കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ഇവിടത്തെ ഭൂമിയുടെ മുഴുവന്‍ റിക്കോര്‍ഡുകളും സമഗ്രമായി പരിശോധിക്കണമെന്നും അഖില കേരള വഖഫ് സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പറവൂര്‍ മുന്‍സിഫ് കോടതിയും സബ് കോടതിയും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ഭൂമി വഖഫിന്റേതാണെന്ന് ഉത്തരവിട്ടിട്ടുണ്ട്. ഫാറൂഖ് കോളേജ് മാനേജ്‌മെന്റിന്റെ അശ്രദ്ധയാണ് വഖഫ് ഭൂമി അന്യാധീനപ്പെടാന്‍ കാരണം. 1990ല്‍ അഡ്വ.എം.വി.പോളിന് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയപ്പോള്‍ അവസരം മുതലാക്കി ഏറെ അയാള്‍ സ്വന്തമാക്കുകയും ബാക്കി ഭൂമി നിസ്സാര വിലക്ക് വില്‍ക്കുകയുമാണ് ചെയ്തത്. ഇവിടെ മൂന്ന് ചര്‍ച്ചുകളും രണ്ട് അമ്പലങ്ങളും ഉണ്ടായത് ഇതിലൂടെയാണ്. 2008ല്‍ സച്ചാര്‍ കമ്മീഷന് അനുബന്ധമായി ഇടതുമുന്നണി സര്‍ക്കാര്‍ വഖഫ് സ്വത്തുകളുടെ കണക്കെടുക്കുന്നതിനായി ജഡ്ജ് എം.എ.നിസാര്‍ കമ്മീഷനെ നിയമിക്കുകയും മുനമ്പത്തെ 404.76 ഏക്കര്‍ ഭൂമി വഖഫ് സ്വത്താണെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട്് നല്‍കുകയും ചെയ്തിട്ടുണ്ട്. മന്ത്രി സഭ അംഗീകരിച്ച് ഗവര്‍ണ്ണര്‍ ഒപ്പിട്ട റിപ്പോര്‍ട്ട് നിലവിലുണ്ട്. 2019 മെയ് 20ന് വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്ന റഷീദ് അലി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വഖഫ് ബോര്‍ഡ് സമ്പൂര്‍ണ്ണ യോഗം ഇത് വഖഫ് സ്വത്താണെന്നും ഭൂ നികുതി അടച്ച് സംരക്ഷിക്കേണ്ടതാണെന്നും ഫാറൂഖ് കോളേജ് കമ്മിറ്റിക്ക് സര്‍ക്കുലര്‍ അയച്ചതാണ്. വില്‍പ്പന നടന്ന ഭൂമിയില്‍ പാവപ്പെട്ട 138 കുടുംബങ്ങളാണുള്ളത്. അവരെ സംരക്ഷിക്കുകയും ഈ ഭൂമിയില്‍ കയ്യേറിയ വന്‍കിടക്കാരായ റിസോര്‍ട്ട്, ഹോംസ്‌റ്റേ ഉടമകളെ ഒഴിപ്പിക്കുകയും വേണം. എ ക്ലാസ്സ് ടൂറിസ്റ്റ് കേന്ദ്രമായ ഇവിടെ അറുപതിലധികം റിസോര്‍ട്ടുകളുണ്ട്. പുതിയതായി പ്ലാന്‍ അപ്രൂവലിന് കാത്തിരിക്കുന്നവരുമുണ്ട്.
404.76 ഏക്കര്‍ വില്‍പ്പന നടത്തിയതില്‍ ശേഷിച്ച 200ല്‍ പരം ഏക്കര്‍ ഭൂമി അവിടെത്തന്നെയുണ്ട്. വഖഫ് ഭൂമി തിരിച്ചു പിടിക്കേണ്ടത് സര്‍ക്കാരിന്റെകൂടി ഉത്തരവാദിത്തമാണ്. ഭൂമി നഷ്ടപ്പെടാനിടയായ കാര്യത്തില്‍ ഫാറൂഖ് കോളേജ് കമ്മറ്റിയും മറുപടി പറയണം. ഒരു സെന്റിന് 20 ലക്ഷത്തിലധികം വില വരുന്ന ഭൂമിയാണ് നഷ്ടപ്പെട്ടിട്ടുള്ളത്. രാഷ്ട്രീയ പാര്‍ട്ടികളും, ചില സംഘടനകളും തെറ്റായി വ്യാഖ്യാനിച്ചാണ് മുന്നോട്ട് പോകുന്നത്. വഖഫ് ഭൂമി തിരിച്ചു പിടിക്കാന്‍ ഏതറ്റം വരെയും നിയമ പോരാട്ടം തുടരും. മുഖ്യമന്ത്രിയെ നേരില്‍ കണ്ട് വിഷയങ്ങള്‍ ധരിപ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജന.സെക്രട്ടറി അബ്ദുല്‍ ഖാദര്‍ കാരന്തൂര്‍, ഡോ.കോയക്കുട്ടി, ഇസ്മയില്‍.പി, മാമുക്കോയ, മുസ്തഫ പെരുമുഖം എന്നിവരും പങ്കെടുത്തു.