കോഴിക്കോട് ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍; വൈകിട്ട് 6 മണി വരെ
കോഴിക്കോട്: കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍. അതേ സമയം,ഹര്‍ത്താലുമായി സഹകരിക്കില്ലെന്നും തങ്ങളുടെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. ഹര്‍ത്താലില്‍ നിന്നും കോണ്‍ഗ്രസ് പിന്മാറണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ കേട്ടുകേള്‍വി ഇല്ലാത്ത അതിക്രമം ഉണ്ടായെന്നും എല്ലാറ്റിനും നേതൃത്വം നല്‍കിയത് സിപിഎം ആണെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. 5000 ഓളം കള്ളവോട്ട് സിപിഎം ചെയ്തു. 10000 കോണ്‍ഗ്രസ് വോട്ടര്‍മാരെ അനുവദിച്ചില്ലെന്നും നേതാക്കള്‍ പറഞ്ഞു. പൊലീസ് സിപിഎം അഴിഞ്ഞാട്ടത്തിന് കൂട്ടു നിന്നു. കോഴിക്കോട് കമ്മീഷണര്‍ വിളിച്ചപ്പോള്‍ ഫോണ്‍ പോലും എടുത്തില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സിപിഎം ആക്രമണത്തില്‍ പരിക്കുപറ്റി. വനിത വോട്ടര്‍മാരെ കയ്യേറ്റം ചെയ്തു.
വോട്ടര്‍മാരല്ലാത്ത സിപിഎം പ്രവര്‍ത്തകര്‍ പുലര്‍ച്ചെ 4 മണിയോടെ എത്തി. പലരും വ്യാജ ഐഡി കാര്‍ഡുമായാണ് വന്നത്. കൂടുതല്‍ പൊലീസുകാരെ അയക്കാമെന്ന് പറഞ്ഞതല്ലാതെ ഇടപെട്ടില്ലെന്നും സിപിഎം നടത്തിയത് കണ്ണൂര്‍ മോഡല്‍ ആക്രമണമാണെന്നും നേതാക്കള്‍ പറഞ്ഞു.