റാവു ബഹദൂര്‍ ടി.എം. അപ്പു നെടുങ്ങാടി ക്രാന്തദര്‍ശിയായ അപൂര്‍വ്വ പ്രതിഭ

റാവു ബഹദൂര്‍ ടി.എം. അപ്പു നെടുങ്ങാടി ക്രാന്തദര്‍ശിയായ അപൂര്‍വ്വ പ്രതിഭ

മീരാപ്രതാപ്

മലയാളഭാഷയിലെ പ്രഥമ നോവലായ”കുന്ദലത’യുടെ കര്‍ത്താവും ബ്രിട്ടീഷ് ഇന്ത്യയില്‍, സ്വകാര്യമേഖലയിലെ ആദ്യ വാണിജ്യ ബാങ്കായ നെടുങ്ങാടി ബാങ്കിന്റെ സ്ഥാപകനും കോഴിക്കോട് നഗരസഭാദ്ധ്യക്ഷനുമായിരുന്ന റാവു ബഹദൂര്‍ ടി.എം. അപ്പു നെടുങ്ങാടിയുടെ ജീവചരിത്രം മുന്‍കാലങ്ങളിലെ പ്രശസ്ത എഴുത്തുകാരുടെ ലേഖനങ്ങളിലൂടെയും ഗ്രന്ഥങ്ങളിലൂടെയും മലയാളികള്‍ക്ക് സുപരിചിതമാണല്ലൊ. എങ്കിലും പുതുതലമുറക്കാര്‍ക്കിടയില്‍ ഏറെക്കുറെ വിസ്മൃതനായിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ-എന്റെ മുത്തശ്ശന്റെ മഹദ് വ്യക്തിത്വത്തെക്കുറിച്ച് വ്യത്യസ്തമായ കാഴ്ച്ചപ്പാടിലൂടെ പ്രതിപാദിക്കുന്നത് അദ്ദേഹത്തോടുള്ള ആദരസൂചകമായി ഞാന്‍ കരുതുന്നു.
ടി.എം. അപ്പു നെടുങ്ങാടി എന്ന എന്റെ മുത്തശ്ശനെക്കുറിച്ച് മുതിര്‍ന്ന കുടുംബാംഗങ്ങളുടെ വാമൊഴികളിലൂടെ കുട്ടിയായിരുന്ന എന്റെ മനസ്സില്‍ ഒരു വീരപുരുഷ സങ്കല്‍പം തന്നെ വേരുറച്ചിരുന്നു. കഴിവുറ്റ അദ്ധ്യാപകന്‍, പ്രതിഭാധനനായ സാഹിത്യകാരന്‍, പ്രഗത്ഭനായ അഭിഭാഷകന്‍, പ്രശസ്തനായ വ്യവസായി, പ്രമുഖനായ വ്യാപാരി, കീര്‍ത്തിമാനായ ബാങ്കര്‍, മികച്ച പത്രപ്രവര്‍ത്തകന്‍, നിര്‍ഭയനായ സാമൂഹ്യപരിഷ്‌കര്‍ത്താവ്, ക്രാന്തദര്‍ശിയായ നഗരപിതാവ്, കര്‍ത്തവ്യബോധമുള്ള കുടുംബനാഥന്‍ എന്നിങ്ങനെ വ്യത്യസ്തമായ കര്‍മ്മമേഖലകളില്‍ തിളങ്ങിനിന്ന ആ ബഹുമുഖപ്രതിഭയ്ക്ക് പകിട്ടേകാന്‍ വിശേഷണങ്ങള്‍ തികയാതെ വരുന്നു!

