കോഴിക്കോട്: ജില്ലാ ഫിസിക്സ് ടീച്ചേഴ്സ് അസോസിയേഷന് ഗവണ്മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് ഫിസിക്സ് ഡിപ്പാര്‍ട്മെന്റുമായി സഹകരിച്ച് + 2 വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കേരള ഫിസിക്സ് കോണ്‍ഗ്രസ് 9,10 തിയതികളില്‍ കോഴിക്കോട് ഗവണ്മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ നടക്കും. വിദ്യാര്‍ത്ഥികളുടെ സയന്‍സ് പഠനം മികവുറ്റതാക്കുക, ഗവേഷണഭിരുചി സൃഷ്ടിക്കുക, ഭൗതിക ശാസ്ത്രത്തിലുള്ള അഭിരുചി വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. കോഴിക്കോട് ജില്ലയിലെ വിവധ വിദ്യാലയങ്ങളില്‍ നിന്നുള്ള 110 വിദ്യാര്‍ത്ഥികളും 70 ടീച്ചേഴ്സും ക്യാമ്പില്‍ പങ്കെടുക്കും. ഭൗതിക മേഖലകളുമായി ബന്ധപ്പെട്ട് സെമിനാറുകള്‍, കരിയര്‍ ഗൈഡന്‍സ്, വാന നിരീക്ഷണം, ഗവേഷണ മേഖലകളെ പരിചയപ്പെടുത്തല്‍ എന്നിവക്ക് ഫിസിക്സ് കോണ്‍ഗ്രസ് വേദിയാകും. VSSC, NIT, വിവിധ യൂണിവേഴ്സിറ്റികള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പരിപാടിയില്‍ പങ്കെടുക്കും. അധ്യാപകര്‍ക്കുള്ള ശില്പശാലയും ഇതോടൊപ്പം നടക്കും.
പരിപാടി 9ന് രാവിലെ 9.30ന് കോഴിക്കോട് ജില്ലാ ഹയര്‍സെക്കന്ററി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സന്തോഷ് കുമാര്‍ എം ഉദ്ഘാടനം ചെയ്യും. വിക്രം സാരാഭായി സ്പേസ് സെന്റര്‍ സ്പേസ് ഫിസിക്സ് ലബോറട്ടറി മേധാവി ഡോ.എസ്.സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തും. 10ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ റീജിയണല്‍ സയന്‍സ് സെന്റര്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ എം.എം.കെ.ബാലാജി മുഖ്യാതിഥിയാവും.
വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന് പ്രസിഡണ്ട് സജി മാത്യു, സുധീര്‍ ബാബു, ടി.കെ.അനില്‍ കുമാര്‍, സുമിത്ത്.പി, ഡോ.ബിനിത.പി, ഡോ,അല്ദീപ്.എന്‍.പി പങ്കെടുത്തു.