ബംഗലുരു: സമാനതകളില്ലാത്ത സമരവഴികളിലൂടെ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെയും അരികുവത്കരിക്കപ്പെട്ടവരുടെയും അവകാശസമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഐഎന്‍എല്‍ സ്ഥാപകനേതാവും, പ്രമുഖ പാര്‍ലമെന്റേറിയനുമായ ഇബ്‌റാഹീം സുലൈമാന്‍ സേട്ടിന്റെ നൂറ്റിനാലാം ജന്മദിനം ഉദ്യാനനഗരിക്ക് നവ്യാനുഭവമായി.
ഇന്ത്യയിലെ പതിനൊന്ന് സംസ്ഥാനങ്ങളില്‍ നിന്നായി എത്തിച്ചേര്‍ന്ന ഐഎന്‍എല്‍ ദേശീയ നേതാക്കളും പ്രവര്‍ത്തകരും, കുടുംബാംഗങ്ങളും, സുഹൃത്തുക്കളും സേട്ടിന്റെ ഓര്‍മ്മകള്‍ പുതുക്കി. കാമരാജ് റോഡിലെ കച്ച് മേമന്‍ കമ്യൂണിറ്റി ഹാളില്‍ ഐഎന്‍എല്‍ കര്‍ണാടക സംസ്ഥാന കമ്മിറ്റിയും, ഐഎംസിസി കര്‍ണാടക സ്റ്റേറ്റ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ മഹാസംഗമം ഐഎന്‍എല്‍ ദേശീയ പ്രസിഡന്റ് പ്രൊഫ മുഹമ്മദ് സുലൈമാന്‍ ഉദ്ഘാടനം ചെയ്തു.ബാബരി മസ്ജിദ് തകര്‍ത്തശേഷം കാലുഷ്യമുള്ള ഇന്ത്യയില്‍ രൂപപ്പെട്ട തീവ്ര- ജഡിക രാഷ്ട്രീയത്തിന്ന് ബദലായി ആദര്‍ശ നിബദ്ധമായ ഒരു പുതിയ രാഷ്ട്രീയത്തെ ചിന്താപരമായി അവതരിപ്പിച്ചതാണ് സേട്ടുവിന്റെ ജീവിതത്തിന്റെ മഹത്വമെന്ന് അദ്ദേഹം പറഞ്ഞു.കലാപഭൂമികളിലും മതന്യൂനപക്ഷങ്ങളുടെ അവകാശ പോരാട്ടങ്ങളിലും അദ്ദേഹത്തിന്റെ മാതൃക എന്നും സ്മരണീയമാണ്.
ഇബ്‌റാഹീം സുലൈമാന്‍ സേട്ടിന്റെ വാക്കുകള്‍ക്ക് കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള അന്നത്തെ സര്‍ക്കാര്‍ ചെവികൊടുത്തിരുന്നെങ്കില്‍ ഇന്നത്തെ സംഘ്പരിവാറിന്റെ ഭീഷണിയെ ഭയപ്പെടേണ്ട സാഹചര്യം രാജ്യത്ത് ഉണ്ടാകുമായിരുന്നില്ലെന്ന് ആമുഖ പ്രസംഗത്തില്‍ ജോണ്‍ബ്രിട്ടാസ് എംപി പറഞ്ഞു.
ലളിത ജീവിതത്തിന് പൊതുജീവിതത്തില്‍ സേട്ടുവിനോട് ചേര്‍ത്തുപറയാന്‍ തുല്യമായ മറ്റൊരു വ്യക്തിത്വമില്ലെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. അക്രമിയായ രാജാവിന്റെ മുന്നില്‍ നിര്‍ഭയമായി സത്യം പറയാന്‍ സേട്ടുവിനോളം ആര്‍ജജവമുള്ള ഒരു രാഷ്ട്രീയ നേതാവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
സേട്ടുവിന്റെ പാതയിലൂടെ സഞ്ചരിച്ച് മാത്രമെ ന്യുനപക്ഷങ്ങളെ ശാക്തീകരിക്കാന്‍ ശരിയായ രാഷ്ട്രീയ സരണി പടുത്തുയര്‍ത്താന്‍ കഴിയൂ എന്ന് മുന്‍ കേന്ദ്രമന്ത്രിയും ജെഡിയു മുന്‍ പ്രസിഡന്റുമായ സിഎം ഇബ്‌റാഹീം പറഞ്ഞു.
തന്നെ മുസ്ലിംലീഗ് രാഷ്ട്രീയത്തിലേക്ക് ആകൃഷ്ടനാക്കിയത് സിഎച്ചിന്റെയും, ഇബ്‌റാഹീം സുലൈമാന്‍ സേട്ടുവിന്റെയും നിഷ്‌കളങ്കമായ പോരാട്ടവീര്യമായിരുന്നുവെന്ന് ഡോ.കെ ടി ജലീല്‍ എംഎല്‍എ പറഞ്ഞു. സേട്ടുവിന്റെ വിയോഗ ശേഷം അനാഥമായ രാഷ്ട്രീയാവസ്ഥയിലാണ് ഇന്ത്യയിലെ മത ന്യുനപക്ഷങ്ങളെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
ഐ എന്‍എല്‍ ദേശീയ ജനറല്‍സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സിറാജ് ഇബ്‌റാഹീം, കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ്സ് സെക്രട്ടറി ടിഎം ഷാഹിദ്, മുസ്ലിം പേഴ്‌സണല്‍ ബോര്‍ഡ് അംഗം അബു കാസിം, കര്‍ണാടക വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഷാഫി സഅദി, നാഷണല്‍ വിമണ്‍സ് ലീഗ് ദേശീയ അധ്യക്ഷ തസ്‌നീം ഇബ്‌റാഹിം, ഐഎന്‍എല്‍ ദേശീയ നേതാക്കളായ ഡോ മുനീര്‍ഷരീഫ്, അഡ്വ ഇഖ്ബാല്‍ സഫര്‍, സമീറുല്‍ ഹസ്സന്‍, എച്ച്പി ഷക്കീല്‍ അഹമ്മദ്, മുസമ്മില്‍ ഹുസൈന്‍, കാസിം ഇരിക്കൂര്‍, ബി.ഹംസഹാജി, മൊയ്തീന്‍കുഞ്ഞി കളനാട്,എംഎ ലത്തീഫ്, സിപി അന്‍വര്‍ സാദത്ത്, ഐന്‍എല്‍ സംസ്ഥാന ഭാരവാഹികളായ അഷ്‌റഫ്അലി വല്ലപ്പുഴ, ഒ.ഒ ഷംസു, സിഎച്ച് ഹമീദ് മാസ്റ്റര്‍, ഐഎംസിസി കര്‍ണാടക നേതാക്കളായ ശോഭ അബൂബക്കര്‍ ഹാജി, ടിസി സാലിഹ്, സമീര്‍ മമ്മൂട്ടി,എംകെ നസീര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഉദ്യാനനഗരി; സേട്ടിന്റെ അമര സ്മരണയില്‍