1860 ഒക്‌ടോബര്‍ 11-ാം തിയതി, സാമൂതിരി കോവിലകത്തെ മൂന്നാര്‍പ്പാട് മാനവിക്രമന്‍ തമ്പുരാന്റെയും സംഗീത-സാഹിത്യാദികലകളില്‍ വിദുഷിയായിരുന്ന ചെര്‍പ്പുളശ്ശേരി തലക്കൊടി മഠത്തില്‍ കുഞ്ചിക്കുട്ടി കോവിലമ്മയുടെയും പുത്രനായാണ് അദ്ദേഹം ഭൂജാതനായത്. മദിരാശിയിലെ പ്രസിദ്ധ ഭിഷഗ്വരനായിരുന്ന ഡോ. ടി.എം. കുഞ്ചുണ്ണി നെടുങ്ങാടി ഉള്‍പ്പെടെ രണ്ടു സഹോദരന്മാരും രണ്ടു സഹോദരിമാരുമാണ് മുത്തശ്ശന് ഉണ്ടായിരുന്നത്. അന്നത്തെ രീതിയനുസരിച്ച് സംസ്‌കൃതത്തില്‍ കാവ്യനാടകങ്ങളുടെ പഠനം വീട്ടില്‍ വച്ചുതന്നെ പൂര്‍ത്തിയാക്കിയശേഷം മുത്തശ്ശന്‍ കോഴിക്കോട്ടെ ഗവണ്‍മെന്റ് സ്‌കൂളിലും കേരള വിദ്യാശാലയിലുമായി (ഇന്നത്തെ ഗുരുവായൂരപ്പന്‍ കോളേജ്) പഠനം തുടരുകയും എഫ്.എ. (ഇപ്പോഴത്തെ ഹയര്‍സെക്കണ്ടറി) പാസ്സാവുകയും ചെയ്തു. തുടര്‍ന്ന് ഉപരിപഠനത്തിനായി മദിരാശി ഗവണ്‍മെന്റ് കോളേജില്‍ ചേര്‍ന്നു ബി.എ. ബിരുദം നേടിയശേഷം അദ്ദേഹം കുറേക്കാലം കണ്ണൂരിലെ മുനിസിപ്പല്‍ ഹൈസ്‌കൂളിലും കോഴിക്കോട്ടെ ബി.ഇ.എം. ഹൈസ്‌കൂളിലും മികച്ച സയന്‍സ് അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് മദിരാശി ക്രിസ്ത്യന്‍ കോളേജില്‍ ട്യൂട്ടറായി ജോലി ചെയ്തുകൊണ്ടുതന്നെ ഉല്‍പ്പതിഷ്ണുവായ അദ്ദേഹം നിയമവും ബാങ്കിങ്ങും പഠിക്കുവാന്‍ സമയം കണ്ടെത്തി. മദിരാശി സര്‍വ്വകലാശാലയുടെ മലയാള ഭാഷാവിഭാഗത്തിന്റെ പരീക്ഷകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
ബി.എ. പരീക്ഷ ജയിച്ച കാലഘട്ടത്തിലാണ് മുത്തശ്ശന്‍ ചെര്‍പ്പുളശ്ശേരി വലില്ലത്തുമഠത്തില്‍ മീനാക്ഷിയമ്മ എന്ന എന്റെ മുത്തശ്ശിയെ വിവാഹം ചെയ്യുന്നത്. ഈ ദമ്പതികള്‍ക്ക് പതിനാല് സന്താനങ്ങളാണ് പിറന്നത്. അവര്‍ ആരും തന്നെ ഇന്ന് ജീവിച്ചിരിപ്പില്ല.

