ശ്രീനഗര്‍: ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനാ അനുച്ഛേദം 370 പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബാനര്‍ പ്രദര്‍ശിപ്പിച്ചതിന് ജമ്മു കാശ്മീര്‍ നിയമസഭയില്‍ സംഘര്‍ഷം. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായി തിങ്കളാഴ്ച ആരംഭിച്ച അഞ്ച് ദിവസത്തെ നിയമസഭാ സമ്മേളനത്തിനിടെയാണ് സംഭവം. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിന് ഭരണഘടനാപരമായ സംവിധാനം രൂപവത്കരിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ബുധനാഴ്ച പാസ്സാക്കിയിരുന്നു. ഇതിനെച്ചൊല്ലി ബിജെപി അംഗങ്ങള്‍ സമ്മേളനം തുടങ്ങിയതുമുതല്‍ നിയമസഭയില്‍ ബഹളമുണ്ടാക്കി.ബി.ജെ.പി എം.എല്‍.എയും പ്രതിപക്ഷ നേതാവുമായ സുനില്‍ ശര്‍മ പ്രമേയത്തിന്മേല് സംസാരിച്ചുകൊണ്ടിരിക്കെ, ലാംഗേറ്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അവാമി ഇത്തേഹാദ് പാര്‍ട്ടി എം.എല്‍.എ ആയ ഖുര്‍ഷിദ് അഹമ്മദ് ഷെയ്ഖ് ബാനര്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഇതുകണ്ട ബിജെപി അംഗങ്ങള്‍ ബാനര്‍ തട്ടിയെടുക്കുകയും ചുരുട്ടിയെറിയുകയും ചെയ്തു.ഇതിനെ തുടര്‍ന്ന് എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കുകയും ഉന്തും തള്ളുമായി. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് സ്പീക്കര്‍ സമ്മേളനം താല്കാലികമായി നിര്‍ത്തിവെച്ചു.
ബാനര്‍ പ്രദര്‍ശനം;ജമ്മുകാശ്മീര്‍ നിയമസഭയില്‍ സംഘര്‍ഷം