എഡിറ്റോറിയല്‍
യാക്കോബായ സഭയുടെ അദ്ധ്യക്ഷന്‍ ശ്രേഷ്ഠ ബസേലിയാസ് തോമസ് പ്രഥമന്‍ കാത്തോലിക്ക ബാവ വിടവാങ്ങിയിരിക്കുന്നു. യാക്കോബായ സഭക്ക് മാത്രമല്ല സമൂഹത്തിനാകെ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. സമൂഹത്തിലെ പ്രയാസപ്പെടുന്ന മനുഷ്യരെ ചേര്‍ത്ത് പിടിച്ച വലിയ ഒരു മനുഷ്യ സ്‌നേഹിയായിരുന്നു അദ്ദേഹം. ലളിത ജീവിതം നയിക്കുകയും, സഭാ വിശ്വാസികള്‍ക്കും സമൂഹത്തിനും മാതൃകയായി അദ്ദേഹം ജീവിച്ചു. മത സൗഹാര്‍ദ്ദം കാത്തോലിക്ക സഭകള്‍ തമ്മിലുള്ള ഐക്യം എന്നിവയ്ക്കായി അദ്ദേഹം പ്രവര്‍ത്തിച്ചു. യാക്കോബായ സഭ നേരിട്ട പ്രതിസന്ധികളില്‍ അദ്ദേഹം ധീര നേതൃത്വം നല്‍കി. അതിന്റെ പേരില്‍ അറസ്റ്റും, ജയില്‍ വാസവും അനുഭവിക്കേണ്ടി വന്നു. അറുനൂറോളം കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടു.
എളിയ നിലയിലാണ് അദ്ദേഹം സഭാ ജീവിതത്തിന് തുടക്കമിട്ടത്. ആ മനോഭാവത്തോടെ അവസാന നാളുകള്‍വരെ അദ്ദേഹം ജീവിച്ചു. പ്രയാസപ്പെടുന്ന ഒട്ടനവധി ജീവിതങ്ങളെ തിരിച്ചു പിടിക്കുന്ന വഴിവിളക്കായി അദ്ദേഹം പ്രശോഭിച്ചു. ശ്രേഷ്ഠ ബാവ എന്ന പദിവിയിലിരുന്ന രണ്ട് പതിറ്റാണ്ടിലേറെക്കാലമാണ് അദ്ദേഹം യാക്കോബായ സഭയെ നയിച്ചത്. നിരവധി പള്ളികളും, യാക്കോബായ സഭയ്ക്ക് പുത്തന്‍ കുരുശില്‍ ആസ്ഥാനം പണിയാനും, ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആശുപത്രികളും സ്ഥാപിക്കാനും ആ കര്‍മ്മ ജീവിതത്തിന് സാധിച്ചു. സമൂഹത്തിലെ ഉന്നത വിയക്തികള്‍ തൊട്ട് ഏറ്റവും താഴെയുള്ള എല്ലാ വിഭാഗം ജനങ്ങളെയും അദ്ദേഹം ചേര്‍ത്തുപിടിച്ചു. പരിചയപ്പെടുന്ന വ്യക്തികള്‍ക്ക് മറക്കാനാവാത്ത ഓര്‍മ്മകളായി അദ്ദേഹത്തിന്റെ സ്‌നേഹ വായ്പ് മാറി. വാക്കും, പ്രവൃത്തിയും ഒന്നാവണമെന്ന നിഷ്‌ക്കര്‍ഷ അദ്ദേഹത്തിനുണ്ടായി. തന്റെ കര്‍മ്മ മേഖലയില്‍ ചെയ്യാന്‍ സാധിക്കുന്ന എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കിയാണ് അദ്ദേഹം വിടവാങ്ങുന്നത്. പ്രായാധിക്യത്തെ തുടര്‍ന്ന് 2019 ഏപ്രില്‍ 27ന് മെത്രാപ്പൊലീത്ത ട്രസ്റ്റി സ്ഥാനം ഒഴിഞ്ഞിരുന്നു. ശ്രേഷ്ഠ ബാവായുടെ വിയോഗത്തില്‍ പീപ്പിള്‍സ്‌റിവ്യൂവിന്റെ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.