സിംല: വിവര്‍ത്തക ബന്ധുത്വ യാത്രയുടെ ഭാഗമായി ഹിമാചല്‍ പ്രദേശിലെ സിംലയിലെത്തിയ ഭാഷാ സമന്വയ വേദി പ്രവര്‍ത്തകര്‍ക്ക് ഉജ്വല സ്വീകരണം ലഭിച്ചു. ഹിമാചല്‍ പ്രദേശിലെ 21 എഴുത്തുകാരുടെ കഥകളുടെ മലയാളം പരിഭാഷ സിംലയില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. മുതിര്‍ന്ന എഴുത്തുകാരന് ശ്രീനിവാസ് ജോഷി കഥാകൃത്ത് സുദര്ശന് വസിഷ്ഠിന് ആദ്യ പ്രതി നല്കി പ്രകാശനം നിര്‍വ്വഹിച്ചു. ഹിമാചല്‍ സര്‍ക്കാറിന്റെ കീഴിലുള്ള
ഭാഷാ സാംസ്കാരിക വകുപ്പും ഭാഷാസമന്വയ വേദിയും ചേര്‍ന്ന് സംഘടിപ്പിച്ച ‘വിവര്‍ത്തനത്തിന്റെ വികാസയാത്ര ഇന്നലെ ഇന്ന്’ എന്ന സെമിനാര്‍ സാംസ്കാരിക വകുപ്പ് അഡീഷണല്‍ ഡയരക്ടര്‍ ഡോ മഞ്ജീത് ശര്‍മ ഉദ്ഘാടനം ചെയ്തു. ശ്രീനിവാസ് ജോഷി അധ്യക്ഷത വഹിച്ചു. മലയാള വിവര്‍ത്തകരും ഹിമാചല്‍ കഥാകൃത്തുക്കളും തമ്മിലുള്ള ആശയവിനിമയം നടന്നു. ‘ഏക ഭാരത് സമര്‍ത്ഥ ഭാരത്’ എന്ന സങ്കല്പം അര്‍ത്ഥവത്താകാന്‍ ആശയവിനിമങ്ങള്‍ക്ക് ഗതിവേഗം വേണമെന്ന് സെമിനാറില്‍ പങ്കെടുത്ത എഴുത്തുകാര്‍ അഭിപ്രായപ്പെട്ടു. ഭാഷാ സമന്വയ വേദി പ്രസിഡന്റ് ഡോ ആര്‍സു മുഖ്യപ്രഭാഷണം നടത്തി. രാജ്കുമാര് രാകേഷ്, രമേശ് ചന്ദ്ര ഗംഗോത്ര, സുരേഷ് റാണ, ദീപ്തി സാരസ്വത് എന്നീ ഹിമാചലി എഴുത്തുകാരും, നോവലിസ്റ്റ് കെ.വി.മോഹന്‍കുമാര്‍, ഡോ. ഒ. വാസവന്, ഡോ കെ സി അജയകുമാര്‍, പ്രൊഫ.കെ.ജെ.രമാഭായ്, ഡോ. ഷീന ഈപ്പന് പി.എസ്.സജയ്കുമാര്‍, ഒ.കുഞ്ഞിക്കണാരന്‍, ഡോ ബി വിജയകുമാര്‍, ടി. സുമിന, സഫിയ നരിമുക്കില്‍, എന്‍.പ്രസന്നകുമാരി, ഡോ എം കെ പ്രീത, ഡോ.കെ. ആശിവാണി, സല്‍മി സത്യാര്‍ത്ഥി, ഡോ ഗീത വിജയകുമാര്‍, എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു. ഹിമാചലി എഴുത്തുകാര്‍ക്ക് കേരളത്തില്‍ നിന്നുള്ള ഉപഹാരങ്ങള്‍ നല്കി. ഹിമാചലി സംസ്കാരത്തിന്റെ പ്രതീകമായ തൊപ്പിയണിയിച്ചാണ് ഭാഷാസമന്വയ വേദി അംഗങ്ങളെ സാംസ്കാരിക വകുപ്പ് ആദരിച്ചത്. വിവര്‍ത്തക ബന്ധുത്വ യാത്രയുടെ ഭാഗമായി 20 അംഗ സംഘമാണ് സിംലയിലെത്തിയത്. പ്രതിനിധി സംഘം സാംസ്കാരിക വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രിയെ സന്ദര്‍ശിച്ചു. സിംലയിലെ രാഷ്ട്രപതി നിവാസ്, മ്യൂസിയം, ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ് എന്നീ സ്ഥാപനങ്ങളും സന്ദര്‍ശിച്ചു.
വിവര്‍ത്തക ബന്ധുത്വ യാത്രയ്ക്ക് സിംലയില്‍ സ്വീകരണം