‘കുന്ദലത’ എന്ന ആദ്യ മലയാള നോവലിന്റെ കര്‍ത്താവ് എന്ന നിലയില്‍ മലയാള സാഹിത്യ ചരിത്രത്തില്‍ മുത്തശ്ശനുള്ള സ്ഥാനം അദ്വിതീയമാണ്. ‘കുന്ദലത’യുടെ ആദ്യപതിപ്പ് 1887ല്‍ പ്രസിദ്ധീകരിച്ച കാലയളവില്‍ തന്നെ അത് തിരുവിതാംകൂറിലെ പല പള്ളിക്കൂടങ്ങളിലും പാഠപുസ്തകമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് ബ്രിട്ടീഷ് മലബാറിലും കൊച്ചിയിലും എഫ്.എ. പരീക്ഷയ്ക്ക് സര്‍വ്വകലാശാല പാഠപുസ്തകമായി ‘കുന്ദലത’ സ്വീകരിക്കപ്പെട്ടു എന്നതും അദ്ദേഹത്തിന് വലിയ ബഹുമതിയാണ് നേടിക്കൊടുത്തത്. ‘കുന്ദലത’ രചിച്ച കാലഘട്ടത്തില്‍ മലയാള സാഹിത്യത്തിലെ കഥാവിഭാഗത്തില്‍ ഒരു പുസ്തകംപോലും എഴുതപ്പെട്ടിരുന്നില്ല എന്ന വസ്തുത എടുത്തുപറയേണ്ടതുണ്ട്. ”സ്വതന്ത്രമായി പാശ്ചാത്യസമ്പ്രദായത്തില്‍ നോവല്‍ എന്ന ഇനത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒരു കഥ ആദ്യമായി എഴുതി ഭാഷയെ ഭൂഷിപ്പിച്ചത്” മഹാകവി ഉള്ളൂര്‍ ‘കുന്ദലത’യെക്കുറിച്ച് പരാമര്‍ശിച്ചത് ഇങ്ങനെയാണ്.
ആംഗലേയ ഭാഷയിലും സാഹിത്യത്തിലും വ്യുല്‍പ്പത്തിയും പാശ്ചാത്യ ജീവിതരീതികളോട് പ്രതിപത്തിയുമുണ്ടായിരുന്ന മുത്തശ്ശന് സംസ്‌കൃതത്തിലും മലയാളത്തിലും അഗാധ പാണ്ഡിത്യവുമുണ്ടായിരുന്നു. ഇംഗ്ലീഷ്, സംസ്‌കൃതം, മലയാളം എന്നീ ഭാഷകളുടെ പഠനത്തെ കുട്ടികള്‍ ഗൗരവപൂര്‍വ്വം ഉള്‍ക്കൊള്ളണമെന്ന് മുത്തശ്ശന്‍ നിഷ്‌കര്‍ഷിക്കാറുണ്ടായിരുന്നതായി അദ്ദേഹത്തിന്റെ പുത്രിമാരായ എന്റെ അമ്മമ്മ പാര്‍വ്വതിഅമ്മയും ജ്യേഷ്ഠത്തി മാധവിക്കുട്ടി വലിയമ്മയും പറഞ്ഞു തരുമായിരുന്നു. വിവിധ ഭാഷകളിലെ ഉത്തമകൃതികളടങ്ങുന്ന വിപുലമായ പുസ്തകസമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. നിത്യേന ‘നാരായണീയ’വും മറ്റ് സംസ്‌കൃത ഗ്രന്ഥങ്ങളും പാരായണം ചെയ്യുന്നതും അതിരാവിലെ സൂര്യനമസ്‌കാരം ചെയ്യുന്നതും അദ്ദേഹത്തിന്റെ ജീവിതചര്യയുടെ ഭാഗമായിരുന്നു. ‘കുന്ദലത’യ്ക്ക് പുറമെ ഒരു പാഠാവലിയും എഴുതിയിട്ടുള്ള മുത്തശ്ശന്‍ ഉത്തരേന്ത്യന്‍ പര്യടനവേളയില്‍ താജ്മഹല്‍ സന്ദര്‍ശിച്ചപ്പോള്‍ ആ സുന്ദരദൃശ്യത്തില്‍ ആകൃഷ്ടനായി അവിടെയിരുന്നുകൊണ്ട് താജ്മഹലിനെ പ്രകീര്‍ത്തിച്ച്, ‘ഉത്തുംഗം നിന്റെ താഴികക്കുടമതു വിലസല്‍ പൂര്‍ണ്ണ ചന്ദ്രാഭിരാമം’ എന്നു തുടങ്ങുന്ന ഒരു കവിതയും രചിക്കുകയുണ്ടായി.

1888 ല്‍ കോഴിക്കോട് ബാറില്‍ മുത്തശ്ശന്‍ വക്കീലായി പ്രാക്ടീസ് ആരംഭിച്ചു. സിവില്‍, ക്രിമിനല്‍ കേസുകള്‍ അനായാസം കൈകാര്യം ചെയ്തിരുന്ന അദ്ദേഹം അക്കാലത്തെ പ്രമുഖ അഭിഭാഷകരില്‍ ഒരാളായിരുന്നു. 1906 ല്‍ പബ്ലിക് പ്രോസിക്യൂട്ടറും ഗവണ്‍മെന്റ് പ്ലീഡറുമായി അദ്ദേഹത്തിന് നിയമനം ലഭിച്ചത്, അഭിഭാഷകവൃത്തിയിലെ പ്രാഗത്ഭ്യം മൂലമാണ്. അമ്മമ്മയുടെ കുട്ടിക്കാലത്ത് ഒരു രാത്രിയില്‍, തറവാട്ടിലെ പൂട്ടറയില്‍ നിന്ന് സ്ത്രീകളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കളവുപോയി. കള്ളനുവേണ്ടിയുള്ള തിരച്ചില്‍ വൃഥാവിലായി. വര്‍ഷങ്ങള്‍ക്കുശേഷം മറ്റൊരു കേസില്‍ പിടിയിലായ ഒരു കള്ളനെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന മുത്തശ്ശന്‍ കോടതിയില്‍ വെച്ചു വിസ്തരിച്ചു. ഭയന്നുപോയ കള്ളന്‍, മുമ്പ് മുത്തശ്ശന്റെ വീട്ടില്‍ താന്‍ നടത്തിയ മോഷണകാര്യം കൂടി തുറന്നുപറഞ്ഞു എന്നതാണ് രസകരമായ വസ്തുത.

