കോഴിക്കോട്: അശാന്തമായ മനസുകള്‍ക്ക് സാന്ത്വനമേകിയ മഹത് വ്യക്തിത്വമായിരുന്നു മുക്കം എം.എ.എം.ഒ കോളേജിലെ അധ്യാപികയായിരുന്ന പ്രൊഫ.ലാലി സേവ്യറെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എഫ് ജോര്‍ജ്ജ് പറഞ്ഞു. ലാലി സേവ്യറിന്റെ സ്മരണയ്ക്കായി ലാലി സേവ്യര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്‌കാരം (15,000) രൂപ തളിപ്പറമ്പ് കുറ്റിക്കോല്‍ സഞ്ജീവനി പാലിയേറ്റീവ് കെയര്‍ ക്ലിനിക് നടത്തുന്ന പി.ശോഭനക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗികള്‍ക്കും, പ്രയാസപ്പെടുന്നവര്‍ക്കും താങ്ങാവുകയും ചെയത് മാതൃകാ അധ്യാപിക കൂടിയായിരുന്നു അവര്‍. ജീവിതത്തില്‍ വഴിതിരിച്ചു വിടുന്ന അധ്യാപകരെ എന്നെന്നും വിദ്യാര്‍ത്ഥികള്‍ ഓര്‍ക്കുമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. തളിപ്പറമ്പ് ആന്തൂര്‍ മുനിസിപ്പാലിറ്റികളിലും, സമീപത്തെ 5 പഞ്ചായത്തുകളിലുമായി കാന്‍സര്‍ ബാധിതര്‍, കിടപ്പ് രോഗികള്‍, മറ്റ് രോഗങ്ങള്‍ ബാധിച്ചവര്‍ക്കെല്ലാം സാന്ത്വന പരിചരണം നല്‍കുന്ന പി.ശോഭന, അധ്യാപക ജോലി ഉപേക്ഷിച്ചാണ് 17 വര്‍ഷമായി സാന്ത്വന ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. ചടങ്ങില്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ.അജ്മല്‍ മുയിന്‍, പ്രൊഫ.ടി.തോമസ്, പി.മീരാഭായ്, സാബുജോണ്‍, പി.ശോഭന, ഡോ.സി.ശ്രീകുമാരന്‍, രാഗിണി സുകുമാര്‍ എന്നിവര്‍ സംസാരിച്ചു.