സമ്പൂര്‍ണ ജയത്തോടെ വീണ്ടും ട്രംപ്
വാഷിങ്ടണ്‍ : ഇനി അമേരിക്കയുടെ സുവര്‍ണ കാലഘട്ടമെന്ന് ഡോണള്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചതിന് പിന്നാലെ പാം ബീച്ച് കൗണ്ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയുടെ 47-ാമത്തെ പ്രസിഡന്റായി താന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. നമ്മള്‍ ചരിത്രം സൃഷ്ടിച്ചു. അമേരിക്കക്കാരുടെ മഹത്തായ വിജയമാണിത്. നമ്മുടെ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ വിജയമാണിത്. വീണ്ടും തന്നെ തെരഞ്ഞെടുത്തതിന് അമേരിക്കന്‍ ജനതയോട് നന്ദി പറയുന്നു. ഓരോ അമേരിക്കന്‍ പൗരന്റേയും ഭാവിക്കും കുടുംബത്തിനും വേണ്ടി പോരാടുമെന്നും ട്രംപ് പറഞ്ഞു.
നമ്മുടെ കുട്ടികള്‍ അര്‍ഹിക്കുന്ന ശക്തവും സുരക്ഷിതവും സമൃദ്ധവുമായ അമേരിക്കയെ കെട്ടിപ്പടുക്കുന്നതുവരെ വിശ്രമമില്ല. ഓരോ ദിവസവും, എന്റെ ശരീരത്തിലെ ഓരോ ശ്വാസത്തിലും നിങ്ങള്‍ക്കായി പോരാടും. അമേരിക്കയുടെ സുവര്‍ണ കാലം വന്നെത്തി. തന്നോടൊപ്പം നിന്ന പ്രവര്‍ത്തകര്‍ക്കും, ഭാര്യ മെലാനിയ, കുടുംബാംഗങ്ങള്‍, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജെ ഡി വാന്‍സ് തുടങ്ങിയവര്‍ക്കും ട്രംപ് നന്ദി പറഞ്ഞു. രാജ്യത്തിനുണ്ടായ മുറിവ് ഉണക്കുമെന്നും ട്രംപ് പ്രതിജ്ഞയെടുത്തു. ഔദ്യോഗിക ഫലപ്രഖ്യാപനം വരുംമുമ്പേയാണ് ട്രംപ് വിജയിച്ചതായി സ്വയം പ്രഖ്യാപനം നടത്തിയത്.
നിര്‍ണായക സംസ്ഥാനങ്ങളിലൊന്നായ പെന്‍സില്‍വാനിയയും ജോര്‍ജിയയും ട്രംപ് തിരിച്ചു പിടിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ പങ്കുവഹിച്ച ടെസ്ല മേധാവി ഇലോണ്‍ മസ്‌കിനെയും ട്രംപ് പ്രസംഗത്തില്‍ പരാമര്‍ശിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പുതിയ താരം എന്നായിരുന്നു വിശേഷിപ്പിച്ചത്.
ശക്തമായ മുന്നേറ്റം നടത്തിയാണ് രാജ്യത്തിന്റെ പ്രസിഡന്റ് പദവിയിലേക്ക് ഡോണള്‍ഡ് ട്രംപ് തിരിച്ചെത്തുന്നത്. നിര്‍ണായകമായ സ്വിങ് സ്റ്റേറ്റുകളില്‍ അടക്കം മികച്ച മുന്നേറ്റം നടത്തിയ ട്രംപ് അധികാരം ഉറപ്പിച്ചു. വിജയത്തിനു വേണ്ടി 270 ഇലക്ടറല്‍ വോട്ടുകള്‍ ട്രംപ് അനായാസം മറികടന്നു. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിന് നടക്കും.
78 കാരനായ ഡോണള്‍ഡ് ട്രംപ് വീണ്ടും പ്രസിഡന്റ് പദവിയിലേക്ക് എത്തിയതോടെ പുതിയൊരു ചരിത്രവും കുറിച്ചു. തുടര്‍ച്ചയായിട്ടല്ലാതെ പ്രസിഡന്റ് പദവിയിലെത്തുന്ന രണ്ടാമത്തെ നേതാവാണ് ട്രംപ്. 127 വര്‍ഷത്തിനുശേഷമാണ്, ഒരാള്‍ തുടര്‍ച്ചയായിട്ടല്ലാതെ വീണ്ടും യുഎസ് പ്രസിഡന്റാകുന്നത്. 2017 മുതല്‍ 2021 വരെയാണ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരുന്നത്. കഴിഞ്ഞ തവണ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജോ ബൈഡനോട് പരാജയപ്പെടുകയായിരുന്നു. യുഎസ് സെനറ്റിലും ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആധിപത്യം നേടിയിട്ടുണ്ട്.