കോഴിക്കോട്: മാധ്യമ പ്രവര്‍ത്തനം അപകടത്തിലായ രാജ്യങ്ങളില്‍ 2023ലെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ 12-ാം സ്ഥാനത്താണെന്നും കഴിഞ്ഞ 10 കൊല്ലത്തെ മോദി ഭരണത്തിനിടയില്‍ മാധ്യമങ്ങളെ കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു. നിയമങ്ങള്‍ ഉപയോഗിച്ച് ദുര്‍ബലപ്പെടുത്തുകയാണ്. മാധ്യമങ്ങളെ നിശബ്ദമാക്കുക, സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുക, ഐടി ആക്ട് പ്രകാരം കേസ്സെടുക്കുക എന്നീ തരത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ മാധ്യമങ്ങളെ വേട്ട നടത്തുന്നതെന്നദ്ദേഹം ആരോപിച്ചു. കാലിക്കറ്റ് പ്രസ്സ് ക്ലബ്ബിന്റെ അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ക്കെതിരെ കരിനിയമങ്ങള്‍ നടപ്പാക്കുന്ന രാജ്യമായി ഇന്ത്യ മാറുകയാണ്. ലോകത്ത് എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടനയുള്ള രാജ്യമായ ഇന്ത്യയാണ് ഇതിലൂടെ അപമാനിക്കപ്പെടുന്നത്. ചില മാധ്യമങ്ങള്‍ പഞ്ചപുച്ഛമടക്കി നില്ക്കുമ്പോള്, കീഴടങ്ങാന്‍ വിസമ്മതിക്കുന്നവരെ പേരുമ്പാമ്പിനെ പോലെ വിഴുങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഇതിനായി ചാര സോഫ്റ്റ്വെയറായ പെഗസാസിനെപോലും ഉപയോഗിക്കുകയാണ്.
മാധ്യമ ലോകം തിരുത്തല്‍ ശക്തിയാണ്. വിമര്‍ശനം ആവാം. എന്നാല്‍ അത് കണ്‍സ്ട്രക്ടീവ് ജേര്ണലിസമാവണം. അല്ലാതെ ഡിസ്ട്രക്ടീവ് ജേര്ണലിസമാവരുത്. ടെക്നോളജി വിപുലമായ കാലത്ത് 118 തവണ ഇന്റര്‍നെറ്റ് നിരോധനമാണ് ഇന്ത്യയിലുണ്ടായത്. ഇത് ജനങ്ങളുടെ അറിയാനുള്ള സ്വാതന്ത്ര്യം കവരലാണ്. ധ്രുവ് റാഠി ജര്മ്മനിയിലായതിനാലാണ് അദ്ദേഹത്തിന് വര്‍ക്ക് ചെയ്യാനാവുന്നത്. ഇന്ത്യയില്‍ നിന്നുകൊണ്ട് നിങ്ങള്‍ക്കതിന് സാധിക്കുമോ എന്നദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു. നട്ടെല്ല് നിവര്‍ത്തി സത്യം വിളിച്ചു പറയാന്‍ തയ്യാറാവണം. ബുല്‍ഡോസര്‍ രാജ് ഇന്ത്യയില്‍ പറ്റില്ലെന്ന് പ്രഖ്യാപിച്ച സുപ്രീം കോടതി, മാറ്റത്തിന്റെ സൂചനയാണ് നല്‍കുന്നത്. ഇത് മീഡിയ ലോകത്തിനടക്കം കരുത്ത് പകരുന്ന വിധിയാണ്. ഒരൊറ്റ രാജ്യം, ഒരു ഇലക്ഷന് എന്നതൊക്കെ ബിജെപിയുടെ പുകമറ സൃഷ്ടിക്കലാണ്. കേരള മാധ്യമ സ്വാതന്ത്ര്യം ലോകത്തിന് മാതൃകയാണ്. സര്‍ക്കാരിനെ വിമര്‍ശിക്കാം. എന്നാല്‍ വിമര്‍ശനം അധികമായി വികസനം പോലും ഇല്ലാതാക്കരുത്. അമ്പത് കൊല്ലക്കാലമൊക്കെ പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികളോട് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ അവരുടെ പ്രായം പരിഗണിച്ച് മൃദുവായി ചോദിക്കാന്‍ തയ്യാറാവണം. ചെറിയ സംഭവങ്ങളെ പര്‍വ്വതീകരിക്കരുത്. മാധ്യമ മുതലാളിമാരുടെ സ്വാധീനം വാര്‍ത്തകളില്‍ വരരുത്. മാധ്യമ-സോഷ്യല്‍ മീഡിയകളില്‍ അനാവശ്യമായ വിമര്‍ശനങ്ങളുന്നയിക്കുന്നവര്‍ പിന്നീടെങ്കിലും സത്യം ബോധ്യപ്പെട്ടാല്‍ തിരുത്തി പറയാന്‍ തയ്യാറാവണമെന്നദ്ദേഹം ആവശ്യപ്പെട്ടു.
പി.ടി.ഐ ജനറല്‍ മാനേജറായിരുന്ന പി.ഉണ്ണികൃഷ്ണന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് മനോരമ ന്യൂസിലെ ബി.എല്‍ അരുണിനും പ്രശസ്ത സ്പോര്‍ട്സ് ലേഖകനായിരുന്ന പി.എ മുഹമ്മദ് കോയ എന്ന മുഷ്താഖിന്റെ പേരില്‍ കെ.ഡി.എഫ്.എയുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയ മുഷ്താഖ് അവാര്‍ഡുകള്‍ മാതൃഭൂമി റിപ്പോര്‍ട്ടര്‍ ടി. സൗമ്യ, മലയാള മനോരമ ഫോട്ടോഗ്രാഫര്‍ ആറ്റ്ലി ഫെര്‍ണാണ്ടസ് എന്നിവര്‍ക്കും സ്പീക്കര്‍ സമ്മാനിച്ചു. ചടങ്ങില്‍ കാലിക്കറ്റ് പ്രസ്ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ് അധ്യക്ഷനായി. ട്രഷറര്‍ പി.പ്രജിത്ത് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി റെജി, കെ.ഡി.എഫ്.എ സെക്രട്ടറി ഷാജേഷ്കുമാര്, അവാര്‍ഡ് ജേതാക്കളായ ബി.എല്‍ അരുണ്‍, ടി. സൗമ്യ, ആറ്റ്ലി ഫെര്‍ണാണ്ടസ് സംസാരിച്ചു. കാലിക്കറ്റ് പ്രസ്ക്ലബ് സെക്രട്ടറി പി.കെ സജിത് സ്വാഗതവും ജോ.സെക്രട്ടറി പി.വി ജോഷില നന്ദിയും പറഞ്ഞു.
കേരളം മാധ്യമ സ്വാതന്ത്ര്യത്തിന് ലോകത്തിന് മാതൃക;
സ്പീക്കര്‍ എ.എന്‍.ഷംസീര്‍