യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് വിജയിച്ചതോടെ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.കേരളത്തില്‍ സ്വര്‍ണവില പവന് ഇന്ന് ഒറ്റയടിക്ക് 1,320 രൂപയും ഗ്രാമിന് 165 രൂപയും ഇടിഞ്ഞു. ഇതോടെ പവന്‍വില 57,600 രൂപയും ഗ്രാമിന് 7,200 രൂപയുമായി. 18 കാരറ്റ് സ്വര്‍ണവിലയും ഗ്രാമിന് 140 രൂപ കൂപ്പുകുത്തി 5,930 രൂപയിലെത്തി. കഴിഞ്ഞവാരം സെഞ്ചറിയും കടന്ന് മുന്നേറിയ വെള്ളിവില ഗ്രാമിന് ഇന്നുമാത്രം 3 രൂപ താഴ്ന്ന് 99 രൂപയായി.
ഡോളറിന്റെ മൂല്യം ഉയര്‍ന്നതും യുഎസ് സര്‍ക്കാരിന്റെ കടപ്പത്ര ആദായനിരക്ക് കുതിച്ചതും ക്രിപ്റ്റോകറന്‍സികള്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചതും രാജ്യാന്തരതലത്തില്‍ സ്വര്‍ണവില കുറയാന്‍ കാരണമായി.
ലോകത്ത് ഏറ്റവും സ്വീകാര്യതയുള്ള ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്റെ വില 76,000 ഡോളര്‍ എന്ന സര്‍വകാല റെക്കോര്‍ഡ് തകര്‍ത്ത് കുതിപ്പ് തുടങ്ങി. ക്രിപ്റ്റോ, ഡോളര്‍, ബോണ്ട്, യുഎസ് ഓഹരി വിപണി എന്നിവ മുന്നേറുന്നത് സ്വര്‍ണനിക്ഷേപങ്ങളുടെ തിളക്കംകെടുത്തിയത് വിലയെ താഴേക്ക് നയിച്ചു.
കേന്ദ്രസര്‍ക്കാര്‍ ഇക്കഴിഞ്ഞ ജൂലൈയില്‍ ഇറക്കുമതി തീരുവ വെട്ടിക്കുറച്ചതിന് പിന്നാലെ സ്വര്‍ണവില പവന് 4,000 രൂപയോളം ഇടിഞ്ഞിരുന്നു. ഒക്ടോബര്‍ 31ലെ പവന് 59,640 രൂപയും ഗ്രാമിന് 7,455 രൂപയുമാണ് കേരളത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന വില.
ട്രംപിന്റെ വിജയം; സ്വര്‍ണവില ഇടിഞ്ഞു