പത്രപ്രവര്‍ത്തനരംഗത്ത് തന്റേതായ സംഭാവന നല്‍കിയ വ്യക്തി കൂടിയായിരുന്നു മുത്തശ്ശന്‍. തിരക്കുള്ള വക്കീലായിരുന്നപ്പോഴും അദ്ദേഹം പത്രപ്രവര്‍ത്തനത്തിനായി സമയം കണ്ടെത്തിയിരുന്നു. ‘കേരളപത്രിക’, ‘കേരള സഞ്ചാരി’, ‘വിദ്യാവിനോദിനി’ എന്നു തുടങ്ങി പല പത്രങ്ങളുടെയും ആരംഭം കുറിച്ചതും മേല്‍നോട്ടം വഹിച്ചതും അദ്ദേഹമായിരുന്നു. മേല്‍പറഞ്ഞ പത്രങ്ങളിലും മലയാള മനോരമയിലും അദ്ദേഹം ധാരാളം ലേഖനങ്ങള്‍ എഴുതി. കൂടാതെ കോഴിക്കോട്ടുനിന്ന് അച്ചടിച്ചിരുന്ന ‘വെസ്റ്റ് കോസ്റ്റ് സ്‌പെക്‌ടേറ്റര്‍’, ‘വെസ്റ്റ് കോസ്റ്റ് റിഫോര്‍മര്‍’ എന്നിവയില്‍ അദ്ദേഹത്തിന്റെ ഇംഗ്ലീഷിലുള്ള ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. സ്വന്തമായി ഒരു പ്രിന്റിങ്ങ് പ്രസ്സും അദ്ദേഹം നടത്തിയിരുന്നു.

കോഴിക്കോട്ടെ തളി, ചാലപ്പുറം, പുതിയപാലം, ജയില്‍റോഡ്, പാളയം, കല്ലായി റോഡ് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ മുത്തശ്ശന് ധാരാളം കെട്ടിടങ്ങളും കച്ചവടസ്ഥാപനങ്ങളും ഉണ്ടായിരുന്നു. അന്നത്തെ നാട്ടുപ്രമാണിമാര്‍ക്കിടയില്‍ ആദ്യമായി കുതിരവണ്ടി, മോട്ടോര്‍കാര്‍, ഗ്രാമഫോണ്‍ എന്നിവയൊക്കെ വാങ്ങിയത് മുത്തശ്ശനായിരുന്നു. മുത്തശ്ശന്റെ കുടുംബാംഗങ്ങള്‍ക്കിടയില്‍ ആദ്യമായി ചായ (ടീ) എന്ന പാനീയം പരിചയപ്പെടുത്തിയത് അദ്ദേഹമായിരുന്നു. അതുകൊണ്ട് അനന്തരവന്മാര്‍ക്കിടയില്‍ അദ്ദേഹം ‘ടീമാന്‍’ (ടീ അമ്മാവന്‍) എന്ന ഓമനപ്പേരിലാണ് അറിയപ്പെട്ടിരുന്നത്.

മലബാറില്‍ ക്ഷീരവ്യവസായത്തിന് നാന്ദി കുറിച്ചത് മുത്തശ്ശനായിരുന്നു. ആനിഹാള്‍ റോഡിന്റെ ഒരു വശത്ത് ഒരു വലിയ ഷെഡ് പണിയിച്ച് അതിലേക്ക് പൊള്ളാച്ചിയില്‍ നിന്ന് മുന്തിയ ഇനം പശുക്കളെ വരുത്തിച്ചുകൊണ്ടായിരുന്നു അദ്ദേഹം ധവളവിപ്ലവത്തിന് തുടക്കമിട്ടത്. കൊച്ചിയില്‍ നെടുങ്ങാടി ബ്രദേഴ്‌സ് എന്ന പേരില്‍ തുണിവ്യാപാരശാല, അച്ചടി, പത്രപ്രവര്‍ത്തനം, തടി, കല്‍ച്ചട്ടി, സെറാമിക്‌സ് എന്നിവയുടെ വില്‍പ്പന എന്നിങ്ങനെ ചെറുതും വലുതുമായി നിരവധി വ്യാപാരങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും വിജയകരമായ നടത്തിപ്പിലൂടെ സമൂഹത്തില്‍ അദ്ദേഹം സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു.

