ന്യൂയോര്‍ക്ക്: നിര്‍ഭയമായി തന്റെ കരിയറിലുടനീളം പ്രവര്‍ത്തിച്ച യുഎസ് ജനപ്രതിനിധിസഭാ മുന്‍ അംഗം തുള്‍സി ഗബാര്‍ഡിനെ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി നിയമിക്കുമെന്ന് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ ട്രംപ് പരിഗണിച്ചവരില്‍ മുന്‍പന്തിയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു തുള്‍സി. ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിയെടുക്കുമെന്നും രാജ്യത്ത് സമാധാനം ഉറപ്പാക്കുമെന്നും
അവിശ്വാസത്തോടെ കണ്ടിരുന്ന രാജ്യത്തിന്റെ രഹസ്യാന്വേഷണ സേവനങ്ങളെ മാറ്റിമറിക്കാനും കെല്‍പ്പുള്ളവരാണ് തുള്‍സിയെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.
21-ാം വയസ്സിലാണ് തുള്‍സി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ഹവായിയില്‍ ജനപ്രതിനിധി അംഗമായി. ആര്‍മി നാഷണല്‍ ഗാര്‍ഡില്‍ ചേര്‍ന്ന തുള്‍സി ഇറാഖിലും കുവൈത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡമോക്രാറ്റിക് പാര്‍ട്ടിയാലാണ് തുള്‍സി രാഷ്ട്രീയ രംഗപ്രവേശം നടത്തിയത്. പാര്‍ട്ടി നേതാവായി മാറുകയും ചെയ്തിരുന്നു.2020-ലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിരാളിയായി മത്സരിക്കാനൊരുങ്ങിയ തുള്‍സിക്ക് പിന്നീട് പിന്മാറേണ്ടിവന്നു. ഇതോടെ, 2022-ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വിട്ടതിന് ശേഷം അടുത്തിടെയാണ് അവര്‍ ട്രംപിന് പിന്തുണ പ്രഖ്യാപിക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളില്‍ നിന്ന്, പ്രത്യേകിച്ച് ബൈഡനുമായും കമലയുമായും ഇടഞ്ഞുനില്‍ക്കുന്ന സമയത്താണ് അവര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് ചേക്കേറുന്നത്. കമലാ ഹാരിസിനെതിരായ സംവാദത്തിന് തയ്യാറെടുക്കുന്നതില്‍ ട്രംപിനെ സഹായിച്ച വ്യക്തികൂടിയായിരുന്നു തുള്‍സി.
യു.എസിലെ സമോവയിലായിരുന്നു തുള്‍സിയുടെ ജനനം. യു.എസ് പാര്‍ലമെന്റിലെ ആദ്യ ഹിന്ദുമത വിശ്വാസികൂടിയായ ഗബാര്‍ഡ് ഭഗവദ്ഗീതയില്‍ കൈവച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. ഹിന്ദുമത വിശ്വാസിയാണെങ്കിലും ഇന്ത്യന്‍ വംശജയല്ല ഇവര്‍. തുള്‍സി എന്ന പേര് കാരണം പലപ്പോഴും ഇന്ത്യക്കാരിയാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ഗബാര്‍ഡ് യഥാര്‍ഥത്തില്‍ അമേരിക്കക്കാരിയാണ്. അമ്മ ഹിന്ദുമതം സ്വീകരിച്ചതോടെ മക്കള്‍ക്കെല്ലാം ഹിന്ദു പേരുകള്‍ നല്‍കി എന്നതാണ് വാസ്തവം.
തുള്‍സി ഗബാര്‍ഡ് വിശ്വസ്ഥയായ ഇന്റലിജന്‍സ് ഡയറക്ടര്‍; ട്രംപ്