിലൊന്ന്. 56ാം നമ്പര്‍ കപ്പക്കല്‍ വാര്‍ഡിന്റെ പേര് നദീനഗര്‍ എന്നായി. 31ാം നമ്പര്‍ വാര്‍ഡ് ആയി മേത്തോട്ടുതാഴം വന്നിട്ടുമുണ്ട്. പൊറ്റമ്മല്‍, കുറ്റിയില്‍താഴം വാര്‍ഡുകളിലെ സ്ഥലങ്ങള്‍ ഉള്‍പ്പെട്ടതാണ് ഈ പുതിയ പേരിലുള്ള വാര്‍ഡ്. 49ാം നമ്പര്‍ മാറാട് വാര്‍ഡിന്റെ പേര് സാഗരസരണി എന്നായി മാറിയപ്പോള്‍ പഴയ 61ാം നമ്പര്‍ വലിയങ്ങാടി വാര്‍ഡ് അപ്രത്യക്ഷമായി. ഈ വാര്‍ഡിലെ സ്ഥലങ്ങള്‍ കുറ്റിച്ചിറ, പാളയം, മൂന്നാലിങ്ങല്‍ എന്നീ 3 വാര്‍ഡുകളിലേക്കാണ് ചേര്‍ത്തിരിക്കുന്നത്.
മാവൂര്‍ റോഡ് എന്ന പേരിലുള്ള പുതിയ വാര്‍ഡില്‍ പഴയ തിരുത്തിയാട്, എരഞ്ഞിപ്പാലം വാര്‍ഡുകളിലെ സ്ഥലങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.ഡിലീമിറ്റേഷന്‍ കമ്മിഷന്റെ വെബ്‌സൈറ്റിലാണ് കരടു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. കോര്‍പറേഷന്‍ ഓഫിസില്‍ കരട് ഇന്ന് ലഭ്യമാകും. വെബ്‌സൈറ്റ് വിലാസം: https://sec.kerala.gov.in/portal/kc/delimit. 2011ലെ സെന്‍സസ് ജനസംഖ്യ, മുന്‍കൂട്ടി നിശ്ചയിച്ച വാര്‍ഡുകളുടെ എണ്ണം എന്നിവയാണ് വാര്‍ഡുകള്‍ പുതുക്കി നിശ്ചയിച്ചതിനു പ്രധാന മാനദണ്ഡം. കരടു മാപ്പ് പരിശോധിച്ചു പരാതികള്‍ രേഖാമൂലം ഡിസംബര്‍ 3നകം നല്‍കണം.
എന്നാല്‍ വാര്‍ഡുവിഭജനത്തിന് അടിസ്ഥാനമാക്കിയ കാര്യങ്ങളില്‍ വന്‍ അപാകതയുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. ഓരോ വാര്‍ഡിനകത്തും വരേണ്ട വീടുകളുടെ എണ്ണത്തില്‍ പലയിടത്തും വലിയ അന്തരമുണ്ട്. 10 ശതമാനം കുറവോ കൂടുതലോ ആകാം. എന്നാല്‍ പലയിടത്തും 15 ശതമാനത്തിന്റെ വര്‍ധനയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.ഫീല്‍ഡില്‍ പോയി നോക്കാതെ സിപിഎം നല്‍കിയ ലിസ്റ്റുപ്രകാരമാണ് വാര്‍ഡുവിഭജനം നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതു പലയിടത്തും ബിജെപിക്ക് അനുകൂലമാക്കിയിട്ടുമുണ്ട്. കോണ്‍ഗ്രസിനും ലീഗിനും സീറ്റു കുറയ്ക്കണമെന്ന ലക്ഷ്യത്തോടെയാണിത് തയാറാക്കിയിരിക്കുന്നത്. റവന്യുരേഖ അടിസ്ഥാനമാക്കി ഇന്നു കൂടുതല്‍ പരിശോധന നടത്തി പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഓരോ വാര്‍ഡിനും 5 പേരടങ്ങിയ ഡീലിമിറ്റേഷന്‍ കമ്മിറ്റികള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.