1899 ല്‍ നെടുങ്ങാടി ബാങ്കിന് തുടക്കം കുറിച്ചതിലൂടെ മലയാളികള്‍ക്ക് തികച്ചും അന്യമായിരുന്ന വാണിജ്യ-ധനകാര്യ സംരംഭങ്ങളിലേക്കും മുത്തശ്ശന്‍ ഒരു വഴികാട്ടിയായി മാറുകയായിരുന്നു. തളിക്ഷേത്രത്തിനടുത്ത് ഇന്നും സ്ഥിതി ചെയ്യുന്ന പഴയ കെട്ടിടത്തിലാണ് 19,000 രൂപയുടെ ചെറുനിക്ഷേപത്തിലൂടെ അദ്ദേഹം നെടുങ്ങാടി ബാങ്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. കുടുംബത്തിലെ കൊച്ചുകുട്ടികളില്‍പ്പോലും സമ്പാദ്യശീലം വളര്‍ത്തിയെടുക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നതായി വലിയമ്മമാര്‍ പറയാറുണ്ട്. ”ഒരു നൂറ്റാണ്ടു മുമ്പ് മലയാള സാഹിത്യത്തിലും സാമ്പത്തിക മേഖലയിലും ആഗോളവല്‍ക്കരണത്തിന് തുടക്കംകുറിച്ച ക്രാന്തദര്‍ശിയായിരുന്നു അപ്പു നെടുങ്ങാടി. കലയും കച്ചവടവും ഒരു വ്യക്തിയില്‍ സംഗമിക്കുന്നതിന്റെ അപൂര്‍വ്വ ദൃഷ്ടാന്തമായിരുന്നു അദ്ദേഹം”. മുത്തശ്ശനെക്കുറിച്ച് മഹാകവി ഒളപ്പമണ്ണയുടെ വിലയിരുത്തലിന് ഇന്ന് പ്രസക്തിയേറുന്നു.

വ്യക്തിബന്ധങ്ങള്‍ക്ക് മുത്തശ്ശന്‍ വളരെയേറെ വിലകല്‍പ്പിച്ചിരുന്നു. ”സത്യസന്ധത, കൃത്യനിഷ്ഠ, ദിനചര്യയിലുള്ള ക്രമവും ചിട്ടയും, ആകര്‍ഷകമായ പെരുമാറ്റം, നേട്ടത്തിനായുള്ള ദാഹം, സമൂഹത്തെ സേവിക്കുന്നതിലൂടെ ജനസമ്മിതി നേടുവാനുള്ള ആഗ്രഹം എന്നീ ഗുണങ്ങളാണ് അപ്പു നെടുങ്ങാടിയില്‍ നിന്ന് ഇന്നത്തെ തലമുറയ്ക്ക് പഠിക്കാനുള്ളത്.” മാതൃഭൂമി പത്രാധിപരും മുത്തശ്ശന്റെ സമകാലീനനുമായിരുന്ന കെ.പി. കേശവമേനോന്‍ അദ്ദേഹത്തെ അനുസ്മരിച്ചത് ഇപ്രകാരമായിരുന്നു. സര്‍ ചേറ്റൂര്‍ ശങ്കരന്‍നായര്‍, ഡെപ്യൂട്ടി കലക്ടര്‍ ജി.ടി. വര്‍ഗ്ഗീസ്, മഞ്ചേരി സുബ്രഹ്‌മണ്യ അയ്യര്‍, സബ് ജഡ്ജ് ഇ.കെ. കൃഷ്ണന്‍, ഡെപ്യൂട്ടി കലക്ടര്‍ പന്നിക്കോട്ട് കരുണാകരമേനോന്‍, നാരകശ്ശേരി കൃഷ്ണന്‍, പ്രസിദ്ധ വക്കീല്‍മാരായിരുന്ന എ.വി.ഗോവിന്ദമേനോന്‍, ടി.എ. കല്യാണകൃഷ്ണയ്യര്‍ തുടങ്ങി ഒട്ടേറെ പ്രശസ്ത വ്യക്തികള്‍ മുത്തശ്ശന്റെ സമകാലീനരും സുഹൃത്തുക്കളുമായിരുന്നു. കോഴിക്കോട് തളിയില്‍ സ്ഥിതി ചെയ്തിരുന്ന മുത്തശ്ശന്റെ നാലുകെട്ടിന്റെ മുറ്റത്ത് ഒരുക്കാറുള്ള പാശ്ചാത്യരീതിയിലുള്ള ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടെ ഡിസ്ട്രിക്റ്റ് ജഡ്ജും മുത്തശ്ശന്റെ ഉറ്റ സുഹൃത്തുമായിരുന്ന ജാക്‌സണ്‍, ഡിസ്ട്രിക്ട് കലക്ടര്‍ മുതലായ ഉന്നത ബ്രിട്ടീഷ് ഉദ്യോഗസ്ഥരും മറ്റു പ്രമുഖ വ്യക്തികളും അതിഥികളായി എത്തിച്ചേരാറുള്ളത് അമ്മമ്മ പലപ്പോഴും ഓര്‍മ്മിക്കാറുണ്ടായിരുന്നു. വലിയ കുടുംബസ്‌നേഹിയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി എന്തു സഹായവും ചെയ്യാന്‍ സദാ സന്നദ്ധനുമായിരുന്നു മുത്തശ്ശന്‍. അദ്ദേഹം തന്റെ ബിസിനസ് സ്ഥാപനങ്ങളില്‍ അവരില്‍ പലരേയും പങ്കാളികളാക്കുകയും പലര്‍ക്കും ജോലി നല്‍കുകയും ചെയ്തിരുന്നു. തന്റെ സ്‌നേഹിതനും വക്കീലുമായിരുന്ന കെ.എന്‍. സൂര്യനാരായണ അയ്യര്‍ക്കുവേണ്ടി അദ്ദേഹം ഒരു വീടുതന്നെ നിര്‍മ്മിച്ചുകൊടുത്തു.

മുത്തശ്ശന്റെ ബഹുമുഖ വ്യക്തിത്വത്തില്‍ എന്നെ ഏറെ ആകര്‍ഷിച്ച ഒരു ഘടകം അദ്ദേഹത്തിന്റെ ഉയര്‍ന്ന സാമൂഹ്യബോധവും സേവനമനോഭാവവുമാണ്. തൊട്ടുകൂടായ്മ, അനാചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍, സ്ത്രീകള്‍ക്കിടയിലെ നിരക്ഷരത്വം തുടങ്ങിയ സാമൂഹ്യതിന്മകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുവാനും പുതിയ സാമുദായിക പരിഷ്‌ക്കാരങ്ങള്‍ ഏര്‍പ്പെടുത്തുവാനും അദ്ദേഹം എന്നും ചങ്കൂറ്റം പ്രകടിപ്പിച്ചിരുന്നു. പണ്ട്, ബാങ്കിന്റെ മുന്‍പില്‍കൂടി നടന്നുപോകുന്ന മാറുമറയ്ക്കാത്ത സ്ത്രീകള്‍ക്ക് മുത്തശ്ശന്‍ റൗക്ക തയ്പ്പിച്ചു കൊടുക്കുകയും അത് ധരിക്കാതെ പൊതു സ്ഥലങ്ങളില്‍ വരരുത് എന്ന് ബോധവല്‍ക്കരിക്കുകയും ചെയ്തതായി കേട്ടിട്ടുണ്ട്. മറ്റൊരവസരത്തില്‍ തളിക്ഷേത്രത്തിനു മുന്‍വശത്തെ റോഡിലൂടെ കാറോടിച്ചുപോയ ഒരു ഈഴവ സമുദായക്കാരനെ ക്ഷുഭിതരായ ബ്രാഹ്‌മണര്‍ വഴി തടയാന്‍ ശ്രമിക്കുകയുണ്ടായി. മുത്തശ്ശന്‍ ഈ അനീതിക്കെതിരെ ശബ്ദമുയര്‍ത്തുകയും അദ്ദേഹത്തിന്റെ കടുത്ത എതിര്‍പ്പുമൂലം ബ്രാഹ്‌മണര്‍ക്ക് പിന്‍മാറേണ്ടിവരികയും ചെയ്തു.

പൊതുകാര്യപ്രസക്തനായിരുന്ന മുത്തശ്ശന്‍ കുറേക്കാലം കോഴിക്കോട് നഗസഭയിലെ അംഗമായിരുന്നു. 1918-19 കാലങ്ങളില്‍ അദ്ദേഹം കോഴിക്കോട് മുനിസിപ്പല്‍ ചെയര്‍മാനായും തിരഞ്ഞെടുക്കപ്പെട്ടു. നഗരപിതാവ് എന്ന നിലയ്ക്ക് അദ്ദേഹം കോഴിക്കോടിന്റെ നാനാവിധമായ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സ്ത്രീവിദ്യാഭ്യാസ രംഗത്തായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സംഭാവന. സ്ത്രീകള്‍ അക്ഷരം പഠിക്കുന്നത് അചിന്ത്യമായിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. കോഴിക്കോട്ടെ കോണ്‍വെന്റില്‍ ക്രിസ്ത്യാനികളല്ലാത്ത ബാലികമാര്‍ക്ക് പ്രവേശനം നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് മുത്തശ്ശന്‍ ചാലപ്പുറത്ത് എസ്.പി.ഇ. ഡബ്ല്യു എന്ന സംഘടന രൂപീകരിച്ച് അതിന്റെ ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടി ഒരു ഇംഗ്ലീഷ് സ്‌കൂള്‍ സ്ഥാപിച്ചത്. സ്വന്തം വീട്ടിലെ പെണ്‍കുട്ടികളെ സ്‌കൂളിലയച്ചുകൊണ്ട്, ആദ്യം മടിച്ചുനിന്ന ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും അദ്ദേഹം മാതൃക കാട്ടി. അന്ന് മിക്കവരും ചെരുപ്പ് ഉപയോഗിക്കാത്ത കാലമായിരുന്നല്ലോ. കുട്ടികള്‍ക്ക് കാലില്‍ തണുപ്പുകയറി അസുഖം വരും എന്ന് പേടിച്ചു രക്ഷിതാക്കള്‍ അവരെ സ്‌കൂളിലയക്കാന്‍ മടിച്ചപ്പോള്‍ മുത്തശ്ശന്‍ പാളയത്തിലേക്ക് ആളെവിട്ട് ചെരുപ്പുകള്‍ വാങ്ങി കുട്ടികള്‍ക്ക് വിതരണം നടത്തുകയും ചെയ്തു. ജര്‍മ്മന്‍കാരായിരുന്ന അദ്ധ്യാപികമാര്‍ക്ക് സ്‌കൂളില്‍ വരാനും പോകാനും അദ്ദേഹം സ്വന്തം ‘ജഡുക്ക’ (കുതിരവണ്ടി) ഏര്‍പ്പാടു ചെയ്യാനും മടിച്ചില്ല. കുറച്ചുകാലത്തിനുശേഷം മുനിസിപ്പാലിറ്റിക്ക് വിട്ടുകൊടുക്കുകയും പിന്നീട് വന്ന ചെയര്‍മാന്‍ അച്യുതന്റെ പേരില്‍ ഇന്ന് അറിയപ്പെടുകയും ചെയ്യുന്ന അച്യുതന്‍ ഗേള്‍സ് ഹൈസ്‌കൂളാണ് മുമ്പ് ‘നെടുങ്ങാടി സ്‌കൂള്‍’ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം. മുത്തശ്ശന്‍ സ്ഥാപിച്ച ഈ വിദ്യാലയത്തില്‍ തന്നെയായിരുന്നു ഞാന്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

സാമൂഹ്യസേവനരംഗത്തെ മുത്തശ്ശന്റെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്കും സാഹിത്യ-സാംസ്‌കാരിക-വാണിജ്യ മേഖലകളില്‍ നൂതനമായ ആശയങ്ങളിലൂടെ അദ്ദേഹം കാഴ്ചവെച്ച ആവിഷ്‌കാര പാടവത്തിനുമുള്ള അംഗീകാരമായിട്ടാണ് 1919 ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് അദ്ദേഹത്തെ വിശിഷ്ടമായ ‘റാവു ബഹദൂര്‍’ പദവി നല്‍കി ആദരിച്ചത്.

ദീര്‍ഘകാലം പ്രമേഹരോഗബാധിതനായിരുന്ന മുത്തശ്ശന്‍ 1933 ല്‍ തന്റെ എഴുപത്തിമൂന്നാമത്തെ വയസ്സിലാണ് ദിവംഗതനായത്. അദ്ദേഹത്തിന്റെ ഇന്നും ജീവിച്ചിരിപ്പുള്ള പേരമക്കള്‍ വി.എം. ശാന്ത, പി. മാധവമേനോന്‍ എന്നിവരാണ്. മുത്തശ്ശന്റെ വംശവൃക്ഷത്തിന് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും പടര്‍ന്നു പന്തലിച്ച ശാഖോപശാഖകളുണ്ട്. അദ്ദേഹത്തിന്റെ കൊച്ചുമക്കളും അവരുടെ കൊച്ചുമക്കളും അടങ്ങുന്ന സന്തതി പരമ്പര ഇന്ന് ആറാംതലമുറയിലെത്തി നില്‍ക്കുന്നു.

നെടുങ്ങാടി ബാങ്കിന്റെ തിരോധാനം ഞങ്ങള്‍ കുടുംബാംഗങ്ങള്‍ക്കും അദ്ദേഹത്തെ സ്‌നേഹിക്കുന്ന സുമനസ്സുകളായ നാട്ടുകാര്‍ക്കും ഇന്നും തീരാവേദനയായി അവശേഷിക്കുന്നു. അപ്പു നെടുങ്ങാടിയുടെ നേട്ടങ്ങളെക്കുറിച്ചും അവയിലൂടെ വിവിധ മേഖലകളില്‍ അദ്ദേഹം നല്‍കിയ സംഭാവനകളെക്കുറിച്ചുമുള്ള അറിവുകള്‍ വരുംതലമുറകളിലേക്ക് പകര്‍ന്നു നല്‍കിക്കൊണ്ട്, അദ്ദേഹത്തിന്റെ സ്മരണ ആധുനിക സമൂഹത്തില്‍ നിലനിര്‍ത്തുവാനായി കോഴിക്കോട്ടെ അപ്പുനെടുങ്ങാടി അനുസ്മരണ സമിതി കുറച്ചു വര്‍ഷങ്ങളായി ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച്ചവയ്ക്കുന്നത്.
ഞങ്ങള്‍ കുടുംബാംഗങ്ങളും അനുസ്മരണസമിതിയും ഒത്തൊരുമിച്ച്, ഏറെനാളത്തെ പരിശ്രമഫലമായി, അദ്ദേഹത്തിന്റെ കര്‍മ്മമണ്ഡലമായിരുന്ന കോഴിക്കോട്ടെ തളിയില്‍, ‘ബാങ്ക് ബില്‍ഡിങ്ങ്’ എന്ന പേരില്‍ കുടുംബാംഗങ്ങള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്ന ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളതും ഇന്നും ചരിത്രത്തിന്റെ ഭാഗമായി പഴമയുടെ പ്രൗഢിയോടെ നിലനില്‍ക്കുന്നതുമായ, നെടുങ്ങാടി ബാങ്ക് ആദ്യമായി പ്രവര്‍ത്തനം ആരംഭിച്ച കെട്ടിടത്തിന്റെ മുന്‍വശത്തുള്ള, മിനി ബൈപ്പാസ് വരെ നീളുന്ന തളി-പുതിയപാലം റോഡിന് അപ്പുനെടുങ്ങാടിയുടെ പേര് നല്‍കിക്കൊണ്ട് നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഒരു ബോര്‍ഡ് സ്ഥാപിക്കുകയുണ്ടായി.

അതുപോലെ കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് മുത്തശ്ശന്റെ പൗത്രനായ പരേതനായ അഡ്വ.ദാമോദരമേനോന്‍ മുന്‍കൈ എടുത്ത് കോഴിക്കോട് ബാര്‍ അസോസിയേഷന്‍ ഹാളില്‍ അദ്ദേഹത്തിന്റെ ഒരു ഫോട്ടോ അനാച്ഛാദനം ചെയ്യുകയുണ്ടായി. ഇവ രണ്ടുമല്ലാതെ ഉചിതമായ മറ്റൊരു സ്മാരകം കോഴിക്കോടിന്റെ ശ്രേഷ്ഠപുത്രന്മാരില്‍ ഒരാളായിരുന്ന അപ്പു നെടുങ്ങാടിക്ക് സ്വന്തം നാട്ടില്‍ ഇല്ല എന്നത് വേദനാജനകമാണ്. സമാരാദ്ധ്യനായ ആ നഗരപിതാവിന്റെ ഓര്‍മ്മക്കായി നഗരത്തില്‍ പ്രാധാന്യമുള്ള ഒരിടം കണ്ടെത്തി അദ്ദേഹത്തിന്റെ ഒരു പ്രതിമ സ്ഥാപിക്കുക എന്നതാണ് കുടുംബാംഗങ്ങളുടെയും അനുസ്മരണ സമിതിയുടെയും നാട്ടുകാരുടെയും ആഗ്രഹം. സമിതി അതിനുവേണ്ടി വളരെയധികം പരിശ്രമിക്കുന്നുണ്ട്. അധികൃതര്‍ ഇക്കാര്യത്തില്‍ എത്രയും വേഗം ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍ എല്ലാവരും.

ഭാഷാസ്‌നേഹവും സാമൂഹ്യപ്രതിബദ്ധതയും പുരോഗമനചിന്തയും ജ്വലിച്ചുനിന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാല്‍ പ്രഭാപൂര്‍ണ്ണമായിരുന്ന ആ മഹാപുരുഷന്റെ ജീവിതം നമുക്കും വരുംതലമുറയ്ക്കും എന്നെന്നും കര്‍മ്മചൈതന്യത്തിന് മാതൃകയാവട്ടെ.

(അപ്പുനെടുങ്ങാടിയുടെ പ്രപൗത്രിയാണ് ലേഖിക)

 

 

 

റാവു ബഹദൂര്‍ ടി.എം. അപ്പു നെടുങ്ങാടി
ക്രാന്തദര്‍ശിയായ അപൂര്‍വ്വ പ്രതിഭ

 

Share

Leave a Reply

Your email address will not be published. Required fields are marked *