വാഷിങ്ടണ്‍: അമേരിക്കയിലെ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കാബിനറ്റില്‍ ഇടം പിടിച്ച് ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമിയും, ലോകത്തെ ഏറ്റവും സമ്പന്നനും ടെസ്ല, സ്പേസ് എക്സ്, എക്സ് ( ട്വിറ്റര്‍) എന്നിവുടെ മേധാവിയുമായ ഇലോണ്‍ മസ്‌കും. പുതുതായി രൂപീകരിക്കുന്ന ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ ചുമതലയാണ് രണ്ട് പേര്‍ക്കും നല്‍കിയിയത്.
മസ്‌കും വിവേകും ചേര്‍ന്ന് തന്റെ ഭരണകൂടത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കുമെന്നും, അധിക ചെലവുകളും കടുത്ത നിയന്ത്രണങ്ങളും നിയന്ത്രിക്കുമെന്നും ട്രംപ് പ്രസ്താവനയില്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ കീഴിലെ ഫെഡറല്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഇവര്‍ പുനഃക്രമീകരിക്കും. കാര്യക്ഷമമായ ഇടപെടലോടെ അമേരിക്കയെ വീണ്ടും ഉന്നതിയിലേക്ക് ഉയര്‍ത്താന്‍ മസ്‌കിനും വിവേകിനും കഴിയുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
38 കാരനായ വിവേക് രാമസ്വാമി തുടക്കത്തില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ രംഗത്തുണ്ടായിരുന്നെങ്കിലും പിന്നീട് ട്രംപിന് വേണ്ടി മാറുകയായിരുന്നു.പാലക്കാട് വടക്കാഞ്ചേരി സ്വദേശി സി.ആര്‍.ഗണപതി അയ്യരുടെയും ഗീത രാമസ്വാമിയുടെയും മകനാണ് വിവേക്.
ഇക്കഴിഞ്ഞ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ട്രംപിനു വേണ്ടി സജീവമായി പ്രചാരണ രംഗത്ത് പ്രവര്‍ത്തനം കാഴ്ചവെച്ചതാണ് ഇലോണ്‍ മസ്‌ക്.