പാലക്കാട്: വെറുപ്പ് മാത്രം ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയില്‍ നിന്ന് ഏറെക്കാലം സ്നേഹവും കരുതലും പ്രതീക്ഷിച്ചതാണ് താന്‍ ചെയ്ത തെറ്റെന്ന് സന്ദീപ് വാര്യര്‍. അവിടെ ഇത്രയും നാള്‍ നിന്നതില്‍ തനിക്ക് ജാള്യം തോന്നുന്നു. ആരില്‍ നിന്നും പിന്തുണ ലഭിക്കാതെ, ഒരു ഏകാധിപത്യ സംവിധാനത്തില്‍ അകപ്പെട്ട അവസ്ഥയിലായിരുന്നു താന്‍. ഏകാധിപത്യ പ്രവണതയുള്ള, ജനാധിപത്യത്തെ മാനിക്കാത്ത ഒരു സിസ്റ്റത്തില്‍ വീര്‍പ്പുമുട്ടി കഴിയുകയായിരുന്നു. സ്വന്തം അഭിപ്രായം പറയാനോ വ്യക്തിത്വം കാത്തുസൂക്ഷിക്കാനോ മനുഷ്യപക്ഷത്ത് നിന്ന് ഒരു നിലപാട് പറയാനോ പോലും സ്വാതന്ത്ര്യം ലഭിക്കാതെ അച്ചടക്കനടപടി നേരിട്ട ആളാണ് താനെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ബിജെപി വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
‘കേരളത്തില്‍ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും പരസ്പരം ഉപരോധം ഏര്‍പ്പെടുത്തി ജീവിക്കാന്‍ ആകില്ലെന്ന് സാമൂഹിക മാധ്യമ പോസ്റ്റിട്ടതിന്റെ പേരില്‍ ഒരു വര്‍ഷ കാലം അച്ചടക്ക നടപടി നേരിട്ട ആളാണ് ഞാന്‍. മാധ്യമ ചര്‍ച്ചകളില്‍ പോകേണ്ട എന്ന് നിശ്ചയിക്കപ്പെട്ടയാളാണ് ഞാന്‍. ബന്ധങ്ങളിലും സൗഹൃദങ്ങളിലും മതം തെരയാനോ കാലുഷ്യം ഉണ്ടാക്കാനോ ഒരു കാരണവശാലും എനിക്ക് താല്‍പര്യമില്ല. അതുകൊണ്ട് തന്നെ വ്യക്തിപരമായ അഭിപ്രായം എന്ന് പറഞ്ഞ് കൊണ്ട് ഞാന്‍ ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഒരു വര്‍ഷം സംഘടനയുടെ കയ്യാലപുറത്ത് നില്‍ക്കേണ്ട അവസ്ഥ ഉണ്ടായി. അത്യന്തം ഹീനമായിട്ടുള്ള സാമൂഹിക മാധ്യമ അതിക്രമത്തിന് ഞാന്‍ ഇരയായി. എന്നിട്ടും ഞാന്‍ സംഘടനയെ തള്ളിപ്പറയാന്‍ തയ്യാറായില്ല. പ്രത്യയശാസ്ത്രത്തിന്റെ നാവായി നിലക്കൊണ്ടു. ബിജെപിയില്‍ നിന്ന് കിട്ടിയത് ഒറ്റപ്പെടുത്തലും വേട്ടയാടലുമാണ്’- സന്ദീപ് വാര്യര്‍ തുറന്നടിച്